ബ്രട്ടാണിയ കമ്പനി ബിസ്ക്കറ്റ് നിര്‍മ്മിക്കുന്നതിന് ഇറച്ചി മാലിന്യം ഉപയോഗിക്കുന്നു എന്ന പ്രചരണത്തിന് പിന്നിലെ വസ്‌തുത ഇതാണ്..

സാമൂഹികം

വിവരണം

വാട്‌സാപ്പിലെ ഒരു ഓഡിയോ സന്ദേശം ലഭിച്ചപ്പോള്‍ മുതല്‍ വലിയ ആശങ്കയിലാണ് മലയാളികള്‍. കുട്ടികളും മുതിര്‍ന്നവരും എല്ലാം വാങ്ങുന്ന ബ്രിട്ടാണിയ കമ്പനിയുടെ ബിസ്കറ്റ് നിര്‍മ്മാണത്തെ കുറിച്ചുള്ള ഒരു ഓഡിയോയാണ് ആശങ്കയ്ക്ക് കാരണം. ഒരു ട്രക്ക് ‍ഡ്രൈവര്‍ എന്ന് പരിചയപ്പെടുത്തുന്ന യുവാവ് കോഴിക്കോട് ജില്ലയിലെ താമരശേരിയിലെ ഒരു കമ്പനിയില്‍ ഓട്ടത്തിന് പോവുന്നതിനെ കുറിച്ച് പറയുന്ന 4.34 മിനിറ്റുകള്‍  ദൈര്‍ഘ്യമുള്ള ഓഡിയോയാണ് വാട്‌സാപ്പില്‍ വൈറലായി പ്രചരിക്കുന്നത്. യുവാവിന്‍റെ വിശദീകരണം ഇപ്രകാരമാണ്-

താമരശേരിയില്‍ നിന്നും 10 കിലോമീറ്റര്‍ പോകുമ്പോള്‍ വിജനമായ സ്ഥലത്ത് പ്രവര്‍ത്തിക്കുന്ന ഫാക്‌ടറിയിലാണ് താന്‍ വാഹനവുമായി ചെന്നെത്തിയത്. രാസവസ്തുക്കളുടെ ദുര്‍ഗന്ധവും ചോരപുരണ്ട വാഹനങ്ങളുമാണ് അവിടെ കാണാന്‍  സാധിച്ചത്. കോഴിയുടെയും മറ്റ് ഇറച്ചിയുടെയും എല്ലാ വേസ്റ്റ് ഒരു യന്ത്രത്തില്‍ കയറ്റി വൃത്തിയാക്കി അരച്ചെടുക്കുന്ന യൂണിറ്റാണിതെന്ന് മനസിലാക്കാന്‍ സാധിച്ചു. എന്നാല്‍ ഈ ഇറച്ചി വേസ്റ്റ് പോവുന്നത് ബ്രിട്ടാണിയ കമ്പനിയുടെ ബിസ്ക്കറ്റ് നിര്‍മ്മാണത്തിന് വേണ്ടിയാണെന്ന് വൈകിയാണ് തിരിച്ചറിഞ്ഞത്. നമ്മുടെ വീട്ടിലെ കുട്ടികള്‍ക്ക് ഉള്‍പ്പടെ വാങ്ങിക്കൊടുക്കുന്ന ബിസ്ക്കറ്റില്‍ രുചി കൂട്ടാന്‍ വേണ്ടി ഇറച്ചി മാലിന്യമാണ് ഉപയോഗിക്കുന്നതെന്നും ഇനി ആരും ഒരു ബിസ്ക്കറ്റും വാങ്ങി ഉപയോഗിക്കരുതെന്നും തന്‍റെ ഓഡിയോ സന്ദേശം പരമാവധി ഷെയര്‍ ചെയ്യണമെന്നും യുവാവ് വാട്‌സാപ്പ് ഓഡിയോ സന്ദേശത്തില്‍ പറയുന്നു. ഓഡിയോയുടെ ഒപ്പം ഇറച്ചി യൂണിറ്റിന്‍റെ രണ്ട് ചിത്രങ്ങളും സന്ദേശത്തില്‍ ഷെയര്‍ ചെയ്യുന്നുണ്ട്.

വാട്‌സാപ്പ് സന്ദേശത്തിന്‍റെ സ്ക്രീന്‍ഷോട്ട്-

പ്രചരിക്കുന്ന ഓഡിയോ സന്ദേശം-

WhatsApp Video 2020-07-15 at 54824 PM from Dewin Carlos on Vimeo.

ഇറച്ചി അരയ്ക്കുന്ന യൂണിറ്റിന്‍റെ ചിത്രം-

എന്നാല്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് പോലെ ബ്രിട്ടാണിയ എന്ന പ്രമുഖ കമ്പനിയുടെ ബിസ്ക്കറ്റ് നിര്‍മ്മാണത്തിന് ഇറച്ചി മാലിന്യം അരച്ചു കൊണ്ടുപോകുന്ന യൂണിറ്റാണോ താമരശേരിയില്‍ പ്രവര്‍ത്തിക്കുന്നത്? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് പരിശോധിക്കാം.

വസ്‌തുത വിശകലനം

ഇന്ത്യയിലെ ഏറ്റവും വലിയ ഭക്ഷ്യവസ്‌തുത നിര്‍മ്മാണ കമ്പനികളില്‍ ഒന്നായ ബ്രിട്ടാണിയ്ക്ക് വേണ്ടി ഇറച്ചി മാലിന്യം അരച്ചെടുക്കുന്ന ഒരു യൂണിറ്റ് അനധികൃതമായി താമരശേരിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് അറിയാന്‍ പോലീസുമായി ഞങ്ങളുടെ പ്രതിനിധി ഫോണില്‍ ബന്ധപ്പെട്ടു.

സംസ്ഥാന പോലീസ് മീഡിയ സെന്‍റര്‍ ഡെപ്യൂട്ടി ഡയറക്‌ടര്‍ വി.പി.പ്രമോദ്‌കുമാറാണ് വിഷയത്തെ കുറിച്ച് ഞങ്ങളോട് പ്രതികരിച്ചത്. അദ്ദേഹത്തിന്‍റെ മറുപടി ഇങ്ങനെയാണ്-

കോഴിക്കോട് ജില്ലയിലെ താമരശേരിയില്‍ പ്രവര്‍ത്തിക്കുന്ന ഫ്രഷ് കട്ട് എന്ന സ്ഥാപനത്തെ കുറിച്ചാണ് വാട്‌സാപ്പില്‍ പ്രചരണം നടക്കുന്നത്. പട്ടിയും പൂച്ചയും പോലുള്ള വളര്‍ത്ത് മൃഗങ്ങള്‍ക്ക് ഭക്ഷ്യവസ്‌തുക്കള്‍ നിര്‍മ്മിക്കുന്നതിന് ആവശ്യമായ ഇറച്ചി പൊടിച്ച് കയറ്റി അയക്കുന്ന സ്ഥാപനമാണ് ഫ്രഷ് കട്ടെന്ന് താമരശേരി പോലീസ് നടത്തിയ അന്വേഷണത്തില്‍ നിന്നും വ്യക്തമായിട്ടുണ്ട്. മാത്രമല്ല ഇവര്‍ സര്‍ക്കാരിന്‍റെയും ബന്ധപ്പെട്ട തദ്ദേശസ്ഥാപനത്തിന്‍റെയും അനുമതിയോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനവുമാണ്. ബ്രിട്ടാണിയ ബിസ്ക്കറ്റ് കമ്പനിക്ക് ഇതുമായി യാതൊരു ബന്ധവുമില്ല. വാട്‌സാപ്പിലൂടെ വ്യാജ ഓഡിയോ സന്ദേശം പ്രചരിപ്പിച്ചതിന് താമരശേരി പോലീസ് കേസ് രജിസ്ടര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും സംസ്ഥാന പോലീസ് മീഡിയ സെന്‍റര്‍ ഡെപ്യൂട്ടി ഡയറക്‌ടര്‍ വി.പി.പ്രമോദ്‌കുമാര്‍ പറഞ്ഞു.

നിഗമനം 

പട്ടിയും പൂച്ചയും പോലെയുള്ള വളര്‍ത്ത് മൃഗങ്ങള്‍ക്ക് ഭക്ഷ്യവസ്‌തുക്കള്‍ നിര്‍മ്മിക്കുന്നതിന് ആവശ്യമായ ഇറച്ചി പൊടിക്കുന്ന  സ്ഥാപനമാണ് താമരശേരിയില്‍ പ്രവര്‍ത്തിക്കുന്നത്. നിയമവിധേയമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന് ബ്രിട്ടാണിയയുമായി യാതൊരു ബന്ധവുമില്ലെന്ന് പോലീസ് തന്നെ വ്യക്തമാക്കി. വ്യാജ പ്രചരണത്തിനെതിരെ കേസ് രജിസ്ടര്‍ ചെയ്തിട്ടുമുണ്ട്. അതുകൊണ്ട് പ്രചരണം പൂര്‍ണ്ണമായും വ്യാജമാണെന്ന് അനുമാനിക്കാം.

Avatar

Title:ബ്രട്ടാണിയ കമ്പനി ബിസ്ക്കറ്റ് നിര്‍മ്മിക്കുന്നതിന് ഇറച്ചി മാലിന്യം ഉപയോഗിക്കുന്നു എന്ന പ്രചരണത്തിന് പിന്നിലെ വസ്‌തുത ഇതാണ്..

Fact Check By: Dewin Carlos 

Result: False