
വിവരണം
സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനെതിരെ ബിജെപി-ആര്‍എസ്എസ് രംഗത്ത് വന്നതോടെ ഇതിനോടനുബന്ധിച്ചുള്ള നിരവധി പോസ്റ്റുകള്‍ ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. അത്തരത്തിലൊന്നാണ് അടൂര്‍ ഗോപാലകൃഷ്ണന്‍റെ നമ്പര്‍ ആണെന്ന് അവകാശപ്പെട്ട ഒരു നമ്പറും അദ്ദേഹത്തിന്‍റെ ചിത്രം അടങ്ങുന്ന ഒരു പോസ്റ്ററും ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നത്. അടൂര്‍ ഗോപാലകൃഷ്ണന്‍റെ നമ്പാറാണ്, എല്ലാ ഹൈന്ദവരും വിളിച്ച് ജയശ്രീറാം പറയുക എന്ന പ്രഖ്യാപനം നടത്തിയാണ് രാഷ്ട്രീയ ബജകംഗ്ദള്‍ എന്ന സംഘടനയുടെ പേരില്‍ പോസ്റ്റര്‍ പ്രചരിക്കുന്നത്. 8980808080 എന്ന നമ്പര്‍ നല്‍കിയുള്ള പോസ്റ്റ് SECULAR THINKERS മതേതര ചിന്തകർ എന്ന ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ ജൂലൈ 26ന് അനീഷ് കുമാര്‍ എന്ന വ്യക്തിയാണ് പങ്കുവച്ചിരിക്കുന്നത്. 312 ലൈക്കുകളും 6 ഷെയറുകളുമാണ് ലഭിച്ചിരിക്കുന്നത്.

Archived Link |
എന്നാല്‍ പോസ്റ്റില്‍ പ്രചരിക്കുന്ന നമ്പര്‍ ആരുടേതാണ്? ഇത് അടൂര്‍ ഗോപാലകൃഷ്ണന്‍റെ നമ്പര്‍ തന്നെയാണോ? വസ്‌തുത എന്താണെന്ന് പരിശോധിക്കാം.
വസ്‌തുത വിശകലനം
പോസ്റ്റില്‍ പ്രചരിക്കുന്ന നമ്പറായ 8980808080 ട്രൂ കോളര്‍ ആപ്പില്‍ ഡയല്‍ ചെയ്‌ത് സെര്‍ച്ച് ചെയ്‌തപ്പോള്‍ ലഭിച്ചത് ബിജെപി മെമ്പര്‍ഷിപ്പ് ഡ്രൈവ് എന്ന പേരാണ്. അതായത് ബിജെപിയുടെ അംഗമാകാന്‍ രാജ്യത്ത് ആകമാനം ഉപയോഗിക്കുന്ന നമ്പറാണിതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായത്. ഇതോടെ ബിജെപി അംഗത്വ ക്യാംപെയ്‌നിന്‍റെ നമ്പര്‍ തന്നെയാണോ ഇതെന്ന് സ്ഥിരീകരിക്കാന്‍ അവരുടെ ഔദ്യോഗിക വെബ്‌സൈറ്റ് ഔദ്യോഗിക വെബ്‌സൈറ്റ് പരിശോധിച്ചു. വെബ്‌സൈറ്റില്‍ സന്ദര്‍ശിക്കുമ്പോള്‍ തന്നെ ഹോം പേജില്‍ 8980808080 എന്ന നമ്പറാണ് കാണാന്‍ സാധിക്കുന്നത്. അതോടെ ഫെയ്‌സ്ബുക്കില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍റെ ഫോണ്‍ നമ്പര്‍ എന്ന പേരില്‍ പ്രചരിച്ച പോസ്റ്ററിലുള്ളത് ബിജെപി അംഗംത്വം എടുക്കാനുള്ള നമ്പറാണെന്ന് വ്യക്തമായി കഴിഞ്ഞു.


അതെ സമയം രാഷ്ട്രീയ ബജരംഗ്ദള്‍ എന്ന സംഘടനയുടെ പേരില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍റെ യഥാര്‍ത്ഥ നമ്പര്‍ സഹിതമുള്ള പോസ്റ്ററും ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നതായി കണ്ടെത്താന്‍ കഴിഞ്ഞു. യഥാര്‍ത്ഥ നമ്പര്‍ ഉള്‍പ്പടെ നല്‍കിയിരിക്കുന്ന അതെ പോസ്റ്റര്‍ എഡിറ്റ് ചെയ്‌താണ് ബിജെപി അംഗത്വത്തിനുള്ള ഫോണ്‍നമ്പര്‍ ആക്കി മാറ്റിയിരിക്കുന്നതെന്ന് വ്യക്തം.
ശ്രീരാജ് കൈമള്‍ എന്ന വ്യക്തി പങ്കുവച്ചിരിക്കുന്ന യഥാര്‍ത്ഥ പോസ്റ്റര്‍ ചുവടെ-

നിഗമനം
അടൂര്‍ ഗോപാലകൃഷ്ണന്‍റെ ഫോണ്‍ നമ്പര്‍ എന്ന പേരില്‍ പ്രചരിപ്പിച്ചിരിക്കുന്നത് ബിജെപിയുടെ അംഗത്വം നേടാനുള്ള നമ്പര്‍ ആണെന്ന് കണ്ടെത്തി കഴിഞ്ഞു. അതുകൊണ്ട് തന്നെ പോസ്റ്റിലെ വിവരങ്ങള്‍ വ്യാജമാണെന്ന് അനുമാനിക്കാം.
