
കേരളത്തില്‍ ബിവറേജസ് കോര്‍പ്പറേഷന്‍ മദ്യം ഓണ്‍ലൈന്‍ ആയി ഹോം ഡെലിവറി ചെയ്യുമെന്ന വാര്‍ത്തയുമായി ഒരു സ്ക്രീന്‍ഷോട്ട് പ്രചരിപ്പിക്കുന്നുണ്ട്.
പ്രചരണം
“ബെവ്കോ മദ്യം വീട്ടിലെത്തിക്കും; 3 ലിറ്ററിൽ കൂടരുത്, വീട്ടിലെത്തിക്കാൻ 100 രൂപ സർവീസ് ചാർജ്; ഉത്തരവ് പുറത്തിറക്കി” എന്ന വാര്‍ത്തയുമായി കൈരളി ന്യൂസ് ഓണ്‍ലൈന്‍ പതിപ്പിന്‍റെ സ്ക്രീന്‍ഷോട്ട് ആണ് പ്രചരിക്കുന്നത്. അതായത് മൂന്നു ലിറ്റര്‍ വരെ മദ്യം കേരളത്തില്‍ ബെവ്കോ ഹോം ഡെലിവറി ആയി ഇനിമുതല്‍ വീട്ടിലെത്തുമെന്ന് കൈരളി വാര്‍ത്ത പ്രസിദ്ധീകരിച്ചു എന്നാണ് പോസ്റ്റില്‍ അവകാശപ്പെടുന്നത്.
എന്നാല്‍ തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണമാണിതെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.
വസ്തുത ഇതാണ്
ഞങ്ങള്‍ കൈരളി ഓണ്‍ലൈന്‍ പതിപ്പില്‍ ഇങ്ങനെ ഒരു വാര്‍ത്ത അന്വേഷിച്ചെങ്കിലും കാണാന്‍ സാധിച്ചില്ല. അതിനാല്‍ ഞങ്ങള്‍ കൈരളി എഡിറ്റോറിയല്‍ വിഭാഗവുമായി ബന്ധപ്പെട്ടു. വ്യാജ പ്രചരണമാണിതെന്നും ഇങ്ങനെയൊരു വാര്‍ത്ത കൈരളി പ്രസിദ്ധീകരിച്ചിട്ടില്ലെന്നും സീനിയര്‍ റിപ്പോര്‍ട്ടര്‍ ഞങ്ങളെ അറിയിച്ചു.
കൈരളി ന്യൂസിന്‍റെ പേരില്‍ വ്യാജ പ്രചരണം നടത്തുകയാണെന്ന് അന്വേഷണത്തില്‍ വ്യക്തമായതിനെ തുടര്‍ന്ന് കൂടുതല്‍ വിവരങ്ങള്‍ക്കായി ഞങ്ങള്‍ ബെവ്കോ അധികൃതരുമായി സംസാരിച്ചു. മദ്യം ഹോം ഡെലിവറി ആയി നല്‍കുന്ന സംവിധാനം ബെവ്കോ ഏര്‍പ്പെടുത്തിയിട്ടില്ല. തെറ്റായ പ്രചരണമാണ്. ഓണ്‍ലൈന്‍ വഴി ഓര്‍ഡര്‍ ബുക്ക് ചെയ്ത് ബെവ്കോ ഔട്ട്ലറ്റില്‍ പോയി വാങ്ങാം. ഇതിന് മാത്രമേ സൌകര്യമുള്ളൂ.”
തുടര്‍ന്ന് ഞങ്ങള്‍ എക്സൈസ് വകുപ്പ് മന്ത്രി എംബി രാജേഷിന്‍റെ ഓഫീസുമായി ബന്ധപ്പെട്ടു. അദ്ദേഹത്തിന്‍റെ പേഴ്സണല്‍ സ്റ്റാഫ് അംഗം എന്‍. ശശിധരന്‍ നായര്‍ അറിയിച്ചത് ഇങ്ങനെ: “പൂര്‍ണ്ണമായും വ്യാജ പ്രചരണമാണിത്. ഇങ്ങനെയൊരു കാര്യത്തെ കുറിച്ച് എക്സൈസ് വകുപ്പ് ഇതുവരെ ആലോചിച്ചിട്ടുപോലുമില്ല.”
ഇക്കഴിഞ്ഞ ദിവസം ഇക്കണോമിക് ടൈംസ് ഒരു വാര്‍ത്ത നല്‍കിയതാണ് തെറ്റിദ്ധാരണക്ക് ഇടയാക്കിയത്. “ന്യൂഡൽഹി, കർണാടക, ഹരിയാന, പഞ്ചാബ്, തമിഴ്‌നാട്, ഗോവ, കേരളം എന്നിവയുൾപ്പെടെ നിരവധി ഇന്ത്യൻ സംസ്ഥാനങ്ങൾ സ്വിഗ്ഗി, ബിഗ്ബാസ്‌ക്കറ്റ്, സൊമാറ്റോ, ബ്ലിങ്കിറ്റ് തുടങ്ങിയ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലൂടെ മദ്യം ഹോം ഡെലിവറി അനുവദിക്കുന്നതിനുള്ള പൈലറ്റ് പദ്ധതികൾ പരിഗണിക്കുന്നു. വ്യവസായ എക്‌സിക്യൂട്ടീവുകൾ പറയുന്നതനുസരിച്ച്, പ്രാരംഭ ഘട്ടത്തിൽ ബിയർ, വൈൻ, മദ്യം തുടങ്ങിയ കുറഞ്ഞ മദ്യപാനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.” എന്ന് വ്യവസായ എക്സിക്യൂട്ടീവുകളുടെ വാക്കുകളെ അടിസ്ഥാനമാക്കിയാണ് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് നല്‍കിയത്. ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം ഉദ്യോഗസ്ഥരുടെ വാക്കുകളല്ലാതെ സര്‍ക്കാര്‍ തീരുമാനം ഇക്കാര്യത്തില്‍ എന്താണ് എന്ന് വ്യക്തമാക്കിയിട്ടില്ല. ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ആധാരമാക്കി മറ്റ് മാധ്യമങ്ങള്‍ എല്ലാം ഇതേ റിപ്പോര്‍ട്ട് നല്‍കുകയാണ് ഉണ്ടായത്.
വ്യാജ പ്രചരണമാണ് പോസ്റ്റിലേതെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
നിഗമനം
പോസ്റ്റിലെ പ്രചരണം പൂര്‍ണ്ണമായും തെറ്റാണ്. ഓണ്‍ലൈന്‍ വഴി ഹോം ഡെലിവറിയായി ബെവ്കോ മദ്യം വീട്ടിലെത്തിക്കുമെന്ന വാര്‍ത്ത നല്‍കിയിരിക്കുന്ന കൈരളി ന്യൂസ് ഓണ്‍ലൈന്‍ സ്ക്രീന്‍ഷോട്ട് വ്യാജമാണ്. കൈരളി ന്യൂസ് ഇങ്ങനെ ഒരു വാര്‍ത്ത നല്‍കിയിട്ടില്ല. മദ്യം ഓണ്‍ലൈന്‍ വഴി ഹോം ഡെലിവറിയായി വീട്ടിലെത്തിക്കുമെന്ന തരത്തിലുള്ള വാര്‍ത്തകളെല്ലാം വ്യാജ പ്രചരണങ്ങള്‍ മാത്രമാണെന്ന് എക്സൈസ് വകുപ്പ് മന്ത്രിയുടെ ഓഫീസില്‍ നിന്നും അറിയിച്ചിട്ടുണ്ട്.
ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:
Facebook | Twitter | Instagram | WhatsApp (9049053770)

Title:ഹോം ഡെലിവറിയായി ബെവ്കോ മദ്യം വീട്ടിലെത്തിക്കുമെന്ന വാര്‍ത്ത നല്‍കിയിരിക്കുന്ന കൈരളി ന്യൂസ് സ്ക്രീന്‍ഷോട്ട് വ്യാജമാണ്, സത്യമിങ്ങനെ…
Fact Check By: Vasuki SResult: False
