
വിവരണം
ഡൽഹിയിൽ സംഘ്പരിവാർ കലാപം നടത്തിയ പ്രദേശം #പ്രിയങ്കാഗാന്ധി സന്ദർശിക്കുന്നു… എന്ന തലക്കെട്ട് നല്‍കി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ആള്‍ക്കൂട്ടത്തിനിടയില്‍ ഒരു വാഹനത്തിന് മുകളില്‍ ഇരുന്ന് മാധ്യമങ്ങളോട് പ്രതികരിക്കുന്ന വീഡിയോ ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. യൂത്ത് കോണ്‍ഗ്രസ് വടാട്ടുപാറ എന്ന പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 233ല്‍ അധികം ഷെയറുകളും 73ല്‍ അധികം റിയാക്ഷനുകളും ലഭിച്ചിട്ടുണ്ട്.
Facebook Post | Archived Link |
എന്നാല്‍ യഥാര്‍ഥത്തില്‍ ഡെല്‍ഹിയിലെ കലാപ മേഖല സന്ദര്‍ശിക്കുന്ന പ്രിയങ്ക ഗാന്ധിയുടെ വീഡിയോ തന്നെയാണോ ഇത്? പ്രദേശത്ത് കര്‍ഫ്യു നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പ്രിയങ്ക ഗാന്ധി ഇങ്ങനെയൊരു സന്ദര്‍ശനം നടത്തിയോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.
വസ്‌തുത വിശകലനം
വീഡിയോയുടെ സ്ക്രീന്‍ഷോട്ട് ഉപയോഗിച്ച് നടത്തിയ റിവേഴ്‌സ് ഇമേജ് സെര്‍ച്ചില്‍ യഥാര്‍ഥ വീഡിയോ കണ്ടെത്താന്‍ കഴിഞ്ഞു. യൂ ട്യൂബില്‍ ഫെബ്രുവരി 12ന് ആവോ കഭി അസംഗര്‍ഹ് എന്ന ചാനലിലാണ് വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ അസംഗര്‍ഹില്‍ സിഎഎ വിരുദ്ധ സമര സ്ഥലം സന്ദര്‍ശിക്കുന്ന പ്രിയങ്ക ഗാന്ധി എന്ന തലക്കെട്ട് നല്‍കിയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നതും. അന്ന് പ്രിയങ്ക നടത്തിയ റോഡ് ഷോയുടെ ഇടയില്‍ മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുന്നതാണ് വീഡിയോ. അതയാത് ഈ വീഡിയോ ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്കിടയില്‍ ഡെല്‍ഹിയില്‍ പ്രിയങ്ക ഗാന്ധി സന്ദര്‍ശനം നടത്തിയപ്പോഴുള്ളതല്ല എന്ന് വ്യക്തം.
റിവേഴ്‌സ് ഇമേജ് സെര്‍ച്ച് റിസള്‍ട്ട്-

വീഡിയോയുടെ പൂര്‍ണ്ണരൂപം കാണാം–
കൂടാതെ അസംഗര്‍ഹില്‍ പ്രിയങ്ക ഗാന്ധി നടത്തിയ റോഡ് ഷോയുടെ വീഡിയോ കോണ്‍ഗ്രസ് അവരുടെ ഔദ്യോഗിക യൂട്യൂബ് ചാനലില്‍ ഫെബ്രുവരി 12ന് പങ്കുവെച്ചിട്ടുണ്ട്-
ഡെല്‍ഹി കലാപ സ്ഥലത്ത് കര്‍ഫ്യു പ്രഖ്യാപിച്ച സാഹചര്യത്തില്‍ ആര്‍ക്കും തന്നെ പ്രശ്നബാധിത മേഖലയില്‍ സന്ദര്‍ശിക്കാന്‍ കഴിയുകയില്ലെന്നത് മറ്റൊരു വസ്‌തുത കൂടിയാണ്.
നിഗമനം
ഡെല്‍ഹിയില്‍ പ്രിയങ്ക ഗാന്ധി കലാപ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു എന്ന പേരില്‍ പ്രചരിക്കുന്ന വീഡിയോ മുന്‍പ് യുപിയില്‍ നടന്ന റോഡ് ഷോയുടെതാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞു. അതുകൊണ്ട് തന്നെ പോസ്റ്റ് പൂര്‍ണ്ണമായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Title:പ്രിയങ്ക ഗാന്ധി ഡെല്‍ഹിയിലെ കലാപ മേഖലകള്‍ സന്ദര്‍ശിക്കുന്നു എന്ന വീഡിയോ വ്യാജമാണ്..
Fact Check By: Dewin CarlosResult: False
