
ക്രൈസ്തവ സമുദായമായ മലങ്കര ഓര്‍ത്തഡോക്സ് സഭ കോട്ടയത്ത് വച്ചു നടത്താനിരിക്കുന്ന മാർത്തോമ്മൻ പൈതൃകസംഗമവുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളില്‍ ഒരു വ്യാജ പ്രചരണം നടക്കുന്നുണ്ട്.
പ്രചരണം
മാർത്തോമ്മൻ പൈതൃകസംഗമം ഉല്‍ഘാടനം ചെയ്യുന്നത് സിനിമാതാരം ഹണി റോസ് ആണെന്ന് അവകാശപ്പെട്ടുള്ള പോസ്റ്റര്‍ ആണ് പ്രചരിക്കുന്നത്. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ
അറിയിപ്പ്
– പ്രശ്സ്ത സിനിമാ താരവും മലങ്കര നസ്യാണികളുടെ വനിതാ രത്നവുമായ ഹണി റോസ് പൈതൃക സമ്മേളനം ഉത്ഘാടനം ചെയ്യും.
ഫാ. തോമസ് വർഗ്ഗീസ് അമയിൽ
വൈദിക ട്രസ്റ്റി മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ” എന്ന വാചകങ്ങളും ഹണി റോസിന്റെ ചിത്രവും കൂടാതെ വൈദികരുടെ ചിത്രങ്ങളും പോസ്റ്ററിലുണ്ട്.

എന്നാല്‍ തെറ്റായ പ്രചരണമാണിതെന്ന് അന്വേഷണത്തില്‍ വ്യക്തമായി.
വസ്തുത ഇതാണ്
2024 ഫെബ്രുവരി 25ന് കോട്ടയം നെഹ്റു സ്റ്റേഡിയത്തിൽ മാര്‍ത്തോമ്മന്‍ പൈതൃക മഹാസമ്മേളനം നടക്കും. ഞങ്ങള്‍ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ ഇത് സംബന്ധിച്ച കുറിപ്പ് കൊടുത്തിട്ടുണ്ട്.

സഭയുടെ വെബ്സൈറ്റും ഞങ്ങള്‍ പരിശോധിച്ചു നോക്കി. എന്നാല്‍ ഹണിറോസ് ആണ് ഉല്‍ഘാടനം ചെയ്യുന്നതെന്ന് ഒരിടത്തും പരാമര്‍ശം കണ്ടെത്താനായില്ല.
പോസ്റ്ററിലെ വാചകങ്ങള്‍ പരിശോധിച്ചാല്‍ അതില്‍ അക്ഷരത്തെറ്റുകള്‍ കാണാം:

പ്രശസ്ത, നസ്രാണി എന്നീ വാക്കുകള്‍ നോക്കുക, തെറ്റായ അക്ഷരങ്ങളാണ് കൊടുത്തിട്ടുള്ളത്. മലങ്കര സഭയുടെ മഹത്തായ സമ്മേളനത്തിന്റെ പോസ്റ്ററില്‍ ഇത്തരത്തില്‍ അക്ഷരത്തെറ്റുകള്‍ കടന്നു വരാനുള്ള സാധ്യതകള്‍ കുറവാണ്.
അതിനാല്‍, കൂടുതല്‍ വ്യക്തതക്കായി ഞങ്ങള്‍ മലങ്കര സഭയുടെ പബ്ലിക് റിലേഷന്‍സ് ഓഫീസറുമായി സംസാരിച്ചു. അദ്ദേഹം ഞങ്ങളുടെ പ്രതിനിധിയെ അറിയിച്ചത് ഇങ്ങനെ: “വ്യാജ പ്രചരണമാണിത്. ആത്മീയ ആചാര്യന്മാര് പങ്കെടുക്കുന്ന ഇത്തരം സമ്മേളനങ്ങള്‍ ഉല്‍ഘാടനം ചെയ്യാന്‍ ഞങ്ങള്‍ സിനിമാതാരങ്ങളെ വിളിക്കാറില്ല. സഭക്കെതിരെ ദുഷ്പ്രചാരണം നടത്തുകയാണ്.”
പൂര്‍ണ്ണമായും തെറ്റായ പ്രചരണമാണ് മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പേരില്‍ നടത്തുന്നതെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
നിഗമനം
പോസ്റ്റിലെ പ്രചരണം തെറ്റാണ്. മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പൈതൃക സമ്മേളനം ഉല്‍ഘാടനം ചെയ്യുന്നത് സിനിമാതാരം ഹണി റോസ് ആണെന്നത് പൂര്‍ണ്ണമായും വ്യാജ പ്രചരണമാണ്. സഭയുടെ പരിപാടികള്‍ ഒരിക്കലും സിനിമാതാരങ്ങളെ കൊണ്ട് ഉല്‍ഘാടനം ചെയ്യിക്കാറില്ലെന്ന് മലങ്കര സഭയുടെ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ: Facebook | Twitter | Instagram | WhatsApp (9049053770)
Title:മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പൈതൃക സമ്മേളനം ഹണി റോസ് ഉല്‍ഘാടനം ചെയ്യുമെന്ന് വ്യാജപ്രചരണം…
Written By: Vasuki SResult: False


