വിവരണം

അവൻന്‍റെയൊക്കെ കർഷക സമരം: തല്ലിയൊടിക്കണം ഈ തിവ്രവാദി പട്ടികളെ.. എന്ന തലക്കെട്ട് നല്‍കി സിഖ് തലപ്പാവ് അണിഞ്ഞ രണ്ടു പേര്‍ ഇന്ത്യന്‍ ദേശീയ പതാകയില്‍ ചവിട്ടി നില്‍ക്കുന്ന ചിത്രം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വിനോദ് ടി.കെ.പഴവീട് എന്ന വ്യക്തി പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 62ല്‍ അധികം റിയാക്ഷനുകളും 29ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്.

Facebook PostArchived Link

എന്നാല്‍ പോസ്റ്റില്‍ പ്രചരിക്കുന്നത് പോലെ യഥാര്‍ത്ഥത്തില്‍ ഇത് ഇപ്പോള്‍ നടക്കുന്ന കര്‍ഷക സമരത്തിന്‍റെ ഭാഗമായിട്ടുള്ള ചിത്രമാണോ? ഇത്തരത്തിലൊരു സംഭവം ഇന്ത്യയില്‍ നടന്നതാണോ? വസ്‌തുത എന്താണെന്ന് പരിശോധിക്കാം.

വസ്‌തുത വിശകലനം

പ്രചരിക്കുന്ന ചിത്രം ഗൂഗിള്‍ റിവേഴ്‌സ് ഇമേജ് സെര്‍ച്ച് ചെയ്തതില്‍ നിന്നും Hate India End India എന്ന പേരിലുള്ള വെബ്‌സൈറ്റില്‍ ഇതെ ചിത്രം പങ്കുവെച്ചിരിക്കുന്നതായി കണ്ടെത്താന്‍ കഴിഞ്ഞു. എന്നാല്‍ ചിത്രം ഏഴ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അതായത് 2013 ഡിസംബര്‍ 13നാണ് പങ്കുവെച്ചിരിക്കുന്നതെന്ന് വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന വിവരങ്ങളില്‍ നിന്നും വ്യക്തമായി. ഖാലിസ്ഥാന്‍ യൂത്ത് എന്ന തലക്കെട്ട് നല്‍കിയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. അതായത് പാക്കിസ്ഥാന്‍ സിഖ് വിഭാഗം യുവാക്കള്‍ ഖാലിസ്ഥാന്‍ മൂവ്മെന്‍റ് എന്ന പേരില്‍ നടത്തിയ പ്രക്ഷോഭങ്ങളുടെ ഭാഗമായിട്ടുള്ള ചിത്രമാണിതെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. ഏഴ് വര്‍ഷമായി ഇന്‍റര്‍നെറ്റില്‍ പ്രചരിക്കുന്ന ഇതെ ചിത്രമാണ് ഇപ്പോള്‍ കര്‍ഷക സമരത്തിന്‍റെ ചിത്രമാണെന്ന പേരില്‍ തെറ്റായി വ്യഖ്യാനിച്ച് പ്രചരിക്കുന്നതെന്നും ഇതോടെ വ്യക്തമായി കഴിഞ്ഞു.

ഗൂഗിള്‍ ഇമേജ് സെര്‍ച്ച് റിസള്‍ട്ട്-

ഹേറ്റ് ഇന്ത്യ എന്‍ഡ് ഇന്ത്യ എന്ന വെബ്‌സൈറ്റിന്‍റെ സ്ക്രീന്‍ഷോട്ട് കാണാം-

Pak WebsiteArchived Link

നിഗമനം

2013 മുതല്‍ അതായത് ഏഴ് വര്‍ഷം മുന്‍പ് മുതല്‍ ഇന്‍റര്‍നെറ്റില്‍ പ്രചരിക്കുന്ന ഒരു ചിത്രമാണ് ഇപ്പോള്‍ കര്‍ഷക പ്രക്ഷോഭത്തിന്‍റെ പേരില്‍ തെറ്റായ തലക്കെട്ട് നല്‍കി പ്രചരിപ്പിക്കുന്നതെന്ന് വ്യക്തമായി കഴിഞ്ഞു. അതുകൊണ്ട് തന്നെ പോസ്റ്റ് പൂര്‍ണ്ണമായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Avatar

Title:കര്‍ഷക സമരത്തില്‍ ഇന്ത്യന്‍ പതാകയില്‍ ചവിട്ടി നില്‍ക്കുന്ന സിഖ് കര്‍ഷകര്‍ എന്ന പേരില്‍ പ്രചരിക്കുന്ന ഈ ചിത്രം വ്യാജമാണ്.. വസ്‌തുത ഇതാണ്..

Fact Check By: Dewin Carlos

Result: False