വിവരണം

യൂറോപ്യന്‍ രാജ്യമായി സ്വിറ്റ്‌സര്‍ലന്‍ഡില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തിലേറി എന്ന ഒരു വാര്‍ത്ത സ്ക്രീന്‍ഷോട്ട് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. 84 വര്‍ഷത്തിന് ശേഷമാണ് രാജ്യത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തിലേറുന്നതെന്നുമാണ് അവകാശവാദം. റെഡ് ആര്‍മി എന്ന ഗ്രൂപ്പില്‍ അഭിലാഷ് അപ്പു അഭിലാഷ് എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിട്ടുള്ള പോസ്റ്റിന് ഇതുവരെ 160ല്‍ അധികം റിയാക്ഷനുകളും 83ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്-

Facebook Post Archived Screenshot

എന്നാല്‍ യഥാര്‍ത്ഥത്തില്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തിലേറിയോ? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് പരിശോധിക്കാം.

വസ്‌തുത ഇതാണ്

ആദ്യം തന്നെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി, സ്വിറ്റ്സര്‍ലന്‍ഡ് എന്ന കീ വേര്‍ഡ് ഉപയോഗിച്ച് ഗൂഗിള്‍ സെര്‍ച്ച് ചെയ്തതില്‍ നിന്നും മനോരമ ഓണ്‍ലൈന്‍ പ്രസിദ്ധീകരിച്ച ഒരു വാര്‍ത്ത ലേഖനം ഞങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞു. 84 വര്‍ഷങ്ങള്‍ക്ക് ശേഷം സ്വിറ്റ്സര്‍ലന്‍ഡില്‍ വീണ്ടും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരിച്ചു എന്നതാണ് വാര്‍ത്തയുടെ തലക്കെട്ട്. ഉള്ളടക്കം ചുരുക്കത്തില്‍ ഇപ്രാകാരമാണ്- ബേണിലെ ബുര്‍ഗ്‌ഡോര്‍ഫില്‍ 342 പ്രതിനിധികള്‍ പങ്കെടുത്ത ത്രിദിന സമ്മേളനത്തിലാണ് റെവല്യൂഷണറി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് സ്വിറ്റസര്‍ലന്‍ഡ് (ആര്‍കെപി) രൂപം നല്‍കിയത്. സമൂഹിക, സാമ്പത്തിക, പാരിസ്ഥിതിക നയങ്ങളിലെ പാര്‍ട്ടി നിലപാടും സമ്മേളനത്തിലൂടെ പ്രഖ്യാപിച്ചു. ദേര്‍സു ഹെരിയെ പാര്‍ട്ടി സെക്രട്ടറിയായി തിരഞ്ഞെടുത്തു.1921ലാണ് സ്വിറ്റ്സര്‍ലന്‍ഡില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിറവി. 1940ലാണ് സ്വിസ് സര്‍ക്കാര്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ആറായിരത്തോളം അംഗങ്ങളുണ്ടായിരുന്നു. 84 വര്‍ഷങ്ങള്‍ക്ക് ശേഷം പിന്നീട് 2024ലാണ് വീണ്ടും രാഷ്ട്രീയ മുന്നേറ്റവുമായി ആര്‍കെപിയുടെ രൂപീകരണം.

മനോരമ ഓണ്‍ലൈന്‍ വാര്‍ത്ത സ്ക്രീന്‍ഷോട്ട്-

Manorama Online Article

സ്വിറ്റ്സര്‍ലന്‍ഡില്‍ ഭരണം നിലവില്‍ ഏത് പാര്‍ട്ടിയുടെ കീഴിലാണ്?

4 വര്‍ഷം കൂടുംബോള്‍ വോട്ടിങ് സംവിധാനത്തിലൂടെയുള്ള ജനാധിപത്യ പ്രക്രിയയിലൂടെയാണ് സ്വിറ്റ്സര്‍ലന്‍‍ഡിലും തെരഞ്ഞെടുപ്പ് നടക്കുന്നത്. 246 അംഗങ്ങളെയാണ് ഇത്തരത്തില്‍ ദേശീയ പാര്‍ലമെന്‍റിലേക്ക് തെരഞ്ഞെടുക്കുന്നത്. ഇതില്‍ വിവിധ പാര്‍ട്ടികളില്‍ നിന്നുമുള്ള ഏഴ് പ്രതിനിധികളാണ് ഭരണ നേതൃത്വം നല്‍കുന്നത്. നിലവില്‍ വിയോള അംഹേര്‍ഡ് ആണ് സ്വിസ് പ്രസിഡന്‍റ്. ദ് സെന്‍റര്‍ എന്ന വലത് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധിയാണ് വിയോള. കുടിയേറ്റ വിരുദ്ധ നയങ്ങള്‍ പ്രധാന തെരഞ്ഞെടുപ്പ് പ്രചരണമാക്കിയ സ്വിസ് പീപ്പിള്‍സ് പാര്‍ട്ടി (എസ്‌വിപിയാണ്) എന്ന വലത് രാഷ്ട്രീയ പാര്‍ട്ടിയാണ് 2023ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ 29% ശതമാനം വോട്ടുകള്‍ നേടി സ്വിസ് പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ മേല്‍കൈ നേടിയത്. ഇതെ കുറിച്ചുള്ള വിശദമായ വാര്‍ത്ത റിപ്പോര്‍ട്ട് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക (lemonde.fr)

2018 മുതല്‍ 2023 വരെ സോഷ്യല്‍ ഡെമോക്രാറ്റിക്ക് പാര്‍ട്ടി പ്രതിനിധിയായ അലെയ്ന്‍ ബെര്‍സെറ്റ് ആയിരുന്നു സ്വിസ് പ്രസിഡന്‍റ്. പിന്നീട് 2024 ജനുവരി മുതല്‍ ഏഴ് രാഷ്ട്രീയ പാര്‍ട്ടികളില്‍ ഒന്നായ ദ് സെന്‍റര്‍ പ്രതിനിധിയായ വിയോള അംഹേര്‍ഡാണ് സ്വിസ്സ് പ്രസിഡന്‍റ്. റെവല്യൂഷണറി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് സ്വിറ്റ്സര്‍ലന്‍ഡ് പുനര്‍രൂപീകരിച്ചിട്ട് ഏതാനം ദിവസങ്ങള്‍ മാത്രമെ ആയിട്ടുള്ളു എന്നതാണ് വസ്‌തുത.

നിഗമനം

84 വര്‍ഷങ്ങള്‍ക്ക് ശേഷം സ്വിറ്റസര്‍ലന്‍ഡില്‍ വീണ്ടും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരിച്ചു എന്നതാണ് യഥാര്‍ത്ഥ വാര്‍ത്ത. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തിലേറിയെന്ന പ്രചരണം അടിസ്ഥാന രഹിതമാണെന്നും ഞങ്ങളുടെ അന്വേഷണത്തില്‍ നിന്നും വ്യക്തമായി കഴിഞ്ഞു. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് അനുമാനിക്കാം.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

Avatar

Title:സ്വിറ്റ്സര്‍ലന്‍ഡില്‍ 84 വര്‍ഷങ്ങള്‍ക്ക് ശേഷം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തിലെത്തിയോ? വസ്‌തുത അറിയാം..

Written By: Dewin Carlos

Result: False