പ്രധാനമന്ത്രിയുടെ കരസേന ആശുപത്രി സന്ദര്‍ശനം; പ്രചരണങ്ങള്‍ക്ക് പിന്നിലെ യഥാര്‍ത്ഥ വസ്‌തുതകള്‍ ഇതാണ്..
പ്രധാനമന്ത്രി നേരന്ദ്ര മോദിയുടെ ലഡാക്കിലെ ലെഹ് മേഖലയിലെ സൈനിക ആശുപത്രി സന്ദര്‍ശനത്തെ കുറിച്ചുള്ള ചര്‍ച്ചകളും ട്രോളുകളുമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ തരംഗം. മോദിയുടെ സന്ദര്‍ശനത്തിനും തുടര്‍ന്നുള്ള ഫോട്ടോഷൂട്ടിനും വേണ്ടി താല്‍ക്കാലികമായി തയ്യാറാക്കിയ സെറ്റ് മാത്രാണ് ആശുപത്രിയെന്നും പരുക്കേറ്റ പട്ടാളക്കാരല്ല ചിത്രത്തിലുള്ളതെന്നും തുടങ്ങി നിരവധി ആരോപണങ്ങള്‍ വിമര്‍ശകര്‍ ഉന്നയിക്കുന്നുണ്ട്. അതിലൊന്നാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം മഹേന്ദ്രസിങ് ധോണി ലെഹില്‍ മുന്‍പ് നടത്തിയ സന്ദര്‍ശനവേളയില്‍ സൈനികര്‍ക്കൊപ്പം ഭക്ഷണം കഴിക്കുന്ന ചിത്രം. ലെഹിലെ ആര്‍മി ക്യാംപിലെ ക്യാന്‍റീന്‍ ആണ് ഇപ്പോള്‍ മോദിയുടെ സന്ദര്‍ശനവേളയില്‍ മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രിയായി സെറ്റ് ഇട്ടിരിക്കുന്നതെന്നാണ് മറ്റൊരു ആക്ഷേപം. ധോണി വന്നപ്പോൾ വെറും കാന്റീൻ ആയിരുന്ന സ്ഥലമാണ് മോദിജി സൂപ്പർ സ്പെഷ്യലിറ്റി ഹോസ്പിറ്റൽ ആക്കി മാറ്റിയത്. 😂 ജയ് മോങ്ങിജി എന്ന തലക്കെട്ട് നല്‍കി വി ലവ് സിപിഎം എന്ന ഫെയ്‌സ്ബുക്ക് പേജില്‍ ജൂലൈ നാലിന് ഇത്തരത്തിലൊരു പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്. 4,100ല്‍ അധികം റിയാക്ഷനുകളും 1,000ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്.
ഇതാണ് ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്ന പോസ്റ്റുകളില്‍ ഒന്ന്-
എന്നാല്‍ വിമര്‍ശകരും ട്രോളന്‍മാരും എല്ലാം ഉന്നയിക്കുന്നത് പോലെ മോദിയുടെ സന്ദര്‍ശനത്തിന് വേണ്ടി മാത്രം തയ്യാറാക്കിയ ആശുപത്രിയാ ഇത്? ക്യാന്‍റീനാണോ ആശുപത്രിയാക്കി മാറ്റിയിരിക്കുന്നത്? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് പരിശോധിക്കാം.
വസ്‌തുത വിശകലനം
പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തെ കുറിച്ച് ഉയരുന്ന ആക്ഷേപമായതുകൊണ്ട് തന്നെ ഇന്ത്യന്‍ ആര്‍മി വിഷയത്തെ കുറിച്ച് പ്രതികരിച്ചിട്ടുണ്ടോ എന്ന് അറിയാന്‍ ആര്‍മിയുടെ ഔദ്യോഗികമായ ട്വിറ്റര്‍ അക്കൗണ്ട് എഡിജി പിഐ - ഇന്ത്യന്‍ ആര്‍മി എന്ന ട്വിറ്റര്‍ ഹാന്‍ഡില്‍ ഞങ്ങള്‍ പരിശോധിച്ചു. ഇതില്‍ നിന്നും വിഷയത്തെ കുറിച്ചുള്ള ആര്‍മിയുടെ വിശദീകരണവും ഞങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞു. പ്രസ് ഇന്‍ഫൊര്‍മേഷന്‍ ബ്യൂറോ മുഖാന്തരമുള്ള ആര്‍മിയുടെ വിശദീകരണത്തിന്‍റെ പ്രസ്കത ഭാഗങ്ങള്‍ ഇങ്ങനെയാണ്-
പ്രധാനമന്ത്രി നരേന്ദ്രമോദി ജൂലൈ മൂന്നിന് ലെഹ് കരസേന ജനറല്‍ ആശുപത്രി സന്ദര്‍ശിച്ചതുമായി ബന്ധപ്പെട്ട് അനാവശ്യമായ വിവാദങ്ങളും ആക്ഷേപങ്ങളുമാണ് ചില കേന്ദ്രങ്ങളില്‍ നിന്നും ഉന്നയിക്കുന്നത്. ഇന്ത്യന്‍ ആര്‍മിക്ക് നല്‍കുന്ന ചികിത്സാ സൗകര്യങ്ങളെ കുറിച്ച് ഊഹപോഹങ്ങളും പ്രചരണങ്ങളും നടത്തുന്നത് നിര്‍ഭാഗ്യകരമാണ്. ഇന്ത്യന്‍ ആര്‍മി നമ്മുടെ ധീരജവാന്‍മാര്‍ക്ക് കഴിയുന്നതില്‍ ഏറ്റവും മികിച്ച ചികിത്സാ സൗകര്യങ്ങളാണ് സജ്ജമാക്കിയിട്ടുള്ളത്.
കോവിഡ് 19 മാനദണ്ഡങ്ങള്‍ പാലിക്കുന്നതുമായി ബന്ധപ്പെട്ട് കരസേനയുടെ ജനറല്‍ ആശുപത്രിയിലെ ചില വാര്‍ഡുകള്‍ ഇപ്പോള്‍ കോവിഡ് ഐസൊലേഷന്‍ വാര്‍ഡുകളാക്കി മാറ്റിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ജവാന്‍മാര്‍ക്ക് വേണ്ടി ആശുപത്രി കോംപ്ലക്സിന്‍റെ ഭാഗമായിട്ടുള്ള ഓഡിയോ വീഡിയോ പരിശീലന ഹാള്‍ കഴിഞ്ഞ കുറച്ച് നാളുകളായി ആശുപത്രി വാര്‍ഡാക്കി സജ്ജീകരിച്ചിരിക്കുകയാണ്. ഗല്‍വാനില്‍ നിന്നും പരുക്കേറ്റ സൈനികരെ കോവിഡ് ഐസൊലേഷന്‍ വാര്‍ഡുകളില്ലാത്ത ഇടത്ത് ശശ്രൂഷ നല്‍കുന്നതിന് വേണ്ടിയാണ് പ്രത്യേകം സജ്ജീകരിച്ച ആശുപത്രി വാര്‍ഡുകളില്‍ ഇവ. ഏതൊരു അടിയന്തര സാഹചര്യത്തിലും നൂറ് ബെഡുകള്‍ സജ്ജീകരിക്കാന്‍ ഈ ഹാളില്‍ സാധിക്കും. കരസേന മേധാവി എം.എം.നരവനെയും ആര്‍മി കമാന്‍ഡറുമെല്ലാം കഴിഞ്ഞ ദിവസങ്ങളില്‍ പരുക്കേറ്റ ജവാന്‍മാരെ സന്ദര്‍ശിച്ച ഇടവും ഇത് തന്നെയായിരുന്നു എന്നും കരസേന പുറത്തിറക്കിയ വാര്‍ത്ത കുറിപ്പില്‍ വിശദീകരിക്കുന്നു.
കരസേനയുടെ ട്വീറ്റ്-
#IndianArmy clarification on status of facility at General Hospital, Leh.https://t.co/LmEOrk0Hyf pic.twitter.com/s1biqIVpN4
— ADG PI - INDIAN ARMY (@adgpi) July 4, 2020
കരസേനയുടെ വാര്‍ത്ത കുറിപ്പ്-
കരസേന മേധാവി എം.എം.നരവനെ പരുക്കേറ്റ ജവാന്‍മാരെ ലെഹ് മേഖലയിലെ ഇപ്പോള്‍ ചര്‍ച്ച വിഷയമായ അതെ ആശുപത്രിയില്‍ സന്ദര്‍ശിക്കുന്നു (ജൂണ്‍ 23ന് കരസേന പങ്കുവെച്ച ട്വീറ്റ്)-
General MM Naravane #COAS interacting with our gallant soldiers at Military Hospital, Leh during his two day visit to Eastern #Ladakh. pic.twitter.com/pG22J7kIs4
— ADG PI - INDIAN ARMY (@adgpi) June 23, 2020
നിഗമനം
കരേസന തന്നെ ആരോപണങ്ങളും വിവാദങ്ങളും വ്യാജമാണെന്ന് തെളിയിച്ചുകൊണ്ട് ഔദ്യോഗിക വിശീദീകരണം നല്‍കിയ സാഹചര്യത്തില്‍ സമൂഹമാധ്യമങ്ങളിലെ പ്രചരണങ്ങള്‍ പൂര്‍ണ്ണമായും അടിസ്ഥാനരഹിതമാണെന്ന് തന്നെ അനുമാനിക്കാം.
Title:പ്രധാനമന്ത്രിയുടെ കരസേന ആശുപത്രി സന്ദര്‍ശനം; പ്രചരണങ്ങള്‍ക്ക് പിന്നിലെ യഥാര്‍ത്ഥ വസ്‌തുതകള്‍ ഇതാണ്..
Fact Check By: Dewin CarlosResult: False