
വിവഹിതരാകാനും ബന്ധം വേര്‍പിരിയാനുമൊക്കെ കൃത്യമായ നിയമ സംവിധാനങ്ങളുള്ള രാജ്യമാണ് ഇന്ത്യ. എന്നാല്‍ ഈ നിയമത്തില്‍ മാറ്റം വന്നു എന്ന പേരില്‍ ഒരു ന്യൂസ് കാര്‍ഡ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. 40 വയസിന് മുകളില്‍ പ്രായമുള്ള പുരുഷന്മാരും യുവാക്കള്‍. രണ്ടാം വിവാഹത്തിന് ഭാര്യയുടെ അനുമാതി ആവശ്യമില്ല.. എന്ന തരത്തില്‍ മീഡിയ വണ്‍ വാര്‍ത്തയുടെ ന്യൂസ് കാര്‍ഡ് എന്ന പേരിലാണ് പ്രചരണം. ഹരിപ്പാട് അസംബ്ലി നാട്ടുവഴിയോരം എന്ന ഗ്രൂപ്പില്‍ പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് ഇതുവരെ നിരവധി റിയാക്ഷനുകളാണ് ലഭിച്ചിട്ടുള്ളത്. വാട്‌സാപ്പില്‍ ഇതെ സന്ദേശം വ്യാപകമായി പ്രചരിക്കുന്നുണ്ട്-

എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇത്തരത്തിലൊരു നിയമ പുനര്‍നിര്‍മ്മാണം നിലവില്‍ വന്നിട്ടുണ്ടോ? ഇതെ കുറിച്ച് മീഡിയ വണ്‍ ഇത്തരത്തിലൊരു വാര്‍ത്ത നല്‍കിയിട്ടുണ്ടോ? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് അറിയാം.
വസ്‌തുത വിശകലനം
ഇത്തരത്തിലൊരു നിയമ ഭേദഗതി വിവാഹവുമായി ബന്ധപ്പെട്ട് നിലവില്‍ വന്നിട്ടുണ്ടോ എന്ന് അറിയാന്‍ ഗൂഗിളിലും ലൈവ് ലോ പോലെയുള്ള വെബ്‌സൈറ്റുകളും ആദ്യം തന്നെ പരിശോധിച്ചെങ്കിലും യാതൊന്നും തന്നെ കണ്ടെത്താന്‍ കഴിഞ്ഞില്ല. കുടുംബ കോടതിയിലെ അഭിഭാഷകനുമായും ഞങ്ങളുടെ പ്രതിനിധി ഫോണില്‍ ബന്ധപ്പെട്ടു. എന്നാല്‍ 40 വയസിന് മുകളിലുള്ളവരെ യുവാവായോ അല്ലാതെയോ തരംതിരിക്കാനുള്ള നിയമമൊന്നും ഇതുവരെ നിയമനിര്‍മ്മാണം ചെയ്തിട്ടില്ലെന്നും പ്രചരണം വ്യാജമാണെന്നും അദ്ദേഹം പറഞ്ഞു.
മീഡിയ വണ്‍ വെബ്‌ഡെസ്കുമായി ഫോണില്‍ ബന്ധപ്പെട്ടതില്‍ നിന്നും പ്രചരിക്കുന്നത് വ്യാജ സ്ക്രീന്‍ഷോട്ടാണെന്നും മീഡിയ വണ്‍ ഇത്തരത്തില്‍ ഒരു വാര്‍ത്ത നല്‍കിയിട്ടില്ലെന്നും സ്ഥാപനത്തിന്‍റെ ലോഗോ ദുരുപയോഗം ചെയ്ത് വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും വെബ്‌ഡെസക് പ്രതിനിധി പ്രതികരിച്ചു.
നിഗമനം
ഇത്തരത്തിലൊരു നിയമ ഭേദഗതിയും രാജ്യത്ത് നിലവില്‍ വന്നിട്ടില്ല. മീഡിയ വണ്ണിന്‍റെ പേരില്‍ പ്രചരിക്കുന്നത് വ്യാജ സ്ക്രീന്‍ഷോട്ടാണെന്ന് അവര്‍ തന്നെ പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Title:40 വയസിന് മുകളില്‍ പ്രായമുള്ള പുരുഷന്മാര്‍ യുവാക്കളാണെന്നും രണ്ടാം വിവാഹത്തിന് ഭാര്യയുടെ അനുമതി വേണ്ടെന്നും നിയമ ഭേദഗതി നിലവില്‍ വന്നിട്ടുണ്ടോ? വസ്‌തുത അറിയാം..
Fact Check By: Dewin CarlosResult: False
