പാലക്കാട് ഉപതെരഞ്ഞെടുപ്പ് വോട്ടര്‍ പട്ടികയില്‍ ജോ ബൈഡനും എന്ന ഈ പ്രചരണം വ്യാജം.. വസ്‌തുത അറിയാം..

രാഷ്ട്രീയം

വിവരണം

പാലക്കാട് ഉപതെരഞ്ഞെടുപ്പ് 20ന് നടക്കാനിരിക്കെ വലിയ രാഷ്ട്രീയ വിവാദങ്ങളും ആരോപണങ്ങളുമാണ് മുന്നണികള്‍ തമ്മില്‍ നടക്കുന്നത്. ഇപ്പോള്‍ ഇതാ പാലക്കാട് വോട്ടര്‍ പട്ടികയില്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍റെ പേരും എന്ന തരത്തില്‍ റിപ്പോര്‍ട്ടര്‍ ചാനലിന്‍റെ പേരില്‍ ഒരു ന്യൂസ് കാര്‍ഡ് പ്രചരിക്കുകയാണ്.

റിപ്പോര്‍ട്ടര്‍ ഇലക്ഷന്‍ ബിഗ് ബ്രേക്കിങ് പാലക്കാട് ഉപതെരഞ്ഞെടുപ്പ് വോട്ടര്‍ പട്ടികയില്‍ ജോ ബൈഡനും.. വീട്ടുനമ്പറും വീട്ടുപേരും ഇല്ലാ.. ഐഡികളും വ്യത്യസ്തം.. എന്നതാണ് പോസ്റ്റിന്‍റെ ഉള്ളടക്കം. രാഹുൽ മാങ്കൂട്ടത്തിന് വോട്ട് ചെയ്യുവാൻ അമേരിക്കയിൽ നിന്ന് വരെ പ്രതിനിധി.. എന്ന തലക്കെട്ട് നല്‍കി സഖാവ് എനിക്ക് ജീവന്‍ വാസുദേവന്‍ എന്ന വ്യക്തി പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് നിരവധി റിയാക്ഷനുകളും ഷെയറുകളും ലഭിച്ചിട്ടുണ്ട് –

Facebook Post Archived Screenshot 

എന്നാല്‍ യഥാര്‍ത്ഥത്തില്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ ഇത്തരത്തിലൊരു വാര്‍ത്ത നല്‍കിയിട്ടുണ്ടോ? എന്താണ് വസ്‌തുത എന്ന് അറിയാം.

വസ്‌തുത ഇതാണ്

ആദ്യം തന്നെ റിപ്പോര്‍ട്ടര്‍ ലൈവിന്‍റെ സമൂഹമാധ്യമങ്ങളിലെ അക്കൗണ്ടുകള്‍ അവര്‍ ഇത്തരമൊരു വാര്‍ത്ത പങ്കുവെച്ചിട്ടുണ്ടോയെന്ന് പരിശോധിച്ചെങ്കിലും യാതൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലാ. അതുകൊണ്ട് തന്നെ ഫാക്‌ട് ക്രെസെന്‍ഡോ മലയാളം റിപ്പോര്‍ട്ടര്‍ ലൈവ് വെബ്‌ ഡെസ്കുമായി ഫോണില്‍ ബന്ധപ്പെട്ടു. എന്നാല്‍ പ്രചരിക്കുന്നത് റിപ്പോര്‍ട്ടര്‍ പങ്കുവെച്ച ന്യൂസ് കാര്‍ഡ് അല്ലായെന്നും വ്യാജമായി എഡിറ്റ് ചെയ്ത് നിര്‍മ്മിച്ചതാണെന്നും അവര്‍ പറഞ്ഞു.

റിപ്പോര്‍ട്ടര്‍ ലൈവിന്‍റെ ഫെയ്‌സ്ബുക്ക് പ്രൊഫൈലില്‍ നിന്നും വ്യാജമായി നിര്‍മ്മിക്കാന്‍ ഉപയോഗിച്ച ന്യൂസ് കാര്‍ഡിന്‍റെ യഥാര്‍ത്ഥ ന്യൂസ് കാര്‍ഡും കണ്ടെത്താന്‍ കഴിഞ്ഞു. വീട്ടുനമ്പറും വീട്ടുപേരും ഇല്ലാ.. ഐഡികളും വ്യത്യസ്തം.. പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ വോട്ടര്‍ പട്ടികയില്‍ വ്യാപക ക്രമക്കേട്.. എന്നതാണ് വാര്‍ത്ത ന്യൂസ് കാര്‍ഡിലെ ഉള്ളടക്കം. ഇതെ ന്യൂസ് കാര്‍ഡ് എഡിറ്റ് ചെയ്താണ് ജോ ബൈഡന്‍റെ പേരും പട്ടികയില്‍ ഉള്‍പ്പെട്ടു എന്ന തരത്തില്‍ വ്യാജ പ്രചരണം നടത്തുന്നതെന്ന് ഇതോടെ വ്യക്തമായി.

റിപ്പോര്‍ട്ടര്‍ ലൈവ് പങ്കുവെച്ച യഥാര്‍ത്ഥ ന്യൂസ് കാര്‍ഡ് –

Facebook Post Archived Screenshot 

നിഗമനം

റിപ്പോര്‍ട്ടര്‍ ചാനലിന്‍റെ പേരില്‍ പ്രചരിക്കുന്ന ന്യൂസ് കാര്‍ഡ് എഡിറ്റ് ചെയ്ത് നിര്‍മ്മിച്ചതാണെന്ന് ഞങ്ങളുടെ അന്വേഷണത്തില്‍ നിന്നും വ്യക്തമായി. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് അനുമാനിക്കാം.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

Avatar

Title:പാലക്കാട് ഉപതെരഞ്ഞെടുപ്പ് വോട്ടര്‍ പട്ടികയില്‍ ജോ ബൈഡനും എന്ന ഈ പ്രചരണം വ്യാജം.. വസ്‌തുത അറിയാം..

Written By: Dewin Carlos  

Result: False