
വൈറ്റ് ഹാറ്റ് ഹാക്കർമാർ തങ്ങളുടെ നിഗൂഢമായ ഹാക്കിംഗ് കഴിവുകള്‍ ഉപയോഗിച്ച് വന്‍കിട സോഫ്റ്റ് വെയര്‍ കമ്പനികളെ പ്രതിരോധത്തിലാക്കിയ ശേഷം ടെക് ഭീമന്മാരിൽ നിന്ന് ജോലി വാഗ്ദാനങ്ങൾ നേടുന്ന വാര്‍ത്തകള്‍ കേൾക്കാനും വായിക്കാനും രസകരമാണ്. പക്ഷേ, പലപ്പോഴും കേൾക്കുന്നതായിരിക്കില്ല കഥ. അത്തരത്തില്‍ ഒരു പ്രചരണം സാമൂഹ്യ മാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാകുന്നുണ്ട്.
പ്രചരണം
ലോകത്തിലെ ഏറ്റവും വലിയ സെർച്ച് എഞ്ചിൻ വെബ്‌സൈറ്റായ ഗൂഗിൾ നിമിഷങ്ങൾക്കുള്ളിൽ ഹാക്ക് ചെയ്ത ഋതു രാജ് എന്ന വിദ്യാര്‍ഥിയെ കുറിച്ചാണ് വാര്‍ത്ത. ഋതുവിന്‍റെ ചിത്രത്തോടൊപ്പമുള്ള വിവരണം ഇങ്ങനെയാണ്: “ഗൂഗിളിനെ ഹാക്ക് ചെയ്തു വിറപ്പിച്ചു ഒരു ബീഹാറി പയ്യൻ. അവസാനം ഗൂഗിൾ അവനെ ദത്തെടുത്തു.
ഇന്നലെ രാത്രി ഋതു രാജ് എന്ന മണിപ്പൂർ ഐഐടിയിലെ രണ്ടാം വർഷ ബിടെക് വിദ്യാർത്ഥി 01:05:09 മണിക്ക് ഗൂഗിളിനെ 51 സെക്കന്റ് ഹാക്ക് ചെയ്തു. ഈ സമയം ലോകം ഞെട്ടി, ഗൂഗിൾ അധികൃതർ കാര്യമറിയാതെ പരിഭ്രാന്തരായി.ഹാക്ക് ചെയ്തിട്ടു ഋതു രാജ് ഗൂഗിൾ അധികൃതർക്ക് ഗൂഗിളിന്റെ തെറ്റ് ചൂണ്ടിക്കാണിച്ചു ഒരു മെയിൽ സന്ദേശമയച്ചു,, ഞാൻ നിങ്ങളുടെ തെറ്റ് ഉപയോഗിച്ച് ഗൂഗിൾ ഹാക്ക് ചെയ്തിരിക്കുന്നു.അതിനു ശേഷം ഞാൻ ഹാക്കിങ്ങിൽ നിന്ന് ഗൂഗിളിനെ
മോചിപ്പിച്ചിട്ടുണ്ട്. അമേരിക്കയിൽ ഈ സന്ദേശം വായിച്ച ഗൂഗിൾ അധികൃതർ ഞെട്ടി . അവർ അടിയന്തിര യോഗം ചേർന്ന് കൂടിയാലോചിച്ചു. അവർ ഈ യുവാവ് വിവരിച്ച മാർഗ്ഗം ഒന്ന് പരീക്ഷിച്ചു. ഒരു സെക്കന്റ് ഗൂഗിൾ അവരും ഹാക്ക് ചെയ്തു. അവർക്ക് വസ്തുത ബോധ്യപ്പെട്ടു.
ഇന്ന് ഇന്ത്യൻ സമയം 12മണിക്ക് ഋതു രാജിനെ അഭിന്തിച്ചു ഗൂഗിളിൽ നിന്ന് ഒരു മെയിൽ വന്നു. ഒട്ടും താമസിച്ചില്ല വീണ്ടും ഗൂഗിളിൽ നിന്ന് വീണ്ടും ഒരു മെയിൽ, നിയമന ഉത്തരവും പ്രതിവർഷം 3.66 കോടി രൂപയുടെ ശമ്പള വാഗ്ദാനവും. അപ്പോൾ അയാൾ ഗൂഗിൾ അധികൃതരെ അറിയിച്ചു തനിക്ക് പാസ്സ് പോർട്ടില്ലെന്ന്. ഗൂഗിൾ അധികൃതർ ഇന്ത്യാ ഗവർമെന്റുമായി ബന്ധപ്പെട്ടു.2മണിക്കൂറിനുള്ളിൽ പാസ്സ്പോർട്ട് റെഡി. ഇന്ന്, ബീഹാറിലെ ബഹുസരായിയിലെ
മുൻഗഞ്ച് എന്ന കൊച്ചു ഗ്രാമത്തിൽ ജനിച്ച ഈ മിടുക്കൻ സ്വകാര്യ എയർ ലൈൻസിൽ അമേരിക്കയിലേക്ക് പറക്കും”

റിതുരാജ് ഗൂഗിൾ ഹാക്ക് ചെയ്തിട്ടില്ല. യഥാര്‍ത്ഥത്തില്‍ ഋതു ഗൂഗിള്‍ വെബ്‌സൈറ്റിൽ ഒരു സുരക്ഷാ ബഗ് കണ്ടെത്തുകയാണ് ഉണ്ടായത്. യു.എസില്‍ പോകുമെന്നും ഗൂഗിളിൽ ജോലിക്കു ചേരുമെന്നുമൊക്കെയുള്ളത് തെറ്റായ വാര്‍ത്തകളാണ്.
വസ്തുത ഇങ്ങനെ
കീവേഡുകൾ ഉപയോഗിച്ച്, ഇതിനെക്കുറിച്ചുള്ള വാർത്താ റിപ്പോർട്ടുകൾക്കായി ഞങ്ങൾ ഇന്‍റർനെറ്റിൽ തിരഞ്ഞപ്പോള്‍ ഫെബ്രുവരി 4 ന് ഡിഎൻഎ പ്രസിദ്ധീകരിച്ച ഒരു ലേഖനം ലഭിച്ചു.
ലേഖനത്തില്‍ അസാധാരണമായ ഒരു കഥയും പറഞ്ഞിട്ടില്ല, വെബ്‌സൈറ്റിലെ ഒരു പോരായ്മയെക്കുറിച്ച് അല്ലെങ്കില്‍ ബഗിനെക്കുറിച്ച് റിതുരാജ് ഗൂഗിളിനെ അറിയിച്ചു, ഈ ബഗ് ഹാക്കർമാരെ എളുപ്പത്തിൽ സഹായിക്കുന്ന തരത്തിലുള്ളത് ആയിരുന്നു.

ഫെബ്രുവരി 3 ന് ദൈനിക് ഭാസ്‌കറിൽ പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ട് അനുസരിച്ച്, ഗൂഗിൾ അവരുടെ പിഴവ് സമ്മതിക്കുകയും ഋതുവിന് ഒരു അക്‌നോളജ്‌മെന്‍റ് മെയിൽ അയയ്ക്കുകയും ചെയ്തു. തങ്ങളുടെ വെബ്‌സൈറ്റിൽ പിഴവുകൾ കണ്ടെത്തുന്നവർക്ക് ഗൂഗിൾ പ്രതിഫലം നൽകാറുണ്ടെന്നും റിപ്പോർട്ടിലുണ്ട്. നിലവിൽ ഋതുവിന്‍റെ കണ്ടെത്തലുകൾ രണ്ടാം ഘട്ടത്തിലാണ്. ഘട്ടം-0-ൽ എത്തുമ്പോൾ ഗൂഗിൾ അദ്ദേഹത്തിന് അവാർഡ് നൽകും. പല ഗവേഷകരും ഗൂഗിളിനുവേണ്ടി “ബഗ് ഹണ്ട് ” ചെയ്യുന്നുണ്ട്.
ഗൂഗിളിന്‍റെ ഗവേഷകരുടെ പട്ടികയിൽ ഋതുവിന്‍റെ പേര് നല്‍കിയിട്ടുണ്ട്. ദ ലാലൻടോപ്പ് എന്ന മാധ്യമം ഋതുവുമായി സംസാരിച്ചിരുന്നു. ഗൂഗിളിൽ 3.66 കോടി രൂപയുടെ ജോലി ലഭിച്ച് യുഎസിലേക്ക് പറക്കുമെന്ന പ്രചരണങ്ങള്‍ ഋതു തള്ളിക്കളഞ്ഞു. ഹിന്ദിയിലുള്ള ലേഖനത്തില്‍ നിന്നുള്ള ഇംഗ്ലിഷ് പരിഭാഷയാണ് താഴെയുള്ള ചിത്രത്തിലുള്ളത്.

ഋതു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി മണിപ്പൂരിലെ (IIIT-മണിപ്പൂർ) വിദ്യാർത്ഥിയാണ്. കൂടാതെ, ഗൂഗിള്‍ ഹാക്ക് ചെയ്തിരുന്നു എന്നും പ്രതിഫലമായി ഗൂഗിൾ ജോലി നൽകിയെന്നും പ്രചരിക്കുന്ന വാർത്ത തെറ്റാണെന്ന് ലിങ്ക്ഡ് ഇന്‍ വെബ്സൈറ്റിൽ സന്ദേശമായി ഋതു നൽകിയിട്ടുണ്ട്.

ഗൂഗിളിനെ ഋതുരാജ് എന്ന് എന്ന പയ്യൻ ഹാക്ക് ചെയ്തുവെന്നും അവന്‍റെ മിനുക്കിനെ പ്രശംസിച്ച് ഗൂഗിൾ ഗൂഗിൾ ജോലി നൽകിയെന്നുമുള്ള പ്രചരണം പൂർണമായും തെറ്റാണ്. ഗൂഗിളിൽ കടന്നുകൂടിയ ഒരു ബഗ് ഋതു കണ്ടുപിടിക്കുകയും അതിനെ പ്രശംസിച്ചുകൊണ്ട് ഗൂഗിളിൽ നിന്ന് ഒരു മെയിൽ ലഭിക്കുകയും മാത്രമാണ് ഉണ്ടായിട്ടുള്ളത്.
നിഗമനം
പോസ്റ്റിലെ പ്രചരണം തെറ്റാണ്. ഋതുരാജ് എന്ന പയ്യൻ ഗൂഗിളിനെ ഹാക്ക് ചെയ്തിട്ടില്ല. അവന്‍റെ മിടുക്കിനെ പ്രശംസിച്ചുകൊണ്ട് ഗൂഗിൾ ജോലി നൽകിയിട്ടുമില്ല. ഹാക്കർമാർക്ക് തങ്ങളുടെ ജോലി എളുപ്പമാക്കുന്ന തരത്തിലുള്ള ഒരു ബഗ് ഋതുരാജ് കണ്ടെത്തിയിരുന്നു ഇക്കാര്യം ഗൂഗിളിന് ശ്രദ്ധയിൽപെടുത്തിയപ്പോൾ പ്രശംസിച്ചുകൊണ്ട് ഒരു മെയിൽ ഋതുരാജിന് ഗൂഗിളിൽ നിന്ന് ലഭിച്ചു. ഇതാണ് യഥാർത്ഥ വസ്തുത.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Title:ഋതുരാജ് ഗൂഗിള്‍ വെബ്സൈറ്റ് ഹാക്ക് ചെയ്തിട്ടില്ല… സത്യമിതാണ്…
Fact Check By: Vasuki SResult: False
