
വിവരണം
മാറ്റത്തിന്‍റെ ചുമർ ചിത്രങ്ങൾ.. To whomsoever it may concern:രണ്ട് ചുവരുകളാണ്, രണ്ട് ചിത്രങ്ങളാണ്, നല്ല മാറ്റമാണ്. അത്രയാണുള്ളത്, അത്രയാണ് പറഞ്ഞത്.. പറഞ്ഞതുള്ളതാണ്… എന്ന തലക്കെട്ട് നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍ തദ്ദേശതെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്ന ചിത്രവും ഒരു പഴയ ചിത്രവും സഹിതം സമൂഹമധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. 2016ല്‍ പിണറായി വിജയന്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തുമ്പോഴുള്ള സ്കൂളിന്‍റെ അവസ്ഥയും ഇപ്പോള്‍ 2020ല്‍ വോട്ട് രേഖപ്പെടുത്താന്‍ എത്തിയപ്പോഴുള്ള അതെ സ്കൂളിന്‍റെ മാറ്റവുമാണ് ചിത്രത്തില്‍ താരതമ്യം ചെയ്യുന്നതായി അവവകാശപ്പെടുന്നത്. പ്രേംകുമാര്‍ എന്ന വ്യക്തി പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 3,700ല്‍ അധികം റിയാക്ഷനുകളും 523ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്.
എന്നാല്‍ യഥാര്‍ത്ഥത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ 2016ല്‍ വോട്ട് ചെയ്യുന്ന ചിത്രത്തിലുള്ള സ്കൂളാണോ 2020ലെ ചിത്രത്തിലും കാണുന്നത്? 2016ലെ നിയമസഭ തെരഞ്ഞെടുപ്പിന്‍റെ ചിത്രം തന്നെയാണോ പോസ്റ്റില്‍ ഉപയോഗിച്ചിരിക്കുന്നത്? വസ്‌തുത പരിശോധിക്കാം.
വസ്‌തുത വിശകലനം
2016ല്‍ പിണറായി വിജയന്‍ വോട്ട് രേഖപ്പെടുത്തുന്ന ചിത്രം എന്ന പേരില്‍ നല്‍കിയിരിക്കുന്നത് യഥാര്‍ത്ഥത്തില്‍ 2019ല്‍ നടന്ന ലോക്‌സഭ തെരഞ്ഞെടുപ്പിലെയാണ്. 2019ല്‍ അദ്ദേഹം വോട്ട് രേഖപ്പെടുത്തിയത് പിണറായിയിലെ ആര്‍സി അമല ബേസിക് സ്കൂളിലാണ്. ഈ ചിത്രത്തിലെ സ്കൂള്‍ കെട്ടിടത്തിന്‍റെ ശോചനീയാവസ്ഥ ചൂണ്ടിക്കാണിച്ച് നരേന്ദ്രമോദി വോട്ട് ചെയ്ത ഉയര്‍ന്ന നിലവാരത്തിലുള്ള സ്കൂള്‍ കെട്ടടത്തിന്‍റെ ചിത്രം ഉപയോഗിച്ച് താരതമ്യം ചെയ്ത് ചില പോസ്റ്റുകള്‍ അന്ന് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഫാക്‌ട് ക്രെസെന്‍ഡോ മലയാളം 2019 ഏപ്രില്‍ 24ന് പ്രസിദ്ധീകരിച്ച ഫാക്‌ട് ചെക്ക് ലേഖനത്തില്‍ ആര്‍സി അമല ബേസിക് സ്കൂള്‍ സ്വകാര്യ മാനേജ്മെന്‍റിന് കീഴിലുള്ള എയ്‌ഡഡ് സ്കൂളാണെന്നും മാനേജ്മെന്‍റിന്‍റെ പിടിപ്പുകേടുമൂലമാണ് സ്കൂളിന്‍റെ ചില ബ്ലോക്കുകള്‍ പുതുക്കി പണിയാന്‍ കഴിയാഞ്ഞതെന്നും കണ്ടെത്തിയിരുന്നു. അന്ന് നരേന്ദ്രമോദി വോട്ട് രേഖപ്പെടുത്തിയത് അഹമ്മദാബാദിലെ നിഷാന്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലായിരുന്നു. ഫാക്‌ട് ക്രെസെന്‍ഡോയുടെ പൂര്‍ണ്ണമായ ഫാക്‌ട് ചെക്ക് ലേഖനം വായിക്കാന്‍ ക്ലിക്ക് ചെയ്യുക.
പിണറായി വിജയന്‍ 2020 തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയത് ആര്‍എസി അമല ബേസിക് സ്കൂള്‍ അല്ലയെന്നത് അദ്ദേഹത്തിന്‍റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് പരിശോധിച്ചാല്‍ തന്നെ വ്യക്തമാകും. ചേരിക്കൽ ജൂനിയർ ബേസിക് സ്കൂൾ ഒന്നാം നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തി. എന്നാണ് ഡിസംബര്‍ 14ന് അദ്ദേഹം പങ്കുവെച്ച ചിത്രത്തിന്‍റെ തലക്കെട്ട്. അതായത് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് പോലെ 2016ലെ സര്‍ക്കാര്‍ സ്കൂളുകളിന്‍റെ ദുരവസ്ഥ 2020 എത്തിനില്‍ക്കുമ്പോള്‍ ഹൈടെക്കായി എന്ന അവകാശവാദത്തിന് ഈ ചിത്രവുമായി യാതൊരു ബന്ധവുമില്ല. 2016ലെ ചിത്രമല്ല താരതമ്യം ചെയ്തിരിക്കുന്നതെന്നും 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റേതാണെന്നും വ്യക്തം. കൂടാതെ 2019ല്‍ പിണറായി വിജയന്‍ വോട്ട് രേഖപ്പെടുത്തിയ പിണറായിയിലെ ആര്‍സി അമല ബേസിക് സ്കൂളില്‍ അല്ല അദ്ദേഹം 2020ല്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് പിണറായി പഞ്ചായത്തിലെ ചേരിക്കല്‍ ജൂനിയര്‍ ബേസിക് സ്കൂളിലാണെന്നും വ്യക്തമായി കഴിഞ്ഞു.
ഫാക്‌ട് ക്രെസെന്‍ഡോ മലയാളം 2019ല്‍ പങ്കുവെച്ച ഫാക്‌ട് റിപ്പോര്‍ട്ട്-
പിണറായി വിജയന്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച ചിത്രം കാണാം. തലക്കെട്ടില്‍ ചേരിക്കല്‍ ജൂനിയര്‍ ബേസിക് സ്കൂള്‍ എന്ന് നല്‍കിയിട്ടുണ്ട്-
നിഗമനം
2016ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ പിണറായി വിജയന്‍ വോട്ട് രേഖപ്പെടുത്തിയ ചിത്രമല്ല പോസ്റ്റില്‍ ഉപയോഗിച്ചിരിക്കുന്നതെന്ന് വ്യക്തം. 2019 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പിണറായി വിജയന്‍ വോട്ട് രേഖപ്പെടുത്തിയ പിണറായിയിലെ ആര്‍സി അമല ബേസിക് സ്കൂള്‍ കെട്ടിടമാണ് ചിത്രത്തില്‍ കാണുന്നത്. 2020 തദ്ദേശ തെരഞ്ഞെടുപ്പില്‍ പിണറായി വിജയന്‍ വോട്ട് രേഖപ്പെടുത്തിയത് ചേരിക്കല്‍ ജൂനിയര്‍ ബേസിക് സ്കൂളിലാണ്. വര്‍ഷങ്ങളും സ്കൂളുകളും തെറ്റായി നല്‍കിയാണ് പോസ്റ്റ് പ്രചരിപ്പിച്ചിരിക്കുന്നതെന്ന് ഞങ്ങളുടെ അന്വേഷണത്തില്‍ നിന്നും കണ്ടെത്താന്‍ കഴിഞ്ഞു. അതുകൊണ്ട് തന്നെ പോസ്റ്റ് പൂര്‍ണ്ണമായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Title:മുഖ്യമന്ത്രി വോട്ട് ചെയ്യുന്ന രണ്ട് ചിത്രങ്ങള്‍ തമ്മിലുള്ള താരതമ്യം; യഥാര്‍ത്ഥത്തില്‍ 2016ലെ നിയമസഭ തെരഞ്ഞെടുപ്പിന്‍റെ ചിത്രമല്ല അത്.. വസ്‌തുത ഇതാണ്..
Fact Check By: Dewin CarlosResult: False
