വിവരണം

തന്നെ ജയിപ്പിച്ചത് ആര്‍എസ്എസുകാരാണെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ പറഞ്ഞു എന്ന് മലയാള മനോരമ പത്രത്തില്‍ വന്ന വാര്‍ത്തയുടെ ചിത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. കെ.സുധാകരന്‍; എന്ന ജയിപ്പിച്ചതും എന്‍റെ കൂടെ നിന്ന് പ്രവര്‍ത്തിച്ചവരെല്ലാം ഭാരതീയ ജനത പാര്‍ട്ടിയില്‍ നിന്നുള്ളവരാണ്. ഞാന്‍ എന്നും അവരോട് കൂറ് കാണിക്കും. കമ്മൂണിസത്തെ തകര്‍ത്ത് കൊണ്ട്. ജയിപ്പിച്ച എല്ലാവര്‍ക്കും നന്ദി.. എന്ന് കെ.സുധാകരന്‍ പറഞ്ഞതായി മലയാള മനോരമയുടെ പഴയകാല പത്ര വാര്‍ത്ത എന്ന തരത്തിലാണ് പ്രചരണം. സിപിഐഎം സൈബര്‍ കോംറേഡ്‌സ് എന്ന ഗ്രൂപ്പില്‍ ദിനേഷ് ജയദാസ് എന്ന വ്യക്തി പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് ഇതുവരെ 14ല്‍ അധികം റിയാക്ഷനുകളും 14ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്-

Facebook Post Archived Screenshot

എന്നാല്‍ യഥാര്‍ത്ഥത്തില്‍ കെ.സുധാകരന്‍ ഇത്തരത്തിലൊരു പ്രസ്താവന നടത്തിയിട്ടുണ്ടോ? മലയാള മനോരമ പ്രസിദ്ധീകരിച്ച വാര്‍ത്തയുടെ ചിത്രം തന്നെയാണോ ഇത്? വസ്‌തുത അറിയാം.

വസ്‌തുത ഇതാണ്

ആദ്യം തന്നെ കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ ഇത്തരത്തിലൊരു പ്രസ്താവന നടത്തിയിട്ടുണ്ടോയെന്ന് അറിയാന്‍ അദ്ദേഹവുമായി ഫാക്‌ട് ക്രെസെന്‍ഡോ മലയാളം ഫോണില്‍ ബന്ധപ്പെട്ടു. എന്നാല്‍ താന്‍ എവിടെയും ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടില്ലായെന്നും രാഷ്ട്രീയ പകപോക്കലിന്‍റെ ഭാഗമായി സിപിഎമ്മുകാര്‍ പ്രചരിപ്പിക്കുന്ന വ്യാജ വാര്‍ത്തയാണിതെന്നും കെ.സുധാകരന്‍ പറഞ്ഞു.

പിന്നീട് മലയാള മനോരമയുടെ കോട്ടയം ജില്ലയിലെ ആസ്ഥാനവുമായി ഞങ്ങള്‍ ഫോണില്‍ ബന്ധപ്പെട്ടു. മലയാള മനോരമ ഇത്തരത്തിലൊരു വാര്‍ത്ത മുന്‍പ് നല്‍കിയിട്ടില്ലായെന്നും പ്രചരിക്കുന്നത് എഡിറ്റ് ചെയ്ത വ്യാജ വാര്‍ത്ത കട്ടിങ്ങാണെന്നും ഇത്തരം പ്രചരണത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അവര്‍ പ്രതികരിച്ചു.

നിഗമനം

മലയാള മനോരമ പത്രത്തിന്‍റെ ചിത്രം വ്യാജമായി എഡിറ്റ് ചെയ്താണ് കെ.സുധാകരന്‍റെ പ്രസ്താവന എന്ന പേരില്‍ പ്രചരിപ്പക്കുന്നതെന്ന് ഞങ്ങളുടെ അന്വേഷണത്തില്‍ നിന്നും വ്യക്തമായി. മാത്രമല്ലാ താന്‍ ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടില്ലായെന്ന് കെ.സുധാകരനും പ്രതികരിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് അനുമാനിക്കാം.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

Avatar

Title:കെ.സുധാകരന്‍റെ പേരില്‍ മലയാള മനോരമ നല്‍കിയ വാര്‍ത്ത എന്ന തരത്തില്‍ പ്രചരിക്കുന്ന ഈ ചിത്രം വ്യാജം.. വസ്തുത അറിയാം..

Written By: Dewin Carlos

Result: False