ക്രിസ്തുമസ് കാലം ഇങ്ങെത്തിക്കഴിഞ്ഞു. കോവിഡ് മഹാമാരിക്ക് ഇടയിൽ ആഘോഷങ്ങൾക്ക് മുൻവർഷങ്ങളിലെ പോലെ നിറപ്പകിട്ട് ഉണ്ടാവില്ലെങ്കിലും നാടെങ്ങും ക്രിസ്തുമസിനെ വരവേൽക്കാൻ ഒരുങ്ങിക്കഴിഞ്ഞു. ക്രിസ്തുമസ് ആഘോഷത്തിന്‍റെ പ്രധാന ആകർഷണമായ കരോൾ നടത്തണമെങ്കിൽ പോലീസിന്‍റെ അനുവാദം വേണമെന്ന വാർത്ത സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

പ്രചരണം

ക്രിസ്മസ് കരോളിന്‌ ഇറങ്ങുന്നവർ നിർബന്ധമായി പോലീസിന്റെ അനുമതി വാങ്ങിയിരിക്കണം എന്ന വാര്‍ത്തയാണ് നല്‍കിയിരിക്കുന്നത്. പോസ്റ്റില്‍ വാര്‍ത്ത നല്‍കിയ ഓണ്‍ലൈന്‍ മാധ്യമത്തിന്‍റെ ലിങ്ക് ചേര്‍ത്തിട്ടുണ്ട്. അതിലെ ഉള്ളടക്കം ഇത് തന്നെയാണ്.

archived linkFB post

എന്നാൽ ഞങ്ങൾ പ്രചരണത്തെ കുറിച്ച് അന്വേഷിച്ചപ്പോൾ ഇത് പൂർണമായും തെറ്റായ പ്രചരണമാണെന്ന് വ്യക്തമായി. പോലീസ് ഇത്തരത്തിൽ യാതൊരു മുന്നറിയിപ്പും നൽകിയിട്ടില്ല.

പത്തനംതിട്ട മീഡിയ എന്ന ഓൺലൈൻ മാധ്യമം പ്രസിദ്ധീകരിച്ച വാർത്തയുടെ സ്ക്രീൻഷോട്ടുകൾ ആണ് പലരും ഫേസ്ബുക്കിൽ പ്രചരിപ്പിക്കുന്നത്.

വസ്തുത ഇങ്ങനെ

ഞങ്ങൾ ഈ വാർത്ത പ്രമുഖ മാധ്യമങ്ങളുടെ വെബ്സൈറ്റുകളിൽ അന്വേഷിച്ചെങ്കിലും ഇത്തരത്തിലൊരു വാർത്ത ആരും നൽകിയിട്ടുള്ളതായി കാണാൻ കഴിഞ്ഞില്ല. തുടർന്ന് ഞങ്ങൾ സംസ്ഥാന പോലീസ് ആസ്ഥാനവുമായി ബന്ധപ്പെട്ടു. അവിടെനിന്നും പോലീസ് മീഡിയ സെൽ ഡെപ്യൂട്ടി ഡയറക്ടർ പി വി പ്രമോദ് കുമാർ ഞങ്ങളെ അറിയിച്ചത് ഇങ്ങനെയാണ്. “ഇത്തരത്തിൽ ഒരു നിർദേശം സംസ്ഥാന പോലീസ് ആസ്ഥാനത്തു നിന്നും നൽകിയിട്ടില്ല. ഇനി ജില്ലാ തലത്തിൽ ഇത്തരത്തിലൊരു നിർദ്ദേശം നൽകിയിട്ടുണ്ടോ എന്ന് അറിയില്ല. പത്തനംതിട്ടയിൽനിന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോ എന്നറിയാന്‍ അവിടുത്തെ പോലീസ് നേതൃത്വവുമായി ബന്ധപ്പെട്ടാല്‍ മതി, വ്യക്തത ലഭിക്കും.” ഇതനുസരിച്ച് ഞങ്ങൾ പത്തനംതിട്ട സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി ആര്‍. സുധാകരന്‍ പിള്ളയുമായി സംസാരിച്ചു. അദ്ദേഹം നൽകിയ മറുപടി ഇങ്ങനെയാണ്: “പത്തനംതിട്ടയിൽ പോലീസ് ഇത്തരത്തിൽ ഒരു നിർദേശം ആർക്കും നൽകിയിട്ടില്ല. പോലീസിന്‍റെ പേരിൽ വ്യാജ പ്രചരണം നടത്തുകയാണ്.”

പോസ്റ്റിലെ പ്രചാരണം തെറ്റാണെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്

നിഗമനം

ക്രിസ്തുമസ് കരോളിന്‌ ഇറങ്ങുന്നവർ നിർബന്ധമായി പോലീസിന്‍റെ അനുമതി വാങ്ങിയിരിക്കണം എന്നത് തെറ്റായ പ്രചരണമാണ്. കേരള പോലീസ് അധികൃതര്‍ ഇത്തരത്തിലൊരു നിർദ്ദേശം നൽകിയിട്ടില്ല എന്ന് വ്യക്തമാക്കിയിട്ടുണ്ട്.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:ക്രിസ്മസ് കരോളിന്‌ ഇറങ്ങുന്നവർ നിർബന്ധമായി പോലീസിന്‍റെ അനുമതി വാങ്ങിയിരിക്കണം എന്ന് തെറ്റായ പ്രചരണം...

Fact Check By: Vasuki S

Result: False