FACT CHECK – നീതു ജോണ്‍സണ്‍ എന്ന വ്യാജ പ്രചരണം നടത്തിയത് കോണ്‍ഗ്രസ് സൈബര്‍ പ്രവര്‍ത്തകനോ?

രാഷ്ട്രീയം | Politics

വിവരണം

*നീതു മോളല്ല മോനാണ്..*

*നല്ല അസ്സൽ KSU സംസ്ഥാന പ്രസിഡന്റിന്റെ അതേ പാരമ്പര്യമുള്ള പേരു മാറ്റി ഫേയ്ക്ക്മോൻ..*

*ഇവർ  പലപേരുകളിൽ വിലസുന്നത് ഇപ്പോഴും തുടരുന്നു….*

*വടക്കാഞ്ചേരിയിലെ നീതു ജോൺസൺ എന്ന പേരിൽ ഫേക്ക് ഐഡിയിൽ നിന്നും പോസ്റ്റിട്ടത് കെ എസ് യു നേതാവ് ശ്രീദേവ് സോമൻ. പോസ്റ്റിന്റെ ഉറവിടം അന്വേഷിച്ചപ്പോൾ  *00918943486644*

*എന്ന നംബറിലാണ് ഐഡി ക്രിയേറ്റ് ചെയ്യതത്.*

*ഈ നംബറിൽ വിളിച്ചപ്പോൾ ഫോണെടുത്തത് കെ എസ് യു നേതാവ് ശ്രീദേവ് സോമൻ.*

*അനിൽ ചക്കരയുടെ വിശ്വസ്തനായ ഊത്ത് പുത്രനാണ് ശ്രീദേവ് സോമൻ.*

*സംഭവം വിവാദമായതോടെ സോമൻ ഫോൺ സ്വിച് ഓഫ് ചെയ്തു മുങ്ങികളഞ്ഞു.*

*നീതു മോനേ നീ പൊങ്ങാതിരിക്കില്ലല്ലോ…*

*അപ്പോ ഞമ്മള് വരുന്നുണ്ട് പെങ്ങളുട്ടിയുടെ ഗാനമേളയും കൊണ്ട്…*

*നംബർ മറക്കണ്ട..*

*00918943486644..*

*ശ്രീദേവ് സോമൻ..*

*KSU നീതു മോൻ..*

*അങ്ങനെ ആ നാടകവും പൊളിഞ്ഞു* എന്ന തലക്കെട്ട് നല്‍കി എം.സ്വരാജ് യുവതയുടെ അഭിമാനം എന്ന ഗ്രൂപ്പില്‍ നിയാസ് ചേലാട്ട് നിയാസ് എന്ന വ്യക്തി പങ്കുവെച്ചിരിക്കുന്ന പോസ്റ്റ് ഇപ്പോള്‍ വൈറലാണ്. നീതു എന്ന നാടകം പൊളിഞ്ഞു. നാടകം അനില്‍ അക്കരയുടെ സൃഷ്ടി പാവങ്ങള്‍ക്ക് ഫ്ലാറ്റ് നഷ്ടപ്പെട്ടതില്‍ ജനരോഷം ഭയന്ന് ജനശ്രദ്ധ തിരിച്ചു വിടാന്‍. എന്നതാണ് പ്രചരിക്കുന്ന പോസ്റ്റിന് ഉള്ളടക്കം.

Facebook Post Archived Link 

ലൈഫ് മിഷന്‍ പദ്ധതിയില്‍ അഴിമതി ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ സിബിഐ അന്വേഷണം ഏറ്റെടുക്കുയും തുടര്‍ന്ന് വടക്കാഞ്ചേരി ഫ്ലാറ്റ് സമുച്ഛയം നിര്‍മ്മാണം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയും ചെയ്തിരിക്കുകയാണ്. ഇതിന് കാരണം കോണ്‍ഗ്രസ് നേതാവും വടക്കാഞ്ചേരി എംഎല്‍എയുമായ അനില്‍ അക്കരയാണെന്നും നഗരസഭയുടെ പുറമ്പോക്കില്‍ കഴിയുന്ന പാവങ്ങള്‍ക്ക് കിടപ്പാടം ഇല്ലാതാക്കിയ നടപടിയാണെന്നും അനില്‍ അക്കരയെ വിമര്‍ശിച്ച് തൃശൂര്‍ മങ്കര സ്വദേശിനിയായ നീതു ജോണ്‍സണ്‍ എന്ന പേരില്‍ ഒരു പെണ്‍കുട്ടിയുടെ കത്ത് സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. എന്നാല്‍ ഇത് എംഎല്‍എയുടെ നേതൃത്വത്തില്‍ തന്നെ നടത്തിയ പ്രാദേശിക അന്വേഷണത്തില്‍ ഇത്തരത്തില്‍ ഒരു പെണ്‍കുട്ടി മങ്കരയില്‍ ഇല്ലെന്നും സ്ഥിരീകരിച്ചു. രാഷ്ട്രീയ ലക്ഷ്യംവെച്ച് ഭരണപക്ഷ യുവജന സംഘടനകള്‍ തന്നെ താറടിച്ച് കാണിക്കാന്‍ നടത്തിയ ശ്രമമാണിതെന്നും ആരോപിച്ച് അനില്‍ അക്കരയും രംഗത്ത് വന്നു. ഇതിന് പിന്നാലെയാണ് നീതു ജോണ്‍സണ്‍ എന്ന പെണ്‍കുട്ടിയുടെ പേരില്‍ കത്ത് പ്രചരിപ്പിച്ചത് ശ്രീദേവ് സോമന്‍ എന്ന സൈബര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണെന്നും അനില്‍ അക്കരയുടെ നിര്‍ദേശപ്രകാരമാണ് ഇത്തരമൊരു നടപടിയെന്നും ആരോപിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രചരണം ആരംഭിച്ചത്.

നീതു ജോണ്‍സണ്‍ എന്ന പെണ്‍കുട്ടിയുടെ വാക്കുകള്‍ എന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച പോസ്റ്റര്‍ ഇതാണ്-

എന്നാല്‍ യഥാര്‍ത്ഥത്തില്‍ ശ്രീദേവ് സോമന്‍ എന്ന സൈബര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് വ്യാജ പേരില്‍ എംഎല്‍എ‌ക്കെതിരെ പ്രചരണം നടത്തിയത്? അനില്‍ അക്കരയുടെ നിര്‍ദേശപ്രകാരമാണ് ഈ നാടകമെന്ന പ്രചരണം സത്യമാണോ? വസ്‌തുത എന്താണെന്ന് പരിശോധിക്കാം.

വസ്‌തുത വിശകലനം

നീതു ജോണ്‍സണ്‍ എന്ന പെണ്‍കുട്ടിയെ തേടി അനില്‍ അക്കര എംഎല്‍എയും നഗരസഭ കൗണ്‍സിലര്‍ സൈറബാനുവും റോഡരികില്‍ കാത്തിരുന്ന് വ്യത്യസ്ഥമായൊരു സമരം നടത്തിയെന്ന് ഇന്നത്തെ  പ്രധാന വാര്‍ത്തകളില്‍ ഒന്നായിരുന്നു. എന്നാല്‍ മണിക്കൂറുകള്‍ കാത്തിരുന്നിട്ടും നീതു ജോണ്‍സണ്‍ എന്ന പെണ്‍കുട്ടി വന്നില്ല. അത്തരത്തിലൊരു പെണ്‍കുട്ടി മങ്കര പ്രദേശത്ത് തന്നെ ഇല്ലെന്ന് ഉറപ്പു വന്നശേഷമാണ് വ്യാജ പ്രചരണത്തിനെതിരെ അനില്‍ അക്കര പ്രതിഷേധം സംഘടിപ്പിച്ചത്. വ്യാജ പ്രചരണം നടത്തിയവരെ പരിസഹിച്ചാണ് എംഎല്‍എ ഈ സമര മാര്‍ഗം തിരഞ്ഞെടുത്തത്.

പ്രതിഷേധം അവസാനിപ്പിച്ച ശേഷം എംഎല്‍എ വടക്കാഞ്ചേരി പോലീസ് സ്റ്റേഷനിലെത്തി പരാതിയും സമര്‍പ്പിച്ചു. പരാതിയുടെ ഉള്ളടക്കം ഇങ്ങനെയാണ്-

 നഗരസഭയുടെ പുറമ്പോക്കില്‍ ഒറ്റമുറിയില്‍ താമസിക്കുന്ന നീതു ജോണ്‍സണ്‍ എന്ന പെണ്‍കുട്ടിയുടെ പേരില്‍ തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ സമൂഹമാധ്യമങ്ങളില്‍ വ്യാജ പ്രചരണം നടത്തി. ഇത്തരത്തില്‍ ഒരു പെണ്‍കുട്ടി ആ പ്രദേശത്ത് ഉണ്ടോയെന്ന് പോലീസ് അന്വേഷിക്കണം. വ്യാജ പ്രചരണം നടത്തിയവരെ കണ്ടെത്തി തക്കതായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് അനില്‍ അക്കര എംഎല്‍എ പരാതി നല്‍കിയത്. പരാതിയുടെ പകര്‍പ്പ് എംഎല്‍എ തന്നെ ഞങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്.

അനില്‍ അക്കര എംഎല്‍എ വടക്കാഞ്ചേരി പോലീസില്‍ നല്‍കിയ പരാതിയുടെ പകര്‍പ്പ്-

അതെ സമയം സൈബര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശ്രീദേവ് സോമനാണ് നീതു ജോണ്‍സണ്‍ എന്ന പേരില്‍ അനില്‍ അക്കരയുടെ നിര്‍ദേശ പ്രകാരം വ്യാജ പ്രചരണം നടത്തിയതെന്ന് പ്രചരണത്തിനെതിരെ ശ്രീദേവ് സോമനും രംഗത്ത് വന്നു. ശ്രീദേവ് സോമന്‍ അദ്ദേഹത്തിന്‍റെ ഫെയ്‌സ്ബുക്ക് പ്രൊഫൈലില്‍ ലൈവില്‍ വന്നാണ് വ്യാജ പ്രചരണത്തിനെതിരെ പ്രതികരിച്ചത്. താന്‍ ഒരു സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണെന്നും എന്നാല്‍ അനില്‍ അക്കര എംഎല്‍എക്ക് തന്നെ നേരിട്ട് അറിയില്ലെന്നും ശ്രീദേവ് സോമന്‍ പറയുന്നു. താന്‍ ഫെയ്‌സ്ബുക്കില്‍ പരസ്യമാക്കിയിരിക്കുന്ന മൊബൈല്‍ നമ്പര്‍ സിപിഎം സൈബര്‍ പ്രവര്‍ത്തകര്‍ ദുരുപയോഗം ചെയ്യുകയാണെന്നും നമ്പര്‍ പ്രചരിപ്പിക്കുകയും താനാണ് നീതു എന്ന പേരില്‍ പ്രചരണം നടത്തിയതെന്നും വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുന്നു. ഇത്തരം വ്യാജ പ്രചരണം നടത്തുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ശ്രീദേവ് സോമന്‍ ഫെയ്‌സ്ബുക്ക് ലൈവിലൂടെ അറിയിച്ചു.

വിഷയത്തില്‍ ശ്രീദേവ് സോമന്‍റെ പ്രതികരണം-

വടക്കാഞ്ചേരി പോലീസ് സ്റ്റേഷനുമായി ഞങ്ങളുടെ പ്രതിനിധി ബന്ധപെട്ടപ്പോള്‍ പരാതി ലഭിച്ചിട്ടുണ്ട് പക്ഷെ അന്വേഷണം ഇത് വരെ തുടങ്ങിയിട്ടില്ല എന്ന് പോലീസ് വ്യക്തമാക്കി.  വടക്കാ‍ഞ്ചേരി പോലീസ് സ്റ്റേഷനില്‍ ഇന്നാണ് അതായത് സെപ്റ്റംബര്‍ 29നാണ് അനില്‍ അക്കര എംഎല്‍എ പരാതി നല്‍കിയിരിക്കുന്നത്. പോലീസ് അന്വേഷണം ആരംഭിക്കുന്നതിന് മുന്‍പ് തന്നെ സൈബര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശ്രീദേവ് സോമനാണ് വ്യാജ പ്രചരണത്തിന് പിന്നില്‍ എന്ന് കണ്ടെത്തിയെന്നാണ് സമൂഹമാധ്യമങ്ങളിലെ ഇപ്പോഴുള്ള പ്രചരണമെന്നും ഞങ്ങളുടെ അന്വേഷണത്തില്‍ വ്യക്തമായി.

നിഗമനം

നീതു ജോണ്‍സണ്‍ വ്യാജ പേരില്‍ തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ചിലര്‍ നടത്തിയ വ്യാജ പ്രചരണത്തിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് അനില്‍ അക്കര എംഎല്‍എ നിയമനടപടികള്‍ സ്വീകരിച്ചിരിക്കുകയാണ്. സൈബര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് ശ്രീദേവാ സോമനാണ് പ്രചരണത്തിന് പിന്നിലെന്നും അനില്‍ അക്കരയുടെ നിര്‍ദേശപ്രകാരപമാണ് പ്രചരണം നടത്തിയതെന്നും പോലീസ് കണ്ടെത്തിയിട്ടില്ല. അതുകൊണ്ട് തന്നെ പ്രചരണം പൂര്‍ണ്ണമായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Avatar

Title:നീതു ജോണ്‍സണ്‍ എന്ന വ്യാജ പ്രചരണം നടത്തിയത് കോണ്‍ഗ്രസ് സൈബര്‍ പ്രവര്‍ത്തകനോ?

Fact Check By: Dewin Carlos 

Result: False