സ്വപ്ന സുരേഷ് മുഖ്യമന്ത്രിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുത്തു എന്ന പ്രചരണത്തിന് എഡിറ്റുചെയ്ത ചിത്രം ഉപയോഗിക്കുന്നു

രാഷ്ട്രീയം | Politics

വിവരണം

മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണയുടെ വിവാഹം ഏതാനും ആഴ്ചകൾക്ക് മുമ്പായിരുന്നു. വളരെ ലളിതമായ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. 

വിവാഹ വേളയിലെ ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലും വാര്‍ത്താ മാധ്യമങ്ങളിലും വന്നിരുന്നു. ഇക്കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന സ്വർണ്ണക്കടത്ത് കേസിൽ രണ്ടാം പ്രതിയായ സ്വപ്ന സുരേഷ്  വിവാഹത്തിൽ പങ്കെടുത്തു എന്നമട്ടിൽ ചില ചിത്രങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നതായി ഞങ്ങളുടെ ശ്രദ്ധയിൽപെട്ടു. 

അത്തരത്തിൽ പ്രചരിക്കുന്ന ഒരു പോസ്റ്റ് ഇവിടെ നൽകുന്നു. 

archived linkFB post

ഇനി ഇത് വ്യാജമെന്ന് വല്ലതും പറയുമോ സ്വപ്ന പിണറായി യുടെ മകളുടെ കല്യാണത്തിന് പങ്കെടുത്ത ഫോട്ടോ പുറത്ത് എന്ന അടിക്കുറിപ്പോടെ ദമ്പതികൾക്കൊപ്പം പിണറായി വിജയനും ഭാര്യയും മന്ത്രി ഇ പി ജയരാജനും സ്വപ്ന സുരേഷും നിൽക്കുന്ന ഒരു ചിത്രമാണ് നൽകിയിട്ടുള്ളത്. എന്നാൽ ഈ ചിത്രം വ്യാജമാണ്.  യാഥാർത്ഥ്യം എന്താണെന്ന് ഞങ്ങൾ അന്വേഷിച്ച് കണ്ടെത്തിയിട്ടുണ്ട്.  

വസ്തുത വിശകലനം

ഞങ്ങൾ ഈ ചിത്രത്തെ കുറിച്ച് അന്വേഷിച്ചപ്പോൾ ഇതൊരു എഡിറ്റ് ചെയ്ത ചിത്രമാണെന്ന് മനസ്സിലായി.  ഇതിന്‍റെ ഒറിജിനൽ ചിത്രം ഞങ്ങൾക്ക് ലഭിച്ചു. 

രണ്ടു ചിത്രങ്ങളും ശ്രദ്ധിക്കുക: 

വീണയുടെ വിവാഹ വേളയിൽ ആശംസകളർപ്പിക്കാൻ ഇ പി ജയരാജൻ പത്നിയോടൊപ്പം എത്തിയിരുന്നു. അദ്ദേഹത്തിന്റെ പത്നിയുടെ ചിത്രം എഡിറ്റ് ചെയ്തു സ്വപ്ന സുരേഷിന്‍റെ തല ചേര്‍ത്തു പ്രചരിപ്പിക്കുകയാണുണ്ടായത്. 

സ്വപ്ന സുരേഷ് വിവാഹത്തിൽ പങ്കെടുത്തിട്ടില്ലെന്നും ഇത് വെറും വ്യാജപ്രചരണം മാത്രമാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും വ്യക്തമാക്കിയിട്ടുണ്ട്. 

ഈ ചിത്രം വെറും വ്യാജ പ്രചരണത്തിന് വേണ്ടി കൃത്രിമമായി ഉണ്ടാക്കിയതാണ്. സ്വപ്ന സുരേഷ് മുഖ്യമന്ത്രിയുടെ മകളുടെ വിവാഹ ചടങ്ങിൽ സംബന്ധിച്ചിട്ടില്ല. 

നിഗമനം 

പോസ്റ്റിൽ നൽകിയിരിക്കുന്നത് വ്യാജ വാർത്തയാണ് സ്വപ്ന സുരേഷ് പിണറായി യുടെ മകളുടെ കല്യാണത്തിന് പങ്കെടുത്തിട്ടില്ല നൽകിയിരിക്കുന്ന ചിത്രം എഡിറ്റ് ചെയ്തതാണ് ഈ പി ജയരാജന്‍റെ ഭാര്യയുടെ ചിത്രത്തിൽ തല എഡിറ്റ് ചെയ്ത് മാറ്റി സ്വപ്നയുടെ തല ചേര്‍ത്തിരിക്കുകയാണ്. ദുഷ്പ്രചരണത്തിനായി ഉപയോഗിക്കുന്ന ഇത്തരം പോസ്റ്റുകൾ പ്രചരിപ്പിക്കരുതെന്ന് മാന്യ വായനക്കാരോട് അഭ്യർത്ഥിക്കുന്നു. 

Avatar

Title:സ്വപ്ന സുരേഷ് മുഖ്യമന്ത്രിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുത്തു എന്ന പ്രചരണത്തിന് എഡിറ്റുചെയ്ത ചിത്രം ഉപയോഗിക്കുന്നു

Fact Check By: Vasuki S 

Result: False