FACT CHECK – കൊല്ലപ്പെട്ട സിപിഎം നേതാവിനെ കുറിച്ച് പ്രചരിക്കുന്ന ഈ സന്ദേശം വ്യാജമാണ്..

രാഷ്ട്രീയം | Politics

വിവരണം

സഖാവ് സനൂപിന് സ്വന്തമായി 5 സെന്റ് ഭൂമിയും ഒരു വീടുമുണ്ട് അത് ആരോരുമില്ലാത്ത വേലായുധേട്ടനാണ്…….

വേലായുധേട്ടന്റെ മരണശേഷം പാർട്ടിയ്ക്ക്….. 

അവന്റെ പേരിൽ ഒരു ബാങ്ക് അക്കൗണ്ട് ഉണ്ട് നോമിനി അടുത്ത വീട്ടിലെ ഫാത്തിമ താത്തയുടെ മകൾ ലിയ…….

ഒരു ഇൻഷുറൻസ് ഉണ്ട് നോമിനി തൊട്ടടുത്ത വീട്ടിലെ സരസ്വതി ചേച്ചിയുടെ വയ്യാത്ത ഒരു മകനായ ശ്യാമിനും……..

ധീരനേ, നിന്നെക്കുറിച്ചു അറിയുന്തോറും നെഞ്ച് പിടയുന്നു.

കമ്മ്യൂണിസ്റ്റ്‌………. എന്ന തലക്കെട്ട് നല്‍കി കഴിഞ്ഞ ദിവസം തൃശൂരില്‍ കൊല്ലപ്പെട്ട യുവ സിപിഎം നേതാവ് സനൂപിന്‍റെ മൃതദേഹത്തിന്‍റെ ചിത്രം സഹിതം ഉള്‍പ്പെടുത്തി ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ വ്യാപരമായി പ്രചരിക്കുന്നുണ്ട്. ഫെയ്‌സ്ബുക്കിലും വാട്‌സാപ്പിലും പോസ്റ്റ് വൈറലാണ്. ജിഷ്ണു ലാല്‍ കൊട്ടിയൂര്‍ എന്ന വ്യക്തി ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്ന പോസ്റ്റ്  കാണാം-

Facebook Post Archived Link 

എന്നാല്‍ കൊല്ലപ്പെട്ട സനൂപ് ഇത്തരത്തില്‍ തന്‍റെ സ്വത്തുക്കള്‍ മറ്റുള്ളവര്‍ക്ക് ദാനമായി നല്‍കിയിട്ടുണ്ടോ? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് പരിശോധിക്കാം

വസ്‌തുത വിശകലനം

പ്രചരണത്തെ കുറിച്ചുള്ള വസ്‌തുത അറിയാന്‍ ഞങ്ങളുടെ പ്രതിനിധി ഡിവൈഎഫ്ഐയുടെ തൃശൂര്‍ ജില്ലാ സെക്രട്ടറി പി.ബി.അനൂപുമായി ഫോണില്‍ ബന്ധപ്പെട്ടു. അദ്ദേഹം നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു-

സനൂപിന്‍റെ പേരില്‍ പ്രചരിക്കുന്ന സന്ദേശം ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇതില്‍ വിവരങ്ങള്‍ പൂര്‍ണ്ണമായും വ്യാജമാണ്. സനൂപിന് സ്വന്തമായി വീടോ മറ്റ് സ്വത്തുക്കളോ ഇന്‍ഷുറന്‍സോ ഇല്ല. ചെറുപ്പത്തില്‍ തന്നെ മതാപിതാക്കള്‍ മരണപ്പെട്ടു പോയ സനൂപ് പഠിച്ചതും വളര്‍ന്നതുമെല്ലാം അമ്മയുടെ മുതിര്‍ന്ന സഹോദരിയുടെ വീട്ടില്‍ നിന്നാണ്. തൃശൂരിലെ ചൊവ്വര പുതുശേരി സിപിഎം ലോക്കല്‍ സെക്രട്ടറിയും സനൂപിന്‍റെ ബന്ധുകൂടിയായ സുനില്‍ എന്ന വ്യക്തിയാണ് സനൂപിന്‍റെ രക്ഷകര്‍ത്താവിന്‍റെ സ്ഥാനത്ത് നിന്ന് എല്ലാ സഹായവും ചെയ്തിരുന്നത്. ആരോ തെറ്റദ്ധാരണയുണ്ടാക്കാന്‍ മനപ്പൂര്‍വ്വം സനൂപിന്‍റെ പേരില്‍ വ്യാജ സന്ദേശം പ്രചരിപ്പിക്കുന്നാണിതെന്നും പി.ബി.അനൂപ് വ്യക്തമാക്കി.

അനൂപ് ഞങ്ങളുമായി പങ്കുവെച്ച വിവരങ്ങള്‍ സ്ഥിരീകരിക്കാന്‍ സനൂപിന്‍റെ ബന്ധുവും എല്‍സി സെക്രട്ടറിയുമായ സുനിലുമായി ഞങ്ങളുടെ പ്രതിനിധി ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ അദ്ദേഹവും ഇതെ കാര്യങ്ങള്‍ തന്നെയാണ് ഞങ്ങളോട് വിശദീകരിച്ചത്.

നിഗമനം

ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയും രക്തസാക്ഷിയായ സനൂപിന്‍റെ ബന്ധുവും പ്രചരണം വ്യാജമാണെന്ന് സ്ഥീരീകരിച്ചത് കൊണ്ട് തന്നെ സന്ദേശം പൂര്‍ണ്ണമായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Avatar

Title:കൊല്ലപ്പെട്ട സിപിഎം നേതാവിനെ കുറിച്ച് പ്രചരിക്കുന്ന ഈ സന്ദേശം വ്യാജമാണ്..

Fact Check By: Dewin Carlos 

Result: False