
വിവരണം
കേരളത്തിലെ ബിജെപി നേതാവ് മുസ്‌ലിം ലീഗിനെ എന്‍ഡിഎ മുന്നണിയിലേക്ക് സ്വാഗതം ചെയ്തതിനെ കുറിച്ചുള്ള പ്രചരണമാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റ് ശോഭ സുരേന്ദ്രന്‍ 2021ല്‍ നടന്ന കേരള നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലാണ് മുസ്‌ലിം ലീഗിനെ എന്‍ഡിഎ മുന്നണിയിലേക്ക് സ്വാഗതം ചെയ്തത്. ഇതിന് മറുപടിയായി മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറിയായ കുഞ്ഞാലിക്കുട്ടി നല്‍കിയ മറുപടി എന്ന പേരിലാണ് ഇപ്പോള്‍ പ്രചരണം നടക്കുന്നത്. ബിജെപിയുടെ സ്വാഗതം ചെയ്യല്‍ അവഗണിക്കുന്നില്ല.. എന്‍ഡിഎ മുന്നണിയില്‍ പരിഗണന നല്‍കിയാല്‍ ആലോചിക്കാമെന്നുണ്ട്.. -പി.കെ.കുഞ്ഞാലിക്കുട്ടി എന്ന പേരിലാണ് സമൂഹമാധ്യമങ്ങളിലെ പ്രചരണം. സാബിര്‍ തോട്ടത്തില്‍ എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 53ല്‍ അധികം റിയാക്ഷനുകളും 41ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്-

എന്നാല്‍ മുസ്‌ലിം ലീഗിനെ എന്‍ഡിഎ മുന്നണിയിലേക്ക് സ്വാഗതം ചെയ്തപ്പോള്‍ ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയും എംഎല്‍എയുമായ കുഞ്ഞിലിക്കുട്ടി ഇത്തരത്തിലൊരു മറുപടിയാണോ പറഞ്ഞത്? എന്താണ് പ്രചരണത്തിന് പന്നിലെ വസ്‌തുത എന്ന് പരിശോധിക്കാം.
വസ്‌തുത വിശകലനം
ആദ്യം തന്നെ ‘മുസ്‌ലിം ലീഗ്, എന്‍ഡിഎ’ എന്ന കീ വേര്‍ഡ് ഉപയോഗിച്ച് ഗൂഗിളില്‍ സെര്‍ച്ച് ചെയ്തപ്പോള്‍ തന്നെ വിഷയവുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം (ഐഇ മലയാളം) റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്ത ഞങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞു. ശോഭ സുരേന്ദ്രന്‍ ലീഗിനെ മുന്നണിയിലേക്ക് ക്ഷണിച്ചതിനുള്ള പി.കെ.കുഞ്ഞാലിക്കുട്ടിയുടെ മറുപടിയാണ് ഐഇ മലയാളം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ലീഗിനെ എന്‍ഡിഎയിലേക്ക് വിളിക്കാന്‍ ബിജെപി ആയിട്ടില്ലെന്നും ബിജെപിക്ക് ക്ഷണിക്കാന്‍ നല്ലത് സംസ്ഥാനം ഭരിക്കുന്ന ഇടതുപക്ഷത്തെയാണെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. ലീഗ് കറകളഞ്ഞ മതേതര സ്വഭാവമുള്ള പാര്‍ട്ടിയാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞതായി ലേഖനത്തിലുണ്ട്.
വാര്‍ത്ത സ്ഥിരീകരിക്കാന്‍ ഞങ്ങളുടെ പ്രതിനിധി മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി ഓഫിസായ ലീഗ് ഹൗസില്‍ ഫോണില്‍ ബന്ധപ്പെട്ട് വിഷയത്തില്‍ കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് തന്നെയാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.
ഐഇ മലയാളം വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട്-

നിഗമനം
ബിജെപി ലീഗിനെ എന്‍ഡിഎ മുന്നണിയിലേക്ക് സ്വാഗതം ചെയ്തത് അവഗണിക്കില്ലെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞിട്ടില്ലെന്ന് മാത്രമല്ല അദ്ദേഹം അതിനെ ശക്തമായ ഭാഷയില്‍ എതിര്‍ക്കുകയും ചെയ്തു. അതുകൊണ്ട് തന്നെ പ്രചരണം പൂര്‍ണ്ണമായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Title:ബിജെപി ലീഗിനെ എന്‍ഡിഎ മുന്നണിയിലേക്ക് ക്ഷണിച്ചാല്‍ അവഗണിക്കില്ലെന്ന് കുഞ്ഞാലിക്കുട്ടി പ്രസ്താവന നടത്തിയോ? വസ്‌തുത അറിയാം..
Fact Check By: Dewin CarlosResult: False
