വോട്ടിങ് യന്ത്രം കടത്താൻ ശ്രമിച്ചതിന് ബിജെപി നേതാവിൻ്റെ മകൻ പിടിയിലായോ..?

രാഷ്ട്രീയം | Politics

വിവരണം

Rakesh Kolasseri‎ എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും POLITICS-KERALA മാന്യമായ രാഷ്ട്രീയ ചര്‍ച്ചയ്ക്കൊരിടം എന്ന ഗ്രൂപ്പിലേക്ക് 2019 മെയ് 22 നു  പോസ്റ്റ് ചെയ്തിരിക്കുന്ന ഒരു ചിത്രമാണ് ഇവിടെ നൽകിയിരിക്കുന്നത്. ” സ്വന്തം കാർ വഴി വോട്ടിങ് യന്ത്രം കടത്താൻ ശ്രമിച്ചതിന് ബിജെപി നേതാവിൻ്റെ മകൻ പ്രസാദ് ചോപ്ര പിടിയിൽ ” എന്ന വാചകവുമായി ഒരു ചെറുപ്പക്കാരൻ്റെ  ചിത്രമാണ് പോസ്റ്റിൽ നൽകിയിരിക്കുന്നത്. “ഈ ഗ്രുപ്പിലെ വിവരമില്ലാത്ത ആളുകൾ ശ്രദ്ധിക്കുക ജനാധിപത്യം തകർന്നു, പെട്ടെന്ന് ഷെയർ ചെയ്യുക..” ഇങ്ങനെ ഒരു വിവരണവും നൽകിയിട്ടുണ്ട്.

archived link
facebook post

വോട്ടിങ് യന്ത്രങ്ങളുടെ ബന്ധപ്പെട്ട് 2019 ലോക്‌സഭാ തെരെഞ്ഞെടുപ്പ് വേളയിൽ നിരവധി വിവാദ വാർത്തകൾ വന്നിരുന്നു. പലയിടത്തും ഇപ്പോഴും ഇതിന്റെ പേരിലുള്ള വിവാദങ്ങൾ തുടർന്ന് കൊണ്ടിരിക്കുന്നു. പോസ്റ്റിൽ ആരോപിക്കുന്നത് പോലെ വോട്ടിങ് യന്ത്രം   കടത്താൻ ശ്രമിച്ചതിന് ബിജെപി നേതാവിൻ്റെ മകൻ പിടിയിലായോ..? ഏതു നേതാവിന്റെ മകനാണിത്..? എവിടെ വച്ചാണ് പിടിയിലായത്..? നമുക്ക് അന്വേഷിച്ചു നോക്കാം..

വസ്തുതാ വിശകലനം

ഇത് സംബന്ധിച്ച വാർത്തകൾ ഞങ്ങൾ മാധ്യമങ്ങളുടെ വെബ്‌സൈറ്റുകളിൽ തിരഞ്ഞു  നോക്കി. ബിജെപി നേതാവിന്‍റെ മകൻ എന്ന പേരിലോ പ്രസാദ് ചോപ്ര എന്ന പേരിലോ ആരും  വോട്ടിങ് യന്ത്രം കടത്തിയതിനു പിടിയിലായതായി വാർത്തകളില്ല. കൂടാതെ സാമൂഹിക മാധ്യമങ്ങളിൽ ഇതേ കീ വേർഡ്‌സ് ഉപയോഗിച്ച് തിരഞ്ഞു നോക്കി. ഇത് സംബന്ധിച്ച യാതൊരു വിവരങ്ങളും ഈയൊരു പോസ്റ്റിലല്ലാതെ മറ്റൊരിടത്തും ലഭ്യമല്ല.

അന്വേഷണത്തിന്റെ രണ്ടാം ഘട്ടമായി ചിത്രം ഞങ്ങൾ google reverse image ഉപയോഗിച്ച് പരിശോധിച്ചു.

ഇതേ ചിത്രവുമായി നിരവധി വെബ്‌സൈറ്റുകൾ വാർത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രശസ്ത കന്നഡ സിനിമാ താരം ഗണേഷിന്റെ ചിത്രമാണിത്. ‘ചമക്’  എന്ന ചിത്രത്തിന് വേണ്ടി ഗണേഷ് സ്കൂബ ഡൈവിങ് നടത്തുന്നു എന്ന തലക്കെട്ടിൽ താരത്തെപ്പറ്റി indiaglitz എന്ന മാധ്യമം ഇതേ ചിത്രമുപയോഗിച്ച് 2017 ഒക്ടോബർ 17  ന് വാർത്ത നൽകിയിട്ടുണ്ട്.

archived link
indiaglitz

പ്രശസ്ത കന്നഡ സിനിമാ-ടെലിവിഷൻ താരമാണ് ഗണേഷ്. രണ്ടു തവണ ഫിലിംഫെയർ അവാർഡ് ;ലഭിച്ചിട്ടുണ്ട്. അദ്ദേഹത്തിൻറെ 2006 ൽ റിലീസായ മുൻഗാരു മാലെ എന്ന ചലച്ചിത്രം 865  ദിവസങ്ങൾ തുടർച്ചയായി തിയേറ്ററുകളിൽ പ്രദർശിപ്പിച്ച് 75 കോടി കളക്ഷനുമായി റെക്കോർഡ് നേടിയിരുന്നു. ഈ സിനിമയുടെ ചരിത്ര വിജയം ഗണേഷിന് ഗോൾഡൻ സ്റ്റാർ എന്ന പദവി നേടിക്കൊടുത്തു.

archived link
wikipedia

ഞങ്ങളുടെ അന്വേഷണത്തിൽ നിന്നും വ്യക്തമാകുന്നത് പോസ്റ്റിൽ നൽകിയിരിക്കുന്ന ചിത്രം കന്നഡ ചലച്ചിത്ര നടൻ ഗണേഷിന്റേതാണ് എന്നാണ്. മാത്രമല്ല പോസ്റ്റിൽ ആരോപിക്കുന്നത് പോലെ ബിജെപി നേതാവിന്റെ മകൻ പ്രസാദ് ചോപ്ര എന്ന പേരിൽ ആരും വോട്ടിങ് യന്ത്രവുമായിപിടിയിൽ ആയിട്ടുമില്ല

നിഗമനം

ഈ പോസ്റ്റിലെ ആരോപണം പൂർണ്ണമായും വ്യാജമാണ്. പോസ്റ്റിൽ നൽകിയിരിക്കുന്നത് പ്രശസ്ത കന്നഡ നടന്റെ ചിത്രമാണ്. ബിജെപി നേതാവിന്റെ മകൻ പ്രസാദ് ചോപ്ര എന്ന പേരിൽ ഇതുവരെ ആരും നിലവിലില്ല. വ്യാജ സന്ദേശം വഹിക്കുന്ന ഈ പോസ്റ്റ് പ്രചരിപ്പിക്കാതിരിക്കാൻ മാന്യ വായനക്കാർ ശ്രദ്ധിക്കുക.

ചിത്രങ്ങൾ കടപ്പാട് : ഫേസ്‌ബുക്ക്

Avatar

Title:വോട്ടിങ് യന്ത്രം കടത്താൻ ശ്രമിച്ചതിന് ബിജെപി നേതാവിൻ്റെ മകൻ പിടിയിലായോ..?

Fact Check By: Deepa M 

Result: False