ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ന്നതില്‍ മന്ത്രി വി.ശിവന്‍കുട്ടി ഇത്തരമൊരു പ്രതികരണം നടത്തിയിട്ടുണ്ടോ? വസ്‌തുത അറിയാം..

രാഷ്ട്രീയം | Politics

വിവരണം

ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്ന വിവാദം ഇപ്പോള്‍ ചര്‍ച്ചയായിരിക്കുകയാണ്. അന്വേഷണം പുരോഗമിക്കുമ്പോള്‍ എംസ് സൊലൂഷന്‍സാണ് ചോദ്യപേപ്പര്‍ ചോര്‍ത്തിയതിന് പിന്നിലെന്നാണ് ക്രൈം ബ്രാഞ്ചിന്‍റെ പ്രാഥമിക നിഗമനം. അതെസമയം വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി സംഭവത്തില്‍ വിചിത്രമായ ഒരു പ്രതികരണം നടത്തിയിരിക്കുകയാണെന്നാണ് സമൂഹമാധ്യമത്തിലെ ഇപ്പോഴത്തെ പ്രചരണം. ക്രിസ്മസ് പരീക്ഷയുടെ ചോദ്യം മാത്രമെ ചോര്‍ന്നിട്ടുള്ളു.. ഉത്തരം ചോര്‍ന്നിട്ടില്ലായെന്ന് മന്ത്രി വി.ശിവന്‍കുട്ടി.. പറഞ്ഞു.. എന്ന തരത്തിലാണ് പ്രചരണം. അനില്‍ പത്മനാഭന്‍ എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന എക്‌സ് പോസ്റ്റിന് നിരവധി ലൈക്കുകളും റിപോസ്റ്റുകളും ലഭിച്ചിട്ടുണ്ട് –

X Post Archived Screenshot 

എന്നാല്‍ യഥാര്‍ത്ഥത്തില്‍ മന്ത്രി വി.ശിവന്‍കുട്ടി ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ ഇത്തരമൊരു പ്രതികരണം നടത്തിയിട്ടുണ്ടോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.

വസ്‌തുത ഇതാണ്

ആദ്യം തന്നെ മന്ത്രി വി.ശിവന്‍കുട്ടിയുടെ ഓഫിസുമായി ഫാക്‌ട് ക്രെസെന്‍ഡോ മലയാളം ഫോണില്‍ ബന്ധപ്പെട്ടു. മന്ത്രി ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടില്ലായെന്നും പ്രചരിക്കുന്ന പോസ്റ്റര്‍ വ്യാജമാണെന്നും ഇത്തരം പ്രചരണങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഓഫിസ് പ്രതിനിധി പ്രതികരിച്ചു. പിന്നീട് പ്രചരിക്കുന്ന പോസ്റ്റര്‍ പരിശോധിച്ചതില്‍ നിന്നും സുപ്രഭാതം എന്ന മാധ്യമത്തിന്‍റെ വാട്ടര്‍മാര്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞു. സുപ്രഭാതം ഡെയ്‌ലി എന്ന അവരുടെ ഔദ്യോകിക ഫെയ്‌സ്ബുക്ക് പേജ് പരിശോധിച്ചതില്‍ നിന്നും ഡിസംബര്‍ 14 പങ്കുവെച്ച ഒരു ന്യൂസ് കാര്‍ഡ് കണ്ടെത്താന്‍ കഴിഞ്ഞു. ഉള്ളടക്കം ഇങ്ങനെയാണ് – കര്‍ശന നടപടി ഉണ്ടാകും.. ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി.ശിവന്‍കുട്ടി.. എന്നതാണ് ന്യൂസ് കാര്‍ഡ് എഡിറ്റ് ചെയ്താണ് സമൂഹമാധ്യമങ്ങളിലൂടെ വ്യാജ പ്രചരണത്തിന് ദുരുപയോഗിക്കുന്നതെന്നും ഇതോടെ വ്യക്തമായി.

എഡിറ്റ് ചെയ്ത ന്യൂസ് കാര്‍ഡും യഥാര്‍ത്ഥ ന്യൂസ് കാര്‍ഡും കാണാം –

സുപ്രഭാതം ഡെയ്‌ലി പങ്കുവെച്ച യഥാര്‍ത്ഥ ഫെയ്‌സ്ബുക്ക് പോസ്റ്റ് –

Facebook Post 

നിഗമനം

മന്ത്രി വി.ശിവന്‍കുട്ടി ഇത്തരത്തിലൊരു പ്രസ്താവന ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവവുമായി ബന്ധപ്പെട്ട് നടത്തിയിട്ടില്ലായെന്ന് ഞങ്ങളുടെ അന്വേഷണത്തില്‍ നിന്നും വ്യക്തമായി. മാത്രമല്ലാ സുപ്രഭാതത്തിന്‍റെ ന്യൂസ് കാര്‍ഡ് എഡിറ്റ് ചെയ്താണ് സമൂഹമാധ്യമങ്ങളിലെ തെറ്റായ പ്രചരണം. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് അനുമാനിക്കാം.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

Avatar

Title:ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ന്നതില്‍ മന്ത്രി വി.ശിവന്‍കുട്ടി ഇത്തരമൊരു പ്രതികരണം നടത്തിയിട്ടുണ്ടോ? വസ്‌തുത അറിയാം..

Written By: Dewin Carlos  

Result: False