
വിവരണം
ബിജെപിയുമായി നിലവില്‍ ഇടഞ്ഞു നില്‍ക്കുന്ന ബിജെപി-ആര്‍എസ്എസ് നേതാവ് സന്ദീപ് വാര്യര്‍ മുന്‍പ് പൗരത്വഭേദഗതി പ്രക്ഷോഭത്തിലെ സംസ്ഥാന സര്‍ക്കാര്‍ നിലപാടിനെ കുറിച്ച് പങ്കുവെച്ച ഫെയ്‌സ്ബുക്ക് പോസ്റ്റിന്‍റെ സ്ക്രീന്‍ഷോട്ട് എന്ന പേരില്‍ ഒരു പോസ്റ്റ് വ്യാപകമായി പ്രചരിക്കുന്നുണ്ട്. “പൗരത്വ പ്രക്ഷോഭങ്ങളിൽ പങ്കെടുത്തവർക്ക് ഇതിനോടകം അറെസ്റ്റ് വാറന്‍റ് ഉൾപ്പെടെ പിണറായി സർക്കാർ ഉറപ്പ് വരുത്തിയിട്ടുണ്ട്. CAA-NRC കണക്കെടുപ്പും തുടങ്ങി എന്നതാണ് യാഥാർത്യം. ബിജെപി അനുകൂലമാണ് പിണറായി വിജയന്‍റെ നയങ്ങൾ, നമുക്ക് മുന്നിൽ തടസ്സമായി നിൽക്കുന്നത് കോൺഗ്രസ് ആണ്, കോൺഗ്രസ് മുക്ത കേരളത്തിനായി സിപിഎംനെ സഹായിക്കുക എന്നതാണ് നമ്മുടെ നയം” എന്നാണ് സന്ദീപ് അന്ന് ഫെയ്‌സ്ബുക്കില്‍ കുറിച്ചതെന്നാണ് പ്രചരിക്കുന്ന സ്ക്രീന്‍ഷോട്ടിന്‍റെ ഉള്ളടക്കം. വാട്‌സാപ്പിലും ഈ സ്ക്രീന്‍ഷോട്ട് വ്യാപകമായി പ്രചരിക്കുന്നുണ്ട്. പൊളിറ്റിക്‌സ് കേരള എന്ന ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ പച്ചപ്പട മുക്കം എന്ന പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ സ്ക്രീന്‍ഷോട്ട് കാണാം –
എന്നാല്‍ യഥാര്‍ത്ഥത്തില്‍ സന്ദീപ് വാര്യര്‍ ഫെയ്‌സ്ബുക്കില്‍ ഇത്തരമൊരു പോസ്റ്റ് പങ്കുവെച്ചിട്ടുണ്ടോ? എന്താണ് വസ്‌തുത എന്ന് അറിയാം.
വസ്‌തുത ഇതാണ്
ആദ്യം തന്നെ സന്ദീപ് വാര്യരുടെ ഫെയ്‌സ്ബുക്ക് പ്രൊഫൈല്‍ പരിശോധിച്ച് അദ്ദേഹം ഇത്തരമൊരു പോസ്റ്റ് പങ്കുവെച്ചോയെന്നാണ് പരിശോധിച്ചത്. എന്നാല്‍ ഇത്തരത്തിലൊരു പോസ്റ്റ് അദ്ദേഹത്തിന്‍റെ പ്രൊഫൈലില്‍ കണ്ടെത്താന്‍ കഴിഞ്ഞില്ലാ. പിന്നീട് ഫാക്‌ട് ക്രെസെന്‍ഡോ മലയാളം സന്ദീപ് വാര്യരുമായി ഫോണില്‍ ബന്ധപ്പെട്ടു പ്രചരണത്തെ കുറിച്ച് അന്വേഷിച്ചു. അദ്ദേഹം നല്‍കിയ മറുപടി ഇപ്രകാരമാണ് –
ആദ്യം തന്നെ പ്രചരിക്കുന്ന സ്ക്രീന്‍ഷോട്ട് പൂര്‍ണ്ണമായും വ്യാജമാണ്. ബിജെപി വ്യക്താവെന്ന നിലയില്‍ ഇത്തരത്തില്‍ വിലകുറഞ്ഞ ഒരു അഭിപ്രായ പ്രകടനം താന്‍ നടത്തില്ലാ. പോസ്റ്റിന്‍റെ അലൈന്‍മെന്‍റ് കാണുമ്പോള്‍ തന്നെ എഡിറ്റ് ചെയ്താണെന്ന് മനസിലാക്കാന്‍ കഴിയും. പോസ്റ്റിലെ വരികള്‍ തന്നെ തന്‍റെ ഭാഷശൈലിയല്ലായെന്നും അതുകൊണ്ട് തന്നെ ഇത് വ്യാജ പ്രചരണമാണെന്നും അദ്ദേഹം പ്രതികരിച്ചു.
മാത്രമല്ലാ ബിജെപി വ്യക്തവായിരുന്ന സന്ദീപ് വാര്യര്‍ ഇത്തരമൊരു പ്രസ്താവന നടത്തിയാല്‍ അത് മുഖ്യധാരമാധ്യമങ്ങളിലും വാര്‍ത്ത ആകേണ്ടതാണ്. എന്നാല്‍ മാധ്യമങ്ങളൊന്നും തന്നെ ഇത്തരമൊരു അഭിപ്രായ പ്രകടനം സന്ദീപ് നടത്തിയതായി വാര്‍ത്ത നല്‍കിയിട്ടില്ലായെന്നും ഞങ്ങള്‍ക്ക് സ്ഥിരീകരിക്കാന്‍ കഴിഞ്ഞു.
നിഗമനം
സന്ദീപ് വാര്യര്‍ ഇത്തരത്തിലൊരു ഫെയ്‌സ്ബുക്ക് പോസ്റ്റ് പങ്കുവെച്ചിട്ടില്ലായെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. മുഖ്യധാര മാധ്യമങ്ങളും ഇതുസംബന്ധിച്ച് വാര്‍ത്തകള്‍ ഒന്നും തന്നെ നല്‍കിയിട്ടില്ലായെന്നും സ്ഥരീകരിക്കാന്‍ കഴിഞ്ഞു. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് അനുമാനിക്കാം.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

Title:കോണ്‍ഗ്രസ് മുക്ത കേരളത്തിനായി ബിജെപി പ്രവര്‍ത്തകര്‍ സിപിഎമ്മിന് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സന്ദീപ് വാര്യര്‍ ഇത്തരത്തിലൊരു ഫെയ്‌സ്ബുക്ക് പോസ്റ്റ് പങ്കുവെച്ചിട്ടുണ്ടോ? വസ്‌തുത അറിയാം..
Written By: Dewin CarlosResult: False
