വിവരണം

“ടീച്ചറിന്‍റെ ഇടപെടലിനെ തുടര്‍ന്ന് ഒരു പിഞ്ചു കുഞ്ഞിന്‍റെ ജീവന്‍ രക്ഷിച്ചു ഇതാവണം ടീച്ചര്‍ ഇതാവണമെടാ ടീച്ചര്‍ “ എന്ന വാചകം എഴുതി ഹിന്ദു ഐക്യ വേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികലയുടെ (ശശികല ടീച്ചര്‍) ചിത്രം സഹിതം ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. ഒരു കമന്‍റിന് ശശികലയുടെ പ്രൊഫൈല്‍ എന്ന് തോന്നിക്കുന്നതില്‍ നിന്നും മറുപടി നല്‍കുന്നതായൊരു സ്ക്രീന്‍ ഷോട്ടും പോസ്റ്റില്‍ ഉപയോഗിച്ചിട്ടുണ്ട്. ശ്രീജിത്ത് പന്തളം എന്ന പേരിലുള്ള പേജില്‍ പ്രചരിപ്പിച്ചിരിക്കുന്ന ഈ പോസ്റ്റിന് ഇതുവരെ 900ല്‍ അധികം ലൈക്കും 80ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഏത് സഹാചര്യത്തിലാണ് കെ.പി.ശശികലയ്ക്ക് അഭിനന്ദനം അറിയിച്ച് ഇത്തരമൊരു പോസ്റ്റ് പ്രചരിപ്പിക്കുന്നത്. പോസ്റ്റിന് പിന്നിലെ വസ്തുത എന്തെന്ന് പരിശോധിക്കാം.

Archived Link

വസ്തുത വിശകലനം

ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ഷൈലജ ടീച്ചര്‍ ഇടപെട്ട ഒരു വിഷയത്തെ തെറ്റായി വ്യാഖ്യാനിച്ച് ശശികല ടീച്ചറുടെ പേരില്‍ പ്രചരിപ്പിക്കുകയാണെന്നതാണ് പോസ്റ്റിന് പിന്നിലെ സത്യാവസ്ഥ. രക്താര്‍ബുദത്തെ പൊരുതി എസ്എസ്എല്‍സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ ഹരിപ്പാട് സ്വദേശിയായ വിദ്യാര്‍ഥിയെ അനുമോദിച്ച് മെയ് 8ന് ഷൈലജ ടീച്ചര്‍ തന്‍റെ ഫെയ്‌സ്ബുക്ക് ഒഫീഷ്യല്‍ പേജില്‍ ഒരു പോസ്റ്റിട്ടിരുന്നു. ഇതിന് താഴെ കമന്‍റ് സെക്ഷനില്‍ മാടശേരി എന്ന ഒരു യുവാവ് ഒരു സഹായാഭ്യര്‍ഥന നടത്തി. കമന്‍റ് ഇപ്രകാരമായിരുന്നു-

“ടീച്ചറേ..

വേറെ ഒരു മാർഗവും ഇല്ലാത്തതുകൊണ്ടാണ് ഇൗ മെസ്സേജ് അയക്കുന്നത്

എൻറെ അനുജത്തി ഇന്ന് രാവിലെ ഒരു പെൺകുഞ്ഞിന് ജന്മം നൽകി, നിർഭാഗ്യവശാൽ വാൽവ് സംബന്ധമായ പ്രശ്നങ്ങൾ ശ്രദ്ധയിൽ പെട്ടു. മലപ്പുറം ജില്ലയിലെ എടക്കര എന്ന സ്ഥലത്ത് നിന്ന് ഞങൾ dr നിർദ്ദേശിച്ച പ്രകാരം പെരിന്തൽമണ്ണയിലെ KIMS ALSHIFAYIL എത്തി. അവർ ടെസ്റ്റുകൾ നടത്തി. ഇപ്പൊൾ ഇവിടെ നിന്ന് ഒന്നുകിൽ അമൃത ഹോസ്പിറ്റലിൽ അല്ലെങ്കിൽ ശ്രീചിത്തിര യിലിയോട്ട്‌ കൊണ്ട് പോവാൻ പറഞ്ഞു.മേൽ ഹോസ്പിറ്റലിൽ ബന്ധപ്പെട്ടപ്പോൾ ബെഡ് ഫ്രീ ഇല്ല എന്നാണ് അറിയാൻ കഴിഞ്ഞതെന്ന് ഇവിടത്തെ dr പറഞ്ഞു.

ടീച്ചറേ...

എത്രയും പെട്ടന്ന് എൻറെ കുട്ടിയെ മേൽ ഹോസ്പിറ്റലിൽ എത്തിച്ചിട്ടില്ലേൽ ജീവൻ അഭകടതിലാവും എന്നാണ് dr പറഞ്ഞത്.

ടീച്ചർ ഇടപെട്ട് ഇതിനൊരു പരിഹാരം ഉണ്ടാക്കി തരണമെന്ന് അപേക്ഷിക്കുന്നു

ജിയാസ്

ഇതിന് മറുപടിയായി ഏതാനം മണിക്കൂറുകള്‍ക്കുള്ളില്‍ മന്ത്രിയുടെ മറുപടിയും വന്നു. മറുപടി ഇതാണ്-

“താങ്കളുടെ കമന്റ് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ ആരോഗ്യവകുപ്പ് ഡയറക്ടറോടും ഹൃദ്യം പദ്ധതിയുടെ കോഡിനേറ്ററിനോടും ഈ വിഷയം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദ്ദേശം നല്‍കി. കുട്ടിയുടെ ചികിത്സ ഹൃദ്യം പദ്ധതിയില്‍ഉള്‍പ്പെടുത്തി സൗജന്യമായി നടത്താന്‍ കഴിയും. എത്രയും വേഗത്തില്‍ കുഞ്ഞിനു വേണ്ട ചികിത്സ നല്‍കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്. എറണാകുളം ലിസി ഹോസ്പിറ്റലില്‍ കുട്ടിയുടെ ഓപ്പറേഷന് വേണ്ട നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. ഹൃദ്യം പദ്ധതിയ്ക്ക് വേണ്ടിയുള്ള ആംബുലന്‍സ് എടപ്പാള്‍ എന്ന സ്ഥലത്ത് നിന്നും പെരിന്തല്‍മണ്ണ ആശുപത്രിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. കുട്ടിയെ ഇന്ന് രാത്രി തന്നെ ലിസി ആശുപത്രിയിലേക്ക് മാറ്റാനുള്ള ഉള്ള നടപടികള്‍ സ്വീകരിക്കും.”

ഫെയ്‌സ്ബുക്കില്‍ ഒരു കമന്‍റ് ഇട്ടപ്പോള്‍ തന്നെ ഒരു പിഞ്ചു കുഞ്ഞിന്‍റെ ജീവന്‍ രക്ഷിക്കാന്‍ അടിയന്തര സൗകര്യങ്ങള്‍ ഒരുക്കു നല്‍കുകയും ചികിത്സാ സഹായം ഏറ്റെടുക്കുകയും ചെയ്തതിന് ഷൈലജ ടീച്ചറിന് പിന്നീട് സമൂഹമാധ്യമങ്ങളില്‍ അഭിനന്ദന പ്രവഹാമായിരുന്നു. ടീച്ചറിന്‍റെ മറുപടി വൈറലായതോടെ മുഖ്യധാര മാധ്യമങ്ങളൊക്കെ തന്നെ ഇത് വാര്‍ത്തയാക്കുകയും ചെയ്തു. ഈ കമന്‍റിലെ പേര് മാറ്റി ശശികല ടീച്ചര്‍ എന്ന് ആക്കുകയും ഫോട്ടോ എഡിറ്റ് ചെയ്ത് മാറ്റുകയുമായിരുന്നു എന്ന് വ്യക്തമായിട്ടുണ്ട്. വൈറലായ കമന്‍റിന് ആധാരമായ പോസ്റ്റും സ്ക്രീന്‍ഷോട്ടുകളും വാര്‍ത്ത ലിങ്കുകളും ചുവടെ ചേര്‍ക്കുന്നു.

Archived Link

Archived Link

നിഗമനം

ഷൈലജ ടീച്ചര്‍ എന്ന പേരും അവരുടെ ചിത്രവും എഡിറ്റ് ചെയ്ത് ശശികല ടീച്ചറിന്‍റെ ചിത്രവും പേരും ഉപയോഗിച്ച് വ്യാജമായി നിര്‍മ്മിച്ച പോസ്റ്റ് മാത്രമാണ് പേജില്‍ പ്രചരിപ്പിച്ചിരിക്കുന്നതെന്ന് വ്യക്തമായി കഴിഞ്ഞു. ഇത്തരം വ്യാജ വിവരങ്ങള്‍ പങ്കുവയ്ക്കും മുന്‍പെ സത്യാവസ്ഥ എന്താണെന്നെങ്കിലും മനസിലാക്കാണം. സര്‍ക്കാരിന്‍റെ ഔദ്യോഗികമായ ഒരു പദവിയും അലങ്കരിക്കാത്ത കെ.പി.ശശികല എങ്ങനെയാണ് ഒരു പഞ്ചുകുഞ്ഞിന്‍റെ ജീവന്‍ രക്ഷിക്കാമെന്നും ചികിത്സ സര്‍ക്കാര്‍ ചെലവില്‍ ചെയ്ത് നല്‍കാമെന്ന് ഉറപ്പു നല്‍കുകയും ചെയ്തതെന്നും മനസിലാക്കിയാല്‍ മാത്രം മതി പോസ്റ്റ് വ്യാജമാണെന്ന് തെളിയാന്‍.

Avatar

Title:പിഞ്ചുകുഞ്ഞിന്‍റെ ജീവന്‍ രക്ഷിക്കാന്‍ ഇടപെട്ടത് ശശികല ടീച്ചറോ അതോ ഷൈലജ ടീച്ചറോ?

Fact Check By: Harishankar Prasad

Result: False