
Image Credit: Amar Ujala
ഉത്തര്‍പ്രദേശില്‍ 34 മുസ്ലിം കുടുംബങ്ങള്‍ ഹിന്ദു മതം സ്വീകരിച്ചു എന്ന് വാദിച്ച് ഒരു ചിത്രം സാമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ചിത്രത്തിന്‍റെ സത്യാവസ്ഥ ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ ചിത്രം പഴയതാണ് കുടാതെ ഇങ്ങനെ യാതൊരു സംഭവം ഉത്തര്‍പ്രദേശില്‍ ഈയിടെ നടന്നിട്ടില്ല എന്ന് ഞങ്ങള്‍ കണ്ടെത്തി. എന്താണ് യാഥാര്‍ത്ഥ്യം നമുക്ക് നോക്കാം.
പ്രചരണം

മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒരു ഹിന്ദു സന്യാസി മുസ്ലിങ്ങളുടെ ഇടയില്‍ നിന്ന് അവരോടൊപ്പം എന്തോ മുദ്രാവാക്യം വിളിക്കുന്നതായി കാണാം. ചിത്രത്തിനെ കുറിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ വാദിക്കുന്നത് ഇങ്ങനെയാണ്:
“Up യിൽ 34 മുസ്ലിം കുടുംബങ്ങൾ സനാതന ധർമ്മം സ്വീകരിച്ചു”
ഈ വാദത്തിനെ കുറിച്ച് കൂടുതല്‍ അന്വേഷിച്ചപ്പോള്‍ ഹിന്ദിയിലും പല നവമാധ്യമങ്ങളില്‍ ഈ വാദം കണ്ടെത്തി. ഇത്തരത്തില്‍ ചില പോസ്റ്റുകള്‍ നമുക്ക് താഴെ കാണാം
#वसीम_रिजवी के #सनातन धर्म में वापसी
— पुष्पा🍁 (@Real_Pushpa) December 13, 2021
के बाद मुस्लिमों का डर कुछ हद तक खुल रहा है, और वो स्वेच्छा से घर वापसी कर रहे है।#यूपी में 34 #मुस्लिम परिवारों की सनातन #हिन्दू धर्म में वापसी……।।@Real_Pushpa#जय_श्रीराम 🛕🏹🚩‼️ pic.twitter.com/EvNbs5pUDE
മുകളില്‍ നല്‍കിയ ട്വീറ്റിലും നമുക്ക് മലയാളത്തില്‍ പറയുന്ന പോലെ തന്നെ ഈ ചിത്രം 34 മുസ്ലിം കുടുംബങ്ങളെ ഹിന്ദു മതത്തിലേക്ക് തിരിച്ച് സ്വീകരിക്കുന്നത്തിന്‍റെ ചിത്രമാണിത് എന്ന തരത്തിലാണ് പ്രചരിപ്പിക്കുന്നത്. താഴെ നല്‍കിയ ഹിന്ദി പോസ്റ്റില്‍ കുറിച്ച് കൂടി വിവരങ്ങള്‍ നല്‍കിയിട്ടുണ്ട്. പോസ്റ്റില്‍ കാണുന്ന സന്യാസിയുടെ പേര് നവല്‍ ഗിരി മഹാരാജ് എന്നാണ്. ഇദ്ദേഹം മഥുരയിലെ വൃന്ദാവനത്തിലാണ് താമസിക്കുന്നത്. ഇദ്ദേഹത്തിന്‍റെ നേതൃത്വത്തിലാണ് ഈ മതപരിവര്‍ത്തനം നടന്നത് എന്ന് പോസ്റ്റില്‍ വാദിക്കുന്നു. ഈയിടെ മുന്‍ ഷിയാ കേന്ദ്ര വഖഫ് ബോര്‍ഡ് അധ്യക്ഷന്‍ വസിം റിസ്‌വി ഹിന്ദു മതം സ്വീകരിച്ചതിന് ശേഷമാണ് ഈ കുടുംബങ്ങള്‍ക്കും ധൈര്യം വന്നത് എന്നും പോസ്റ്റില്‍ പറയുന്നു.

ഇനി ഈ സംഭവത്തിന്‍റെ യഥാര്‍ത്ഥ്യം എന്താണെന്ന് നമുക്ക് നോക്കാം.
വസ്തുത അന്വേഷണം
പോസ്റ്റില്‍ നല്‍കിയ ചിത്രത്തിന്‍റെ ഗൂഗിള്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് അമര്‍ ഉജാല ഈ ചിത്രം 2016ല്‍ പ്രസിദ്ധികരിച്ചിരുന്നു എന്ന് മനസിലായി. അമര്‍ ഉജാല 2016ല്‍ നവല്‍ ഗിരി മഹാരാജിനെ കുറിച്ച് പ്രസിദ്ധികരിച്ച ഈ വാര്‍ത്തയില്‍ നമുക്ക് വൈറല്‍ ആവുന്ന ചിത്രം കാണാം.

ലേഖനം വായിക്കാന്‍-Amar Ujala | Archived Link
വാര്‍ത്ത അനുസരിച്ച് 2016ല്‍ ജമ്മു കാശ്മീരിലെ ഉറിയില്‍ ഇന്ത്യന്‍ സൈനികര്‍ക്ക് നേരെ ഉണ്ടായ ഭീകരാക്രമണത്തിനെ പ്രതിഷേധിച്ച് വൃന്ദാവനത്തിലെ ഹിന്ദുകളും മുസ്ലിംകളും പാകിസ്ഥാനിനെതിരെ മുദ്രാവാക്യങ്ങള്‍ വിളിച്ചിരുന്നു. ഈ പരിപാടിക്ക് നേതൃത്വം കൊടുത്തവരില്‍ നവല്‍ ഗിരി മഹാരാജുമുണ്ടായിരുന്നു. “ഹിന്ദുക്കളും മുസ്ലിംകളും ഒരുമിച്ചാണ് ദീപാവലിയും നബി പെരുനാളും വൃന്ദാവനത്തില്‍ ആഘോഷിക്കുന്നത്. അതെ പോലെ ശത്രുക്കളെയും ഞങ്ങള്‍ ഒരുമിച്ച് നേരിടും.” എന്ന് നവല്‍ ഗിരി മഹാരാജിന്‍റെ പ്രസ്താവന അമര്‍ ഉജാല റിപ്പോര്‍ട്ട് ചെയ്യുന്നു.
കൂടുതല്‍ വ്യക്തതക്ക് വേണ്ടി ഞങ്ങള്‍ നവല്‍ ഗിരി മഹാരാജുമായി ബന്ധപെട്ടു. ഈ പ്രചാരണത്തിനെ കുറിച്ച് അദ്ദേഹത്തിനോട് ചോദിച്ചപ്പോള്‍ അദ്ദേഹം പ്രതികരിച്ചത് ഇങ്ങനെയാണ്: “ഈ ചിത്രം 5 കൊല്ലം പഴയതാണ്. ഉറിയില്‍ നമ്മുടെ സൈനികര്‍ക്കുനേരെയുണ്ടായ ഭീകരാക്രമണത്തിനെ പ്രതിഷേധിച്ച് ഞങ്ങള്‍ ‘ഭാരത് മാതാ കി ജയ്’, ‘പാക്കിസ്ഥാന്‍ മുര്‍ദാബാദ്’ എന്നി മുദ്രാവാക്യങ്ങള്‍ വിളിച്ചിരുന്നു. ഞാന്‍ ഇങ്ങനെ ആരുടെയും മതപരിവര്‍ത്തനം നടത്തിയിട്ടില്ല. ഇത് തികച്ചും വ്യാജ പ്രചരണമാണ്. ”
നിഗമനം
ഹിന്ദു സന്യാസിയും മുസ്ലിങ്ങളും ഒരുമിച്ച് മുദ്രാവാക്യങ്ങള്‍ വിളിക്കുന്ന ചിത്രത്തിനോടൊപ്പം 34 മുസ്ലിം കുടുംബങ്ങളെ ഹിന്ദു മതം സ്വീകരിച്ചു എന്ന പ്രചരണം വ്യാജമാണ് എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു. ഫോട്ടോയില്‍ കാണുന്നത് വൃന്ദാവനത്തിലെ നവല്‍ ഗിരി മഹാരാജ് എന്ന സന്യാസിയാണ്, 2016ല്‍ അദ്ദേഹം ഉറിയില്‍ ഇന്ത്യന്‍ സൈനികര്‍ക്കെതിരെ നടന്ന ഭീകരാക്രമണത്തിനെതിരെ നടന്ന ഒരു പ്രതിഷേധത്തില്‍ പങ്കെടുത്തപ്പോള്‍ എടുത്ത ചിത്രമാണിത്. അദ്ദേഹം മതപരിവര്‍ത്തനം നടത്തിയിട്ടില്ല.

Title:യു.പിയില്‍ 34 മുസ്ലിം കുടുംബങ്ങള്‍ ഹിന്ദു മതം സ്വീകരിച്ചു എന്ന പ്രചരണത്തിന്‍റെ സത്യാവസ്ഥ ഇങ്ങനെ…
Fact Check By: Mukundan KResult: False
