ഈ പ്രതിമ ഹരിദ്വാറിലെ ഭാരത്‌ മാതാ മന്ദിറിലേതല്ല, സത്യമിതാണ്…

False രാഷ്ട്രീയം | Politics സാമൂഹികം

ഗവർണറുടെ വസതിയായ രാജ്ഭവനിൽ രാഷ്ട്രീയ സ്വയംസേവക സംഘവുമായി ബന്ധപ്പെട്ട തരത്തിലുള്ള ഭാരത് മാതായുടെ ചിത്രം സര്‍ക്കാര്‍ പരിപാടിയില്‍ ഉപയോഗിച്ചു എന്ന സംഭവത്തെ തുടര്‍ന്ന് കേരളത്തില്‍ ഭാരത്‌ മാതാ വിവാദം ചൂടുപിടിക്കുകയാണ്.  സിംഹത്തിന്‍റെ മുകളില്‍ കാവി പതാക കൈയ്യിലേന്തി ഇരിക്കുന്ന,   (ആർ‌എസ്‌എസ് പരിപാടികളില്‍ ഉപയോഗിക്കുന്ന ഭാരത്‌ മാതയുടെ ചിത്രം പൊതുപരിപാടിയില്‍ ഉപയോഗിച്ചു എന്നാരോപിച്ച് വേദിയില്‍  രണ്ടു മന്ത്രിമാര്‍ വിമര്‍ശനം ഉന്നയിച്ച് പരിപാടി ബഷ്ക്കരിക്കുകയുണ്ടായി. 

ഈ പശ്ചാത്തലത്തില്‍ ഇന്ദിരാ ഗാന്ധി ഉത്ഘാടനം നിര്‍വഹിച്ച ക്ഷേത്രത്തിലേത് എന്നവകാശപ്പെട്ട്  കാവിപതാക എന്തിയ ഭാരത്‌ മാതയുടെ മറ്റൊരു ചിത്രം പ്രചരിക്കുന്നുണ്ട്.  

പ്രചരണം 

ഒരു മണ്ഡപത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന ഭാരത്‌ മാതയുടെ പ്രതിമയാണ് പ്രചരിക്കുന്നത്. ആര്‍എസ്എസ് പരിപാടികളില്‍ ഉപയോഗിക്കുന്നതിനു സമാനമായ ഭാരത്‌ മാതയുടെ കൈകളില്‍ കാവി പതാകയാണ് കാണുന്നത്. ഇന്ദിരാ ഗാന്ധി പ്രധാനമന്ത്രി ആയിരുന്നപ്പോള്‍ ഉത്ഘാടനം ചെയ്തഹരിദ്വാറില്‍ ഭാരത്‌ മാതാ ക്ഷേത്രത്തിലെ പ്രതിഷ്ഠയാണിത്‌ എന്ന് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “ശ്രീമതി ഇന്ദിരാഗാന്ധി ഉത്ഘാടനം നിർവഹിച്ച ഹരിദ്വാറിലെ ഭാരത്‌മാതാ മന്ദിറിലെ പ്രതിഷ്ഠ….
ഭാരതത്തിലെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയ എല്ലാ സ്വാതന്ത്ര്യ സമര സേനാനികൾക്കും,
രാജ്യത്തിന്റെ അഖണ്ടതക്കും വേണ്ടി അന്നത്തെ പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചതാണ് അമ്പലം….”

A screenshot of a video chat

AI-generated content may be incorrect.

FB postarchived link

എന്നാല്‍ ഹരിദ്വാറിലെ ഭാരത്‌ മാതാ ക്ഷേത്രവുമായി ഈ ചിത്രത്തിന് യാതൊരു ബന്ധവുമില്ലെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.

വസ്തുത ഇതാണ് 

ഞങ്ങള്‍ ഹരിവാരിലെ ഭാരത്‌ മാതാ ക്ഷേത്രത്തെ കുറിച്ച് തിരഞ്ഞപ്പോള്‍ പല റിപ്പോര്‍ട്ടുകളും യുട്യൂബ് വീഡിയോകളും ലഭിച്ചു. അതില്‍ ഒന്നിലും ഭാരത് മാതയുടെ ഇങ്ങനെയൊരു പ്രതിമ കണ്ടെത്താനായില്ല. 

തുടര്‍ന്ന് ഞങ്ങള്‍ ചിത്രത്തിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോള്‍ ഇതേ ചിത്രം രാജസ്ഥാനിലെ ഉദയ്പൂരിലുള്ള പ്രതാപ് ഗൗരവ് കേന്ദ്രയുടെ ഇന്‍സ്റ്റഗ്രാം പേജില്‍ കണ്ടെത്തി. ഈ സൂചന ഉപയോഗിച്ച് കൂടുതല്‍ തിരഞ്ഞപ്പോള്‍ പ്രതാപ് ഗൗരവ് കേന്ദ്രയുടെ  വെബ്സൈറ്റ് ലഭിച്ചു. അവിടെ സ്ഥാപിച്ചിട്ടുള്ള ഭാരത്‌ മാതയുടെ പ്രതിമയാണിത്. 

രാജസ്ഥാൻനിലെ ഉദയ്പൂർ നഗരത്തിലെ ടൈഗർ ഹില്ലിലുള്ള ഒരു വിനോദസഞ്ചാര കേന്ദ്രമാണ് പ്രതാപ് ഗൗരവ് കേന്ദ്ര രാഷ്ട്രീയ തീർത്ഥ. ആർ‌എസ്‌എസ് ജനറൽ സെക്രട്ടറി മോഹൻ ഭഗവത് 2008 ൽ ശിലാസ്ഥാപനം നടത്തി, 2016 നവംബറിൽ ഉദ്ഘാടനം ചെയ്തു. വീർ ശിരോമണി മഹാറാണ പ്രതാപ് സമിതി ആരംഭിച്ച ഈ പദ്ധതിയില്‍, ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ മഹാറാണ പ്രതാപിനെയും പ്രദേശത്തിന്‍റെ ചരിത്ര പൈതൃകത്തെയും കുറിച്ചുള്ള വിവരങ്ങൾ നൽകുക എന്നതാണ് ലക്ഷ്യമിടുന്നത്.

മേവാർ രാജാവായ മഹാറാണ പ്രതാപിന്‍റെ ചരിത്രത്തെയും നേട്ടങ്ങളെയും കുറിച്ചുള്ള വിശദമായ വിവരങ്ങൾ നൽകുക എന്നതാണ് പ്രതാപ് ഗൗരവ് കേന്ദ്ര രാഷ്ട്രീയ തീർത്ഥത്തിന്‍റെ ലക്ഷ്യം. ഈ പദ്ധതിയുടെ പിന്നിലുള്ള വ്യക്തി മുതിർന്ന സംഘ പ്രചാരകാണ്. അദ്ദേഹത്തിന്‍റെ ദർശനം യാഥാർത്ഥ്യമാക്കുന്നതിനായി, വീർ ശിരോമണി മഹാറാണ പ്രതാപ് സമിതി 2002 ൽ രൂപീകരിക്കുകയും 2007 ൽ ഭൂമി വാങ്ങുകയും ചെയ്തു. പദ്ധതിയുടെ പ്രതീക്ഷിച്ച ബജറ്റ് 100 കോടി രൂപയായിരുന്നു. പദ്ധതിക്കുള്ള പണം സംഘ സ്വയംസേവകർ സംഭാവന ചെയ്തു. 

പ്രതാപ് ഗൗരവ് കേന്ദ്ര രാഷ്ട്രീയ തീർത്ഥയുടെ ഫേസ്ബുക്ക് പേജില്‍ ഇതേ ചിത്രം മാര്‍ച്ച് 31 ന് പങ്കുവച്ചിട്ടുണ്ട്. 

അവരുടെ ഇന്‍സ്റ്റഗ്രാം പേജില്‍ വിനോദസഞ്ചാരികള്‍ ഭാരത്‌ മാതയുടെ  പ്രതിമ സന്ദര്‍ശിക്കുന്നതും ആരാധന നടത്തുന്നതുമായ വീഡിയോ ജനുവരി 31 ന് പങ്കുവച്ചിട്ടുണ്ട്. 

 കൂടുതല്‍ വ്യക്തതയ്ക്കായി ഞങ്ങള്‍ പ്രതാപ് ഗൗരവ് കേന്ദ്ര രാഷ്ട്രീയ തീർത്ഥയുടെ ഓഫീസുമായി ബന്ധപ്പെട്ടു. ഭാരത്‌ മാതയുടെ ഈ പ്രതിമ അവിടുത്തെതാണെന്ന്  ഉദ്യോഗസ്ഥനായ ബഹാദുര്‍ സിംഗ് ഞങ്ങളുടെ പ്രതിനിധിയെ അറിയിച്ചു. 

മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി ഹരിദ്വാറില്‍ ഉത്ഘാടനം ചെയ്ത ഭാരത്‌ മാതാ ക്ഷേത്രമുണ്ട്. ക്ഷേത്രത്തിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ പല വ്ലോഗര്‍മാരും യുട്യൂബില്‍ കൊടുത്തിട്ടുണ്ട്. 

എന്നാല്‍ അവിടെ ഇങ്ങനെ ഒരു പ്രതിമ ഇല്ല എന്നതാണ് വസ്തുത. 

പ്രചരിക്കുന്ന ഭാരത്‌ മാതാ ചിത്രം ഉദയ്പൂരിലെ പ്രതാപ് ഗൗരവ് കേന്ദ്രയില്‍ സ്ഥാപിച്ചിരിക്കുന്ന പ്രതിമയുടെതാണെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

നിഗമനം 

മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി ഹരിദ്വാറിലെ ഭാരത്‌ മാതാ ക്ഷേത്രത്തില്‍ ഉത്ഘാടനം ചെയ്ത ഭാരത്‌ മാതയുടെ പ്രതിഷ്ഠ എന്ന പേരില്‍ പ്രചരിക്കുന്നത് രാജസ്ഥാനിലെ ഉദയ്പൂരില്‍ സംഘ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രതാപ് ഗൗരവ് കേന്ദ്ര രാഷ്ട്രീയ തീർത്ഥ എന്ന വിനോദസഞ്ചാര കേന്ദ്രത്തില്‍ സ്ഥാപിച്ചിരിക്കുന്ന ഭാരത്‌ മാതയുടെ പ്രതിമയാണ്. ഹരിദ്വാറിലെ ഭാരത്‌ മാതാ ക്ഷേത്രവുമായി ഈ പ്രതിമയ്ക്ക് യാതൊരു ബന്ധവുമില്ല.

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:ഈ പ്രതിമ ഹരിദ്വാറിലെ ഭാരത്‌ മാതാ മന്ദിറിലേതല്ല, സത്യമിതാണ്…

Fact Check By: Vasuki S  

Result: False

Leave a Reply