
വിവരണം
മന്ത്രി മുഹമ്മദ് റിയാസിന് മുന്നില്‍ നിന്നും കറുത്ത വസ്ത്രം ധരിച്ചെത്തിയ ആളെ പോലീസ് ബലം പ്രയോഗിച്ച് കൊണ്ട് പോകുന്ന വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ഒരു പോതുപരിപാടിയില്‍ സ്റ്റേജിലേക്ക് നടന്ന് വരുന്ന റിയാസിന് മുന്നിലേക്ക് ഒരാള്‍ നടന്ന് അടുക്കുകയും ഉടന്‍ തന്നെ സുരക്ഷ ഉദ്യോഗസ്ഥര്‍ ഇയാളെ പിടികൂടുകയും ചെയ്യുന്നതാണ് പ്രചരിക്കുന്ന വീഡിയോയുടെ ഉള്ളടക്കം. വാട്‌സാപ്പിലും ഫെയ്‌സ്ബുക്കിലും ഈ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കരിം കൊടി ആണെന്ന് കരുതി _മാലയിട്ട സ്വാമിയെ_ പിടിച്ചോണ്ടു പോകുന്നു.. എന്ന തലക്കെട്ട് നല്‍കി നൗഫല്‍ ടിവിഎം എന്ന വ്യക്തി പങ്കുവെച്ചിരിക്കുന്ന ഇതെ വീഡിയോയ്ക്ക് നിരവധി ഷെയറുകളും റിയാക്ഷനുകളും ലഭിച്ചിട്ടുണ്ട്-
എന്നാല്‍ യഥാര്‍ത്ഥത്തില്‍ കരിങ്കൊടിയാണെന്ന് മാലയിട്ട സ്വാമിയെ പിടികൂടി കൊണ്ടുപോകുന്ന വീഡിയോയാണോ ഇത്? വസ്‌തുത അറിയാം.
വസ്‌തുത ഇതാണ്
പ്രചരിക്കുന്ന വീഡിയോ കീ ഫ്രെയിം ഗൂഗിള്‍ ലെന്‍സ് ഉപയോഗിച്ച് സെര്‍ച്ച് ചെയ്തതില്‍ നിന്നും സംഭവവുമായി ബന്ധപ്പെട്ട ഒരു വാര്‍ത്ത കണ്ടെത്താന്‍ കഴിഞ്ഞു. സീ മലയാളം ന്യൂസാണ് വാര്‍ത്ത നല്‍കിയിരിക്കുന്നത്. 2023 നവംബര്‍ 15ന് പ്രസിദ്ധീകരകരിച്ച വാര്‍ത്ത ഇപ്രാകാരമാണ്-
മന്ത്രി പി.എ.മുഹമ്മദ് റിയാസിന് നേരെ കറുത്ത ഉടുമുണ്ട് അഴിച്ച് പ്രതിഷേധം, മധ്യവയസ്കന്‍ കസ്റ്റഡിയില്‍.. എന്നതാണ് വാര്‍ത്തയുടെ തലക്കെട്ട്. ഗുരുവായൂര്‍ റെയില്‍വേ മേല്‍പ്പാലം ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ മന്ത്രി റിയാസിന് നേരെ കറുത്ത വസ്ത്രം ഉയര്‍ത്തി പ്രതിഷേധിക്കാന്‍ ശ്രമം നടക്കുകയാണ്. മേല്‍പ്പാലം ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുന്നതിന് ഇടയിലാണ് മുഹമ്മദ് റിയാസ് വേദിയിലേക്ക് എത്തിയത്. ഈ സമയം അതിക്രമിച്ച് കടന്ന് കറുത്ത വസ്ത്രം അഴിച്ച് ഉയര്‍ത്തിയ മധ്യവയസ്കനെ പോലീസ് പിടികൂടി.
സീ ന്യൂസ് വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട്-

നിഗമനം
നവംബറില്‍ നടന്ന ഗുരുവായൂര്‍ റെയില്‍വേ മേല്‍പ്പാലത്തിന്‍റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ മന്ത്രി മുഹമ്മദ് റിയാസിന് നേരെ കറുത്ത വസ്ത്രം ഉയര്‍ത്തി പ്രതിഷേധിക്കാന്‍ എത്തിയ മധ്യവയസ്കനെ പോലീസ് പിടികൂടുന്ന വീഡിയോ തന്നെയാണ് യഥാര്‍ത്ഥത്തില്‍ സമൂഹമാധ്യമത്തിലൂടെ പ്രചരിക്കുന്നത്. അതുകൊണ്ട് തന്നെ തെറ്റായ തലക്കെട്ടോടെ പ്രചരപ്പിക്കുന്ന വീഡിയോ വ്യാജമാണെന്ന് അനുമാനിക്കാം.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

Title:മാലയിട്ട സ്വാമിയെ കരിങ്കൊടി കാണിക്കാന്‍ വന്നു എന്ന പേരില്‍ പിടികൂടിയെന്ന പ്രചരണം വ്യാജം.. വസ്‌തുത അറിയാം..
Written By: Dewin CarlosResult: False
