വിവരണം

Hemanth Pangappara എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും 2019 നവംബർ 23 മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്. നിപ്പ വൈറസ് കേരളത്തിൽ സ്ഥിരീകരിച്ചു എന്ന വാർത്തയാണ് പോസ്റ്റിലുള്ളത്. വാർത്ത ഇങ്ങനെ : "ഇപ്പോൾ കിട്ടിയ വാർത്ത mundakayam gvnmt hospital നിപ്പോ വയറ്‌സ് രണ്ടു പേർക്ക് സ്ഥിതീകരിച്ചു മാക്സിമം ഷെയർ ചെയ്യു

⚠ALERT⚠

നിപ വൈറസ് പടർന്നത് ബ്രോയിലർ കോഴികളിൽ നിന്നെന്ന് സൂചന.

വൈറസ് വവ്വാലുകളിൽ കണ്ടത്താനായില്ലെന്നും എന്നാൽ kotayam നിന്നും എത്തിച്ച ബ്രോയിലർ കോഴികളിൽ കണ്ടത്തിയെന്നും Pune National Institute of Virology ഡയറക്ടർ Dr. Anant Basu അറിയിച്ചു.

കൂടുതൽ പഠനങ്ങൾ തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

🚫ഇറച്ചി കോഴികളുടെ ഉപയോഗം താൽകാലികമായി നിർത്തി വെക്കുക.

Share ചെയ്യൂ

ജീവൻ രക്ഷിക്കൂ🚫

Times of Indiaയുടെ ഇത് സംബന്ധിച്ച വാർത്ത താഴെ

👇👇👇👇👇

🐔 *ജാഗ്രത*

കോഴിയിൽ നിപ്പ വൈറസ് അണുബാധ

സ്ഥിതീകർിച്ചു

കോഴി ഇറച്ചി കഴിക്കുന്നത് തത്കാലം നിർത്തി വെയ്ക്കാൻ ഡോക്ടർമാരുടെ നിർദ്ദേശം

..........important

Share immidiately" ഒപ്പം നിപ്പ വൈറസ് സ്ഥിരീകരിച്ച കോഴിയുടെ ചിത്രം എന്ന മട്ടിൽ ഒരു ചിത്രവും നൽകിയിട്ടുണ്ട്.

archived linkfacebook post

മുണ്ടക്കയത്തെ ഹോസ്പിറ്റലിൽ നിപ്പ സ്ഥിരീകരിച്ചു എന്നാണ് വാർത്തയിലൂടെ അറിയിക്കുന്നത്.

കേരളത്തിൽ മാത്രമല്ല, ഇന്ത്യ മുഴുവൻ ഭീതി പരത്തിയ നിപ്പ പനി വീണ്ടും കേരളത്തിൽ വന്നോ...? കഴിഞ്ഞ തവണ നിപ്പ വൈറസ് ഏതാനും പേരുടെ മരണ കാരണമായി മാറിയിരുന്നു. തുടർന്ന് കേരളത്തിലെ ആരോഗ്യ വകുപ്പിന്‍റെ ശക്തവും സമയോചിതവുമായ ഇടപെടൽ മൂലം പൂർണ്ണമായുള്ള വൈറസ് നിർമ്മാർജനം കേരളത്തിൽ സാധ്യമായിരുന്നു. പൂർണ്ണമായും വൈറസ് കേരളത്തിൽ നിന്ന് തുടച്ചു നീക്കാൻ സാധിച്ചു. ഈ വൈറസ് വീണ്ടും മുണ്ടക്കയത്ത് സ്ഥിരീകരിച്ചു എന്നാണ് പോസ്റ്റ് അവകാശപ്പെടുന്നത്. ഇറച്ചിക്കോഴികളിൽ നിന്നാണ് വൈറസ് പടർന്നത് എന്നാണ് പോസ്റ്റിലെ മറ്റൊരു അവകാശവാദം. നമുക്ക് വാർത്തയുടെ വസ്തുത അറിയാൻ ശ്രമിക്കാം

വസ്തുതാ വിശകലനം

ഞങ്ങൾ ഈ വാർത്തയുടെ കീ വേർഡ്‌സ് ഉപയോഗിച്ച് ഫേസ്‌ബുക്കിൽ തിരഞ്ഞപ്പോൾ ഇതേ വാർത്ത പ്രസിദ്ധീകരിച്ച ചില പോസ്റ്റുകൾ കണ്ടു.

2018 മെയ് മുതൽ പ്രസിദ്ധീകരിക്കപ്പെട്ട ചില പോസ്റ്റുകൾ നോക്കിയാൽ ഈ വാർത്ത ഓരോരോ രീതിയിൽ എഡിറ്റ് ചെയ്ത് വിവിധ കാലങ്ങളായി പ്രചരിപ്പിക്കുന്നതാണ് എന്നു നമുക്ക് എളുപ്പം മനസ്സിലാകും. മുണ്ടക്കയം ഗവൺമെന്‍റ് ആശുപത്രി കൂടാതെ കോട്ടയം മെഡിക്കൽ കോളേജ് എന്ന പേരിലും ഇതേ വാർത്ത പ്രചരിപ്പിക്കുന്നുണ്ട്.

ഞങ്ങൾ വാർത്തയുടെ സ്ഥിരീകരണത്തിനായി മുണ്ടക്കയം ഗവണ്മെന്‍റ് ആശുപത്രിയുമായി ബന്ധപ്പെട്ടപ്പോൾ അവിടെ ആശുപത്രി സൂപ്രണ്ടില്‍ നിന്ന് ലഭിച്ച പ്രതികരണം ഇങ്ങനെയായിരുന്നു.

“ഇത് വ്യാജ പ്രചരണമാണ്. ഇവിടെ ഇങ്ങനെ നിപ്പ കണ്ടെത്തിയിട്ടില്ല. മാത്രമല്ല, ഇവിടെ നിപ്പ കണ്ടെത്താനുള്ള സംവിധാനവുമില്ല. അത് വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നല്ലേ പറയേണ്ടത്. ഈ വാര്‍ത്ത ഞങ്ങളും കേട്ടിരുന്നു. ആരോഗ്യ വകുപ്പിനെ കാര്യം അറിയിച്ചിട്ടുണ്ട്. തുടര്‍ണപടികള്‍ അവിടെ നിന്നാണ് എടുക്കുക.”

തുടർന്ന് കൂടുതൽ വ്യക്തതയ്ക്കായി ഞങ്ങൾ ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജയുടെ ഓഫീസുമായി ബന്ധപ്പെട്ടു. അവിടെ നിന്നും ആരോഗ്യ വകുപ്പ് പിആർഒ ഡോ. ദീപു ഞങ്ങൾക്ക് നൽകിയ വിശദീകരണം ഇങ്ങനെയാണ്: ഈ വാർത്ത പൂർണ്ണമായും വ്യാജമാണ്. കഴിഞ്ഞ തവണ നിപ്പ വന്നു പോയതിനു ശേഷം മുതൽ ഇത് പല രീതിയിൽ പ്രചരിക്കുന്നുണ്ട്. ഇപ്പോൾ മൂന്നു നാല് ദിവസമായി വാട്ട്സ് ആപ്പിലും ഫേസ്ബുക്കിലും വ്യാപകമായി ഈ വ്യാജ വാർത്ത പ്രചരിക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇതിനെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി നിർദേശം നൽകിയിട്ടുണ്ട്. കോട്ടയത്ത് നിപ്പ കണ്ടെത്തി എന്നത് പൂർണ്ണമായും വ്യാജ വാർത്ത തന്നെയാണ്. കോട്ടയത്തെന്നല്ല, ഒരിടത്തും നിപ്പ കണ്ടെത്തിയിട്ടില്ല. ഈ വാർത്തയ്ക്ക് പിന്നിൽ വ്യക്തമായ എന്തെങ്കിലും ഉദ്ദേശങ്ങൾ ഉണ്ടാകാം."

പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. അനന്ത് ബസു ഇതരത്തില്‍ എന്തെങ്കിലും സന്ദേശം നല്‍കിയിരുന്നോ എന്നു അന്വേഷിച്ചപ്പോള്‍ അതും തെറ്റായ വാര്‍ത്തയാണെന്ന് കണ്ടെത്തിയ ചില മാധ്യമ വാര്ത്തകള്‍ ലഭിച്ചു. ഇതരത്തില്‍ സന്ദേശം പ്രചരിപ്പിച്ച മലയാളിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു എന്നാണ് വാര്‍ത്തയിലെ വിവരം. വാര്‍ത്ത പ്രസിദ്ധീകരിച്ചിട്ടുള്ളത് 2018 മേയ്മാസത്തിലാണ്. വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ടുകള്‍ താഴെ കൊടുക്കുന്നു

archived linkmalayalam.samayam
archived linkdailyhunt

കേരളത്തില്‍ ഇറച്ചിക്കോഴികളില്‍ നിന്ന് നിപ്പ പടര്‍ന്നതായി ഇതുവരെ സ്ഥരീകരണമില്ല. കേരളത്തില്‍ നിപ്പ വൈറസ് പടര്‍ത്തിയത് വവ്വാലുകളാണെന്ന് കണ്ടെത്തിയിരുന്നു.

പോസ്റ്റിലെ ചിത്രം ഞങ്ങള്‍ റിവേര്‍സ് ഇമേജ് പരിശോധന നടത്തി നോക്കിയെങ്കിലും ഫലങ്ങളൊന്നും ലഭ്യമായില്ല. നിപ്പ അല്ലാതെ മറ്റെന്തെങ്കിലും രോഗം ബാധിച്ച കോഴിയുടെ ചിത്രമാകാം ഇത്. കോഴിയിലൂടെ നിപ്പ പകര്‍ന്നതായി ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമില്ല. ഇത്തരത്തില്‍ വരുന്നതെല്ലാം വ്യാജ വാര്‍ത്തകളാണ്.

പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത പൂർണ്ണമായും തെറ്റാണ് എന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

നിഗമനം

ഈ പോസ്റ്റിൽ നൽകിയിരിക്കുന്നത് പൂർണ്ണമായും തെറ്റായ വാർത്തയാണ്. ഈ അടുത്ത കാലത്ത് കേരളത്തിൽ ഒരിടത്തും നിപ്പ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് പിആർഒ ഞങ്ങളെ അറിയിച്ചിട്ടുണ്ട്. അതിനാൽ തെറ്റായ വാർത്ത പ്രചരിപ്പിക്കുന്ന ഈ പോസ്റ്റ് ഷെയർ ചെയ്യരുതെന്ന് മാന്യ വായനക്കാരോട് അഭ്യർത്ഥിക്കുന്നു

Avatar

Title:മുണ്ടക്കയത്ത് നിപ്പ വൈറസ് സ്ഥിരീകരിച്ചോ...?

Fact Check By: Vasuki S

Result: False