FACT CHECK – മന്ത്രി കെ.കെ.ഷൈലജയെ അഭിനന്ദിച്ച് ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താര ഫെയ്‌സ്ബുക്ക് പോസ്റ്റ് പങ്കുവെച്ചോ? വസ്‌തുത ഇതാണ്..

രാഷ്ട്രീയം | Politics

വിവരണം

ഫഹദിന് പുറമെ മലയാളികളുടെ അഭിമാനമായ ഷൈലജ ടീച്ചറിന് ആശംസകള്‍ അറിച്ച് ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര.. സംഘി, കൊങ്ങി, സുഡാപ്പി, മൗദൂദി വര്‍ഗ്ഗങ്ങള്‍ ഒഴിച്ച് തലയ്ക്ക് വെളിവുള്ള എല്ലാ മലയാളികള്‍ക്കും അഭിമാനമാണ് ടീച്ചറിന് ലഭിച്ച ആദരവ്.. എന്ന പേരില്‍ ഒട്ടേറെ പോസ്റ്റുകള്‍ ഫെയ്‌‌സ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലും മറ്റും വ്യാപകമായി പ്രചരിക്കുന്നുണ്ട്. വോഗ് മാസികയുടെ കവര്‍ ചിത്രത്തില്‍ സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ഷൈലജയുടെ ചിത്രം പ്രസിദ്ധീകരിച്ചതുമായ ബന്ധപ്പെട്ട സിനിമതാരങ്ങള്‍ ഉള്‍പ്പടെ നിരവധി പ്രമുഖര്‍ അഭിനന്ദങ്ങള്‍ പങ്കുവെച്ചിരുന്നു. ഇതോടൊപ്പം പ്രമുഖ സിനിമ താരം നയന്‍താരയും ഷൈലജ ടീച്ചറിനെ അഭിനന്ദിച്ചു എന്ന തരത്തിലാണ് ചെഗുവേര ആര്‍മി എന്ന പേജില്‍ നിന്നും ഒരു പോസ്റ്റ്  പങ്കുവെച്ചിരിക്കുന്നത്. 10,000ല്‍ അധികം റിയാക്ഷനുകളും 1,100ല്‍ അധികം ഷെയറുകളും പോസ്റ്റിന് ഇതുവരെ ലഭിച്ചിട്ടുണ്ട്.

Facebook Post Archived Link 

എന്നാല്‍ യഥാര്‍ത്ഥത്തില്‍ ചലച്ചിത്രതാരം നയന്‍താര ഇത്തരത്തില്‍ മന്ത്രി കെ.കെ.ഷൈലജയെ അഭിനന്ദിച്ച് ഒരു പോസ്റ്റ് പങ്കുവെച്ചിട്ടുണ്ടോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.

വസ്‌തുത വിശകലനം

നയന്‍താരയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജ്, ട്വിറ്റര്‍ ഹാന്‍ഡില്‍, ഇന്‍സ്റ്റാഗ്രാം പ്രൊഫൈല്‍ എല്ലാം തന്നെ പരിശോധിച്ചതില്‍ നിന്നും നയന്‍താരയ്ക്ക് ഔദ്യോഗികമായി സാമൂഹ്യമാധ്യമത്തില്‍ പ്രൊഫൈലുകളില്ലെന്ന് കണ്ടെത്താന്‍ സാധിച്ചു. നയന്‍താരയുടെ പേരിലുള്ള ഫാന്‍ പേജുകളും വ്യാജ പ്രൊഫൈലുകളും മാത്രമാണ് ആകെ കണ്ടെത്താന്‍ കഴിഞ്ഞത്. അത്തരത്തില്‍ നയന്‍താര കുരിയന്‍ എന്ന പേരില്‍  ഫെയ്‌സ്ബുക്കിലെ പേജിലാണ് വോഗ് മാസികയുടെ കവര്‍ ചിത്രം പങ്കുവെച്ച് മന്ത്രി കെ.കെ.ഷൈലജയ്ക്ക് അഭിനന്ദനം അറിയിച്ചിരിക്കുന്നത്. എന്നാല്‍ ഇത് ഫാന്‍ പേജ് കാറ്റഗറിയിലെ പേജാണെന്ന് പേജില്‍ തന്നെ പരസ്യാക്കിയിട്ടുണ്ട്. ചില മലയാളം മാധ്യമങ്ങളും നയന്‍താരയുടെ ഔദ്യോഗിക പേജാണ് ഇതെന്ന് തെറ്റ്ദ്ധരിച്ച് വാര്‍ത്ത നല്‍കുകയും പിന്നീട് നീക്കം ചെയ്യുകയും ചെയ്തിരുന്നു.

നയന്‍താര കുരിയന്‍ എന്ന ഫെയ്‌സ്ബുക്ക് പേജ് ഫാന്‍ പേജ് എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്-

ഇതാണ് നയന്‍താര പങ്കുവെച്ചു എന്ന് അവകാശപ്പെട്ട പോസ്റ്റ്-

Facebook Post Archived Link 

നിഗമനം

സമൂഹമാധ്യമങ്ങളില്‍ ഔദ്യോഗികമായി പ്രൊഫൈലുകളില്ലാത്ത വ്യക്തിയാണ് നയന്‍താരയെന്ന് കണ്ടെത്താന്‍ കഴിഞ്ഞു. താരത്തിന്‍റെ പേരിലുള്ള ഫാന്‍ പേജില്‍ നിന്നുമാണ് മന്ത്രി കെ.കെ.ഷൈലജയെ അഭിനന്ദിച്ച് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. ഇതിന് നയന്‍താരയുമായി യാതൊരു ബന്ധവുമില്ല. അതുകൊണ്ട് തന്നെ പോസ്റ്റ് പൂര്‍ണ്ണമായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Avatar

Title:മന്ത്രി കെ.കെ.ഷൈലജയെ അഭിനന്ദിച്ച് ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താര ഫെയ്‌സ്ബുക്ക് പോസ്റ്റ് പങ്കുവെച്ചോ? വസ്‌തുത ഇതാണ്..

Fact Check By: Dewin Carlos 

Result: False