
ടോക്കിയോയില്‍ ജാവലിന്‍ ത്രോയില്‍ സ്വര്‍ണം നേടി ഇന്ത്യയുടെ അഭിമാനമായി മാറിയ നീരജ് ചോപ്ര വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ്. 2008 ൽ അഭിനവ് ബിന്ദ്രയ്ക്ക് ശേഷം ഇപ്പോഴാണ് ഇന്ത്യയ്ക്ക് ഒളിമ്പിക്സിൽ സ്വർണ്ണ മെഡൽ ലഭിക്കുന്നത്.
പ്രചരണം
സാമൂഹ്യ മാധ്യമങ്ങളിലും നീരജിന് അനുമോദനങ്ങൾ അർപ്പിച്ചുകൊണ്ട് ധാരാളം പോസ്റ്റുകൾ പ്രചരിക്കുന്നുണ്ട്. ഇതിനിടയിൽ പ്രചരിച്ച ഒരു പോസ്റ്റർ ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു.

“സ്വർണ്ണ നേട്ടവുമായി പറന്നിറങ്ങി ജാവലിൻ ചരിത്ര നേട്ടവുമായി സഖാവ് നീരജ് ചോപ്ര ഹരിയാനയിലെ മാർഗത്തിലെ ഡിവൈഎഫ്ഐ ലോക്കൽ കമ്മിറ്റി അംഗമാണ് സഖാവ് നീരജ് ചോപ്ര അഭിവാദ്യങ്ങൾ സഖാവേ” എന്നാണ് പോസ്റ്റിലെ വാചകങ്ങൾ നൽകിയിട്ടുണ്ട്.
അതായത് ഒളിമ്പിക് മെഡൽ ജേതാവ് നീരജ് ചോപ്ര ഡിവൈഎഫ്ഐയുടെ ലോക്കൽ കമ്മിറ്റി മെമ്പർ ആണ് എന്നാണ് പോസ്റ്റിലെ അവകാശവാദം. ഞങ്ങൾ പ്രചരണത്തെ കുറിച്ച് അന്വേഷിച്ചു. പൂർണ്ണമായും തെറ്റായ പ്രചരണമാണിത് എന്ന് കണ്ടെത്തുകയും ചെയ്തു.
വസ്തുത ഇതാണ്
നീരജ് ചോപ്ര പ്രതിരോധ വകുപ്പിൽ കമ്മീഷൻഡ് ഓഫീസർ പദവിയിൽ ജോലി ചെയ്യുകയാണ്. വാർത്തകൾ പ്രകാരം ഏതാണ്ട് ചെറുപ്രായത്തിൽതന്നെ നീരജ് ചോപ്ര 2016 ല്‍ ആർമിയിൽ ജോയിൻ ചെയ്തിട്ടുണ്ട്. ആർമി ഓഫീസർ ആയി സേവനമനുഷ്ഠിക്കുന്ന നീരജ് ചോപ്രക്ക് ഡിവൈഎഫ്ഐ അംഗമായിരിക്കാന്‍ ആര്‍മി റൂള്‍ പ്രകാരം സാധ്യമല്ല.
മാത്രമല്ല. ഡി.വൈ.എഫ്.ഐ സംഘടനയ്ക്ക് ലോക്കൽ കമ്മിറ്റിയില്ല. യൂണിറ്റ് കമ്മിറ്റി, ജില്ലാകമ്മിറ്റി, സ്റ്റേറ്റ് കമ്മിറ്റി, സെൻട്രൽ സെക്രട്ടറിയേറ്റ് എന്നിങ്ങനെയാണ് ഡിവൈഎഫ്ഐ സംഘടനയുടെ സംഘടനാപരമായ ഘടന. നീരജ് ചോപ്ര സംഘടന അംഗമാണെന്ന് വ്യാജ പ്രചരണമാണ്. ഡിവൈഎഫ്ഐ ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും ജില്ലാ സെക്രട്ടറി സെക്രട്ടറിയുമായ അഡ്വ: രാഹുൽ ആണ് ഞങ്ങളോട് ഇക്കാര്യം വിശദീകരിച്ചത്.
മർഗാനി എന്ന പേരില്‍ ഹരിയാനയിൽ ഒരു സ്ഥലനാമമില്ല. തെറ്റായ പ്രചരണമാണ് നീരജ് ചോപ്രയുടെ പേരിൽ നടത്തുന്നത്. നീരജ് ഹരിയാനയിലെ പാനിപ്പത്ത് ജില്ല സ്വദേശിയാണ്.
നിഗമനം
പോസ്റ്റിലെ വാർത്ത പൂർണമായും തെറ്റാണ്. നീരജ് ചോപ്ര ഡി.വൈ.എഫ്.ഐ ലോക്കൽ കമ്മിറ്റി അംഗമാണ് എന്ന തെറ്റായ പ്രചാരണം നടത്തുകയാണ്. ഇന്ത്യൻ ആർമിയിൽ ജൂനിയർ കമ്മീഷൻഡ് ഓഫീസറാണ് നീരജ് ചോപ്ര.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Title:ഒളിമ്പിക്സ് സ്വര്‍ണ്ണ മെഡല്‍ ജേതാവ് നീരജ് ചോപ്ര ഡിവൈഎഫ്ഐ ലോക്കല്‍ കമ്മറ്റി അംഗമാണെന്ന് വ്യാജ പ്രചരണം
Fact Check By: Vasuki SResult: False
