
ലീഗ്-സമസ്ത ബന്ധം വഷളാകാതിരിക്കാന്‍ ലീഗ് നേതൃത്വം ഇടപെടല്‍ നടത്തുകയും തുടര്‍ന്ന് സമസ്ത അദ്ധ്യക്ഷന്‍ ജിഫ്രി മുത്തുകോയ തങ്ങള്‍ തന്നെ ലീഗും സമസ്ഥയും തമ്മിലുള്ള ബന്ധം വഷളാക്കുന്ന ഒരു തരത്തിലുള്ള പ്രചാരണവും പാടില്ല എന്ന് പ്രസ്താവന ഇറക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ എല്‍ഡിഎഫിന്‍റെ തെരെഞ്ഞെടുപ്പ് പരസ്യം സുപ്രഭാതം ദിനപത്രം പ്രസിദ്ധീകരിച്ചു. ഈ പശ്ചാത്തലത്തില്‍ സുപ്രഭാതം പത്രത്തിന്‍റെ വൈസ് ചെയര്‍മാന്‍ സൈനുല്‍ ആബിദിന് സമസ്തയുമായി ബന്ധമില്ലെന്ന് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞതായി ഏഷ്യാനെറ്റ് വാര്‍ത്തയുണ്ട് എന്ന തരത്തില്‍ ഒരു പ്രചരണം നടക്കുന്നത് ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടു.
പ്രചരണം
“സുപ്രഭാതം വൈസ് ചെയർമാൻ സൈനുൽ ആബിദിനു സമസ്തയുമായി ബന്ധമില്ല.
സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ” എന്ന വാചകങ്ങളും ജിഫ്രി തങ്ങളുടെ ചിത്രവും ഉള്‍പ്പെടുത്തിയ ഏഷ്യാനെറ്റ് ന്യൂസ് കാര്‍ഡ് ആണ് പ്രചരിക്കുന്നത്.
എന്നാല്‍ ഇത് വ്യാജ ന്യൂസ് കാര്‍ഡാണെന്നും ജിഫ്രി തങ്ങള്‍ ഇങ്ങനെ പറയുകയോ ഏഷ്യാനെറ്റ് ഇങ്ങനെ വാര്‍ത്ത പ്രസിദ്ധീകരിക്കുകയോ ചെയ്തിട്ടില്ലെന്നും അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.
വസ്തുത ഇതാണ്
ഞങ്ങള്‍ ആദ്യം ഏഷ്യാനെറ്റിന്‍റെ സാമൂഹ്യ മാധ്യമ അക്കൌണ്ടുകളില്‍ ഇത്തരത്തില്‍ ഒരു വാര്‍ത്ത തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് ഞങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസ് ഡെസ്കില്‍ അന്വേഷിച്ചു. ഏഷ്യാനെറ്റ് ന്യൂസിന്‍റെ പേരും ലോഗോയും ഉപയോഗിച്ച് വ്യാജ പ്രചരണം നടത്തുകയാണെന്നും ഇങ്ങനെയൊരു വാര്‍ത്ത ഏഷ്യാനെറ്റ് പ്രസിദ്ധീകരിച്ചിട്ടില്ലെന്നും സീനിയര്‍ റിപ്പോര്‍ട്ടര്‍ വ്യക്തമാക്കി.
കൂടുതല്‍ വ്യക്തതക്കായി ഞങ്ങള്‍ കോഴിക്കോടുള്ള സമസ്തയുടെ ഓഫീസുമായി ബന്ധപ്പെട്ടു. പൂര്‍ണ്ണമായും വ്യാജ പ്രചരണമാണ് ജിഫ്രി മുത്തുകോയ തങ്ങളുടെ പേരില്‍ നടത്തുന്നതെന്ന് അവിടെ നിന്നും അറിയിച്ചു.
ഏഷ്യാനെറ്റിന്‍റെ ഫേസ്ബുക്ക് പേജില്‍ തിരഞ്ഞപ്പോള്‍ ജിഫ്രി തങ്ങളുമായി ബന്ധപ്പെട്ട പഴയ വാര്‍ത്ത പ്രസിദ്ധീകരിച്ച മറ്റൊരു ന്യൂസ് കാര്‍ഡ് ലഭിച്ചു.
ഇത് എഡിറ്റ് ചെയ്താകാം വ്യാജ പ്രചരണം നടത്തുന്നത് എന്നു അനുമാനിക്കുന്നു.
നിഗമനം
സുപ്രഭാതം വൈസ് ചെയർമാൻ സൈനുൽ ആബിദിനു സമസ്തയുമായി ബന്ധമില്ല- സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ എന്ന വ്യാജ പ്രസ്താവന പ്രചരിപ്പിക്കുന്നത് ഏഷ്യാനെറ്റ് ന്യൂസിന്‍റെ വ്യാജ ന്യൂസ് കാര്‍ഡ് ഉപയോഗിച്ചാണ്. ജിഫ്രി മുത്തുകോയ തങ്ങള്‍ ഇങ്ങനെ ഒരു പ്രസ്താവന നടത്തിയിട്ടില്ല, ഏഷ്യാനെറ്റ് ന്യൂസ് ഇങ്ങനെയൊരു വാര്‍ത്ത നല്‍കിയിട്ടുമില്ല.
ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:
Facebook | Twitter | Instagram | WhatsApp (9049053770)

Title:ഏഷ്യാനെറ്റ് ന്യൂസിന്‍റെ വ്യാജ ന്യൂസ് കാര്‍ഡില്‍ ജിഫ്രി തങ്ങളുടെ വ്യാജ പ്രസ്താവന പ്രചരിപ്പിക്കുന്നു…
Fact Check By: Vasuki SResult: False



