വിവരണം

Krishna Goyal‎ എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും REVOLUTION THINKERS (വിപ്ലവചിന്തകർ) എന്ന ഗ്രൂപ്പിലേക്ക് 2019 സെപ്റ്റംബര്‍ 5നു പ്രസിദ്ധീകരിച്ച ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്. "കാലിക്കറ്റ് യൂണിവേഴ്‌സിറ്റി തിരഞ്ഞെടുപ്പിൽ ABVP യുടെ തേരോട്ടം.." എന്ന അടിക്കുറിപ്പോടെ നൽകിയിരിക്കുന്ന വാർത്ത ഇതാണ്: തൃശ്ശൂർ ഗുരുവായൂരപ്പൻ കോളേജിൽ ഭരണം എസ്എഫ്ഐയുടെ കൈയ്യിൽ നിന്നും പിടിച്ചെടുത്ത്‌ എബിവിപി. ഭാരതാംബയുടെ ചുണക്കുട്ടീ സതീഷ് മോഹൻ ചെയർമാനായി. മാക്സിമം ഷെയർ.." ഈ വാചകങ്ങളോടൊപ്പം ആവിപിപിയുടെ പതാകയുടെയും ചെയർമാനായി തെരെഞെടുക്കപ്പെട്ട വിദ്യാർത്ഥിയുടേത് എന്ന മട്ടിൽ ഒരു ചിത്രവും നൽകിയിട്ടുണ്ട്.

തൃശൂർ ഉള്ളത് ഗുരുവായൂരപ്പൻ കോളേജ് തൃശൂർ ആണോ..? അവിടെ എബിവിപി മുഴുവൻ സീറ്റിലും കോളേജ് യൂണിയൻ തെരെഞ്ഞെടുപ്പിൽ വിജയിച്ചോ..? നമുക്ക് അറിയാൻ ശ്രമിക്കാം.

വസ്തുതാ വിശകലനം

ഗുരുവായൂരപ്പൻ കോളേജിനെ പറ്റി ഓൺലൈനിൽ അന്വേഷിച്ചപ്പോൾ പ്രസ്തുത കോളേജ് തൃശൂർ അല്ല കോഴിക്കോട് ആണ് സ്ഥിതി ചെയ്യുന്നതെന്ന് മനസ്സിലാക്കാൻ കഴിഞ്ഞു. കോഴിക്കോടുള്ള ഗുരുവായൂരപ്പൻ കോളേജ് കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ കീഴിലാണ്.

ഇത്തവണത്തെ യൂണിവേഴ്സിറ്റി യൂണിയൻ തെരെഞ്ഞെടുപ്പിൽ എസ്എഫ്ഐയ്ക്കാണ് 25 ൽ 22 സീറ്റുകളും ഗുരുവായൂരപ്പൻ കോളേജിൽ ലഭിച്ചതെന്ന് വാർത്തകൾ വന്നിരുന്നു.

തൃശൂർ ഗുരുവായൂരിൽ ശ്രീകൃഷ്ണ കോളേജാണുള്ളത്. അവിടെയും എസ്എഫ്ഐ വിജയിച്ച വാർത്തകളാണുള്ളത്. എബിവിപി വിജയിച്ചതായി വാർത്തകൾ വന്നിട്ടില്ല. നാമമാത്ര സീറ്റുകളാണ് എബിവിപിക്ക് ലഭിച്ചത് എന്നാണ് വാർത്തകളിൽ കാണാൻ സാധിക്കുന്നത്.

https://www.deshabhimani.com/news/kerala/news-kozhikodekerala-06-09-2019/820513

കൂടാതെ ചിത്രത്തിൽ നൽകിയിരിക്കുന്നത് എബിവിപി യുടെ ചെയർമാനായി തെരെഞ്ഞെടുക്കപ്പെട്ട വ്യക്തിയല്ല, മഹേള ജയവർദ്ധനെ എന്ന ക്രിക്കറ്റ് കളിക്കാരന്‍റെ ചിത്രമാണ്. ഇതേ ചിത്രം ഗെറ്റി ഇമേജസ് എന്ന ചിത്രങ്ങൾ മീഡിയയ്ക്ക് വിൽക്കുന്ന വെബ്‌സൈറ്റിൽ നൽകിയിട്ടുണ്ട്.

കാലിക്കറ്റ് യൂണിവേര്‍സിറ്റി യൂണിയന്‍ തെരെഞ്ഞെടുപ്പില്‍ എബിവിപി യ്ക്കു പോസ്റ്റില്‍ ആരോപിക്കുന്നത് പോലെ സീറ്റുകള്‍ ലഭിച്ചിരുന്നോ എന്നറിയാനായി ഞങ്ങള്‍ എബിവിപി കാലിക്കറ്റ് യൂണിറ്റ് ജോയന്‍റ് സെക്രട്ടറി ഷാജിയുമായി സംസാരിച്ചിരുന്നു. “സംഘടനയ്ക്ക് യൂണിവേര്‍സിറ്റിയില്‍ സീറ്റുകള്‍ ലഭിച്ചിട്ടുണ്ട്. പിന്നെ ഏതാനും കോളേജുകളില്‍ സീറ്റുകള്‍ കിട്ടിയിട്ടുണ്ട്. കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജിലും ഗുരുവായൂര്‍ ശ്രീകൃഷ്ണയിലും സീറ്റുകള്‍ ലഭിച്ചിട്ടില്ല.”

പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത വെറും വ്യാജ വാർത്തയാണ്. തെറ്റിധാരണ സൃഷ്ടിക്കുന്ന തരത്തിൽ വ്യാജമായി പ്രചരിപ്പിക്കുകയാണ് പോസ്റ്റിൽ ചെയ്തിരിക്കുന്നത്. തൃശൂർ ഗുരുവായൂരുള്ള ശ്രീകൃഷ്ണ കോളേജിലും എസ്എഫ്ഐയാണ് ഭൂരിപക്ഷം സീറ്റുകളും നേടിയത് എന്നാണു വാർത്തകൾ പുറത്തു വന്നിട്ടുള്ളത്. പോസ്റ്റിൽ നൽകിയിട്ടുള്ള ചിത്രം പ്രമുഖ ശ്രീകലങ്കൻ ക്രിക്കറ്റ് താരം മഹേള ജയവർദ്ധനയുടെതാണ്.

നിഗമനം

ഈ പോസ്റ്റിൽ നൽകിയിരിക്കുന്നത് പൂർണ്ണമായും തെറ്റായ വാർത്തയാണ്. തൃശൂരിൽ ഗുരുവായൂരപ്പൻ കോളേജ് എന്നൊരു കോളേജ് ഇല്ല. കോഴിക്കോടുള്ള ഗുരുവായൂരപ്പൻ കോളേജിൽ എസ്എഫ്ഐ ആണ് ഭൂരിപക്ഷം സീറ്റുകളിലും വിജയിച്ചത്. ഗുരുവായൂരുള്ള ശ്രീകൃഷ്ണ കോളേജിലും എസ്എഫ്ഐക്ക് തന്നെയാണ് ഭൂരിപക്ഷം. അതിനാൽ വ്യാജ വാർത്ത പ്രചരിപ്പിക്കുന്ന ഈ പോസ്റ്റ് ഷെയർ ചെയ്യരുതെന്ന് മാന്യ വായനക്കാരോട് ഞങ്ങൾ അഭ്യർത്ഥിക്കുന്നു.

Avatar

Title:തൃശൂർ ഗുരുവായൂരപ്പൻ കോളേജിൽ എബിവിപി വിജയിച്ചു എന്ന വാർത്തയ്ക്ക് പിന്നിലെ വസ്തുത..

Fact Check By: Vasuki S

Result: False