FACT CHECK - നരേന്ദ്ര മോദി യോഗ ചെയ്യുന്ന അപൂര്‍വ്വ ബ്ലാക്ക് ആന്‍ഡ് വീഡിയോയാണോ ഇത്? വസ്‌തുത ഇതാണ്..
വിവരണം
നരേന്ദ്ര മോദി.... യോഗ ചെയ്യുന്ന ഒരു അപൂർവ്വ വീഡിയോ. എന്ന തലക്കെട്ട് നല്‍കി ഒരു വീഡിയോ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് വീഡിയോയില്‍ നരേന്ദ്ര മോദിയുടെ സാദൃശ്യമുള്ള ഒരാള്‍ യോഗ ചെയ്യുന്നതാണ് ഉള്ളടക്കം. നന്ദനത്തില്‍ വേണു എന്ന വ്യക്തി പങ്കുവെച്ചിരിക്കുന്ന വീഡിയോയ്ക്ക് ഇതുവരെ 213ല്‍ അധികം റിയാക്ഷനുകളും 116ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്.
എന്നാല്‍ യഥാര്‍ത്ഥത്തില്‍ നരേന്ദ്ര മോദി യോഗ ചെയ്യുന്ന അപൂര്‍വ്വ വീഡിയോയാണോ ഇത്? ബ്ലാക്ക് ആന്‍ഡ് വൈറ്റ് വീഡിയോയില്‍ ഉള്ള വ്യക്തി മോദി തന്നെയാണോ? വസ്‌തുത പരിശോധിക്കാം.
വസ്‌തുത വിശകലനം
ഫെയ്‌സ്ബുക്കില്‍ അപ്‌ലോഡ് ചെയ്തിരിക്കുന്ന വീഡിയോയുടെ തമ്പനെയിലുകള്‍ ഉപയോഗിച്ച് ഇന്‍വിഡ് വീ വേരിഫൈയുടെ സഹായത്തോടെ ആദ്യം തന്നെ റിവേഴ്‌സ് ഇമേജ് സെര്‍ച്ച് ചെയ്തു. ഇതില്‍ നിന്നും യാന്‍ഡക്‌സ് ഇമേജ് സെര്‍ച്ചില്‍ നിന്നും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന അതെ വീഡിയോ യൂട്യൂബില്‍ അപ്‌ലോഡ് ചെയ്തിട്ടുള്ളതായി കണ്ടത്തൊന്‍ കഴിഞ്ഞു. ബികെഎസ് അയ്യങ്കാര്‍ 1938 ന്യൂസ് റീല്‍ പാര്‍ട്ട് വണ്‍ എന്ന തലക്കെട്ട് നല്‍കിയിരിക്കുന്ന വീഡിയോ ഏഴ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അതായത് 2013ല്‍ ഫോര്‍മ എന്ന പേരിലുള്ള പ്രൊഫൈലില്‍ നിന്നും അപ്‌ലോഡ് ചെയ്തിട്ടുള്ളതാണ്. ഫെയ്‌സ്ബുക്കില്‍ നരേന്ദ്ര മോദിയുടെ പേരില്‍ പങ്കുവെച്ചിരിക്കുന്ന എട്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയുടെ 3.12 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് യൂട്യൂബില്‍ ഞങ്ങള്‍ക്ക് ആദ്യം കണ്ടെത്താന്‍ കഴിഞ്ഞത്.
ഇതില്‍ നിന്നും വീഡിയോയിലുള്ളത് യോഗാചാര്യനായ ബികെഎസ് അയ്യങ്കാര്‍ ആണെന്ന് വ്യക്തമായി. എങ്കിലും സ്ഥിരീകരിക്കാനായി വീഡിയോയുടെ പൂര്‍ണ്ണരൂപം ലഭിക്കുന്നതിനായി ബികെഎസ് അയ്യങ്കാര്‍ എന്ന കീ വേര്‍ഡ് ഉപയോഗിച്ച് യൂട്യൂബില്‍ സെര്‍ച്ച് ചെയ്തപ്പോള്‍ 2009 ജൂണ്‍ 13ന് ടോം മാര്‍ട്ടിന്‍ എന്ന യൂട്യൂബ് ചാനലില്‍ പങ്കുവെച്ചിരിക്കുന്ന യഥാര്‍ത്ഥ വീഡിയോ കണ്ടെത്താന്‍ കഴിഞ്ഞു. അതായത് 11 വര്‍ഷങ്ങള്‍ക്ക് മുന്‍പ് അപ്‌ലോഡ് ചെയ്തിരിക്കുന്ന 8.23 മിനിറ്റുകളുള്ള വീഡിയോയ്ക്ക് ഒന്‍പത് ലക്ഷത്തില്‍ അധികം വ്യൂസ് കിട്ടിയിട്ടുണ്ട്. B.K.S. Iyengar in 1938 with Yoga Sutras, Part 1of 6 എന്ന തലക്കെട്ട് നല്‍കിയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
അതായത് ലോകത്ത് ആദ്യമായി യോഗയെ പരിചയപ്പെടുത്തിയ ബികെഎസ് അയ്യങ്കാര്‍ എന്ന ലോക പ്രശസ്തനായ വ്യക്തിയുടെ 1938ലെ യോഗാഭ്യാസങ്ങളുടെ വീഡിയോയാണ് നരേന്ദ്ര മോദിയുടെ അപൂര്‍വ്വ വീഡിയോ എന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത്.
യാന്‍ഡക്‌സ് സെര്‍ച്ചില്‍ ലഭിച്ച റിസള്‍ട്ട്-
ടോം മാര്‍ട്ടില്‍ 11 വര്‍ഷങ്ങള്‍ക്ക് മുന്‍പ് യൂട്യൂബില്‍ അപ്‌ലോഡ് ചെയ്ത ബികെഎസ് അയ്യങ്കാറിന്‍റെ യോഗ വീഡിയോ-
ബികഎസ് അയ്യങ്കാര്‍-
അലാമി സ്റ്റോക്ക് ഫോട്ടോയില്‍ നിന്നും ബികെഎസ് അയ്യങ്കാറിന്‍റെ പഴയകാല ചിത്രം -
ബികെഎസ് അയ്യങ്കാറിന്‍റെയും യോഗാചാര്യനായ കൃഷ്ണമാചാര്യയും യോഗ ചെയ്യുന്ന വീഡിയോ ചെന്നൈ കൃഷ്ണമാചാര്യ യോഗ മന്ദിരത്തിന്‍റെ ഔദ്യോഗിക യൂട്യൂബ് ചാനലില്‍ പങ്കുവെച്ചിട്ടുണ്ട്. 45 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയാണിത്-
കൂടാതെ ചെന്നൈ മന്ദവേലിയിലെ കൃഷ്ണമാചാര്യ യോഗ മന്ദിരവുമായി ഞങ്ങളുടെ തമിഴ്‌നാട് പ്രതിനിധി ബന്ധപ്പെടുകയും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയിലുള്ളത് ബികെഎസ് അയ്യങ്കാര്‍ തന്നെയാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.
നിഗമനം
യോഗയെ ലോകത്ത് പരിചയപ്പെടുത്തിയ മഹാനായ ബികെഎസ് അയ്യങ്കാറിന്‍റെ 1938ലെ വീഡിയോയാണ് ഇതെന്ന് കണ്ടെത്താന്‍ കഴിഞ്ഞു. 1918ല്‍ കര്‍ണാടകയില്‍ ജനിച്ച അദ്ദേഹം 2014ല്‍ അദ്ദേഹത്തിന്‍റെ 95ാം വയസില്‍ മരിച്ചു. നരേന്ദ്ര മോദിയുടെ പേരില്‍ പ്രചരിക്കുന്ന ഈ വീഡിയോ അദ്ദേഹം ജനിക്കുന്നതിന് 12 വര്‍ഷം മുന്‍പ് ചിത്രീകരിച്ചാണെന്നതാണ്. മറ്റൊരു വസ്‌തുത. അതുകൊണ്ട് തന്നെ പ്രചരണം പൂര്‍ണ്ണമായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.
Title:നരേന്ദ്ര മോദി യോഗ ചെയ്യുന്ന അപൂര്‍വ്വ ബ്ലാക്ക് ആന്‍ഡ് വീഡിയോയാണോ ഇത്? വസ്‌തുത ഇതാണ്..
Fact Check By: Dewin CarlosResult: False