FACT CHECK: സ്വകാര്യ കമ്പനി ഗോഡൌണില്‍ ഭക്ഷ്യ വസ്തുക്കള്‍ നശിച്ചു പോകാതിരിക്കാന്‍ മരുന്ന് തളിക്കുന്ന നാലു കൊല്ലം പഴയ ചിത്രം തെറ്റായ വിവരണത്തോടെ പ്രചരിക്കുന്നു...
വിവരണം
സര്‍ക്കാര്‍ ഗോഡൌണില്‍ അടുക്കി വച്ചിരിക്കുന്ന ചാക്കുകളില്‍ ഒരു വ്യക്തി ഹോസ് ഉപയോഗിച്ച് വെള്ളം നനയ്ക്കുന്ന ഒരു ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആകുന്നുണ്ട്. ചിത്രത്തിനൊപ്പം നല്‍കിയിട്ടുള്ള വിവരണം ഇങ്ങനെയാണ്: “ഫുഡ് കോര്‍പഷന്‍ ഗോഡണില്‍ വിതരണത്തിനു വന്ന ഭക്ഷ്യവസ്തുക്കളില്‍ വെള്ളം നനക്കുന്നു .. രണ്ടു മൂന്നു ദിവസം കഴിയുമ്പോള്‍ ഈ സാധനങ്ങള്‍ പൂപ്പല്‍ ബാധിക്കും .പൂപ്പല്‍ ബാധ തുടങ്ങുമ്പോള്‍ കേടായിപോയി എന്ന് റിപ്പോര്‍ട്ട് ചെയ്യും.പിന്നെ ഇവ മുഴുവനും അവിടെ നിന്ന്നീക്കാനും നശിപ്പിക്കാനും ഉള്ള ഉത്തരവ് സംഘടിപ്പിച്ചു സ്വകാര്യ കച്ചവടക്കാര്‍ക്ക് തുച്ചം ആയ വിലക്ക് കൈ മാറും .അവര്‍ അത് പുതിയ പാക്കിങ്ങില്‍ വിപണിയില്‍ വന്‍ വിലക്ക് പേരും മറ്റും ഒക്കെ മാറി വില്‍ക്കും.അതൊക്കെ അവസാനം നമ്മുടെ അടുക്കളയില്‍ എത്തും .ഇതിനിടയില്‍ നില്‍ക്കുന്ന ഉദ്യോഗസ്ഥ,ഇടനിലക്കാര്‍ക്ക് വന്‍ തുക കിട്ടും ..ഇതൊക്കെ പരസ്യമായ രെഹസ്യം ആണ് .ആര് നടപടി എടുക്കാന്‍ ?..
ഇതൊക്കെ ആണ് നമ്മൾ ഷെയർ ചെയ്യേണ്ടത്... ഷെയർ മാക്സിമം”
അതായത് സര്‍ക്കാരിന്‍റെ ഫുഡ് കോര്‍പ്പറെഷന്‍ ഗോഡൌണില്‍ വിതരണത്തിന് കൊണ്ട് വന്ന ഭക്ഷ്യ ധാന്യങ്ങളുടെ ചാക്കുകളില്‍ വെള്ളം നനച്ച് ഇങ്ങനെ അവ നശിപ്പിച്ചു കളയുകയാണ് എന്നാണ് പോസ്റ്റില്‍ അവകാശപ്പെടുന്നത്. ഇത്തരത്തില്‍ പ്രചരിക്കുന്ന ഒരു പോസ്റ്റിന് 24 മണിക്കൂറുകള്‍ കൊണ്ട് 8000 ത്തോളം ഷെയറുകലാണ് ലഭിച്ചത്.
ഈ പ്രചരണം 2016 മുതല്‍ ഫേസ്ബുക്കില്‍ പ്രചരിക്കുന്നുണ്ട് എന്നും അന്വേഷണത്തില്‍ കണ്ടു.
എന്നാല്‍ ഞങ്ങള്‍ ചിത്രത്തെ കുറിച്ച് കൂടുതല്‍ അന്വേഷിച്ചു. ഇത് എഫ് സി ഐ ഗോഡൌണില്‍ നിന്നുള്ള ചിത്രമല്ല എന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞു. വിശദാംശങ്ങള്‍ പങ്കുവയ്ക്കാം.
വസ്തുതാ വിശകലനം
ഞങ്ങള്‍ ചിത്രത്തിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോള്‍ ചില സുപ്രധാന വിവരങ്ങള്‍ ലഭിച്ചു. ഈ വൈറല്‍ ചിത്രം 2016 ല്‍ മധ്യപ്രദേശിലെ സത്നയില്‍ നിന്നുമുള്ളതാണ്. അക്കാലത്ത് സാമൂഹ്യ മാധ്യമങ്ങളില്‍ ചിത്രം പ്രചരിച്ചതിനെ തുടര്‍ന്ന് പ്രമുഖ മാധ്യമമായ എബിപി ന്യൂസ് ഇതേപ്പറ്റി ഒരു സമഗ്ര അന്വേഷണം നടത്തുകയും റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്.
അവരുടെ റിപ്പോര്‍ട്ട് പ്രകാരം മാധ്യമ പ്രതിനിധികള്‍ പ്രസ്തുത ഗോഡൌണ്‍ സന്ദര്‍ശിച്ചിരുന്നു. ഇത് രുചി കമ്പനി പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്വകാര്യ സ്ഥാപനത്തിന്‍റെതാണ്. ഹോസ് വഴി വെള്ളം തളിക്കുന്നു എന്ന് ആരോപിക്കപ്പെട്ട വ്യക്തിയുടെ പേര് റഫീഖ് ഖാന്‍ എന്നാണ്. കമ്പനിയിലെ ജീവനക്കാരനായ ഇയാള്‍ വെള്ളം ഒഴിച്ച് ധ്യാന്യം നശിപ്പിക്കുകയല്ല ചെയ്യുന്നത്. മറിച്ച് അപ്പോള്‍ അവിടെ ശേഖരിച്ചു വച്ചിരുന്ന പതിനായിരം മെട്രിക് ടണ്‍ ധാന്യം നശിച്ചു പോകാതിരിക്കാനായി മരുന്ന് തളിച്ചു സംരക്ഷിക്കുകയാണ് അയാള്‍ ചെയ്തത്.
ഇതേപ്പറ്റി എബിപി വാര്‍ത്ത പ്രസിദ്ധീകരിച്ച ഒരു വീഡിയോ അവരുടെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിരുന്നു.
ഇതേപ്പറ്റി പത്രിക എന്ന മാധ്യമം ഒരു വാര്‍ത്ത അക്കാലത്ത് പ്രസിദ്ധീകരിച്ചിരുന്നു.
പോസ്റ്റില്‍ നല്‍കിയ ചിത്രവും വാര്‍ത്തയും യാഥാര്‍ത്ഥ്യവുമായി യാതൊരു ബന്ധവുമില്ലാത്തതാണ്.
നിഗമനം
പോസ്റ്റിലെ വാര്‍ത്ത തെറ്റാണ്. പോസ്റ്റിലെ ചിത്രത്തില്‍ കാണുന്നത് സ്വകാര്യ കമ്പനിയുടെ ഗോഡൌണ്‍ ആണ്. ഫുഡ് കോര്‍പ്പറെഷന്‍ ഓഫ് ഇന്ത്യയുടെതല്ല. ധാന്യങ്ങള്‍ നശിപ്പിക്കുകയല്ല, നശിച്ചു പോകാതിരിക്കാന്‍ ജീവനക്കാരന്‍ മരുന്ന് തളിക്കുന്ന ദൃശ്യമാണ് ചിത്രത്തിലുള്ളത്.
Title:സ്വകാര്യ കമ്പനി ഗോഡൌണില്‍ ഭക്ഷ്യ വസ്തുക്കള്‍ നശിച്ചു പോകാതിരിക്കാന്‍ മരുന്ന് തളിക്കുന്ന നാലു കൊല്ലം പഴയ ചിത്രം തെറ്റായ വിവരണത്തോടെ പ്രചരിക്കുന്നു...
Fact Check By: Vasuki SResult: False