കൊറോണ വൈറസ് ബാധിച്ച 20,000 ത്തിലധികം രോഗികളെ കൊല്ലാൻ ചൈന കോടതിയുടെ അനുമതി തേടി എന്ന വാർത്ത തെറ്റാണ്…

Coronavirus അന്തർദേശിയ൦ ആരോഗ്യം

വിവരണം 

മാരകമായ കൊറോണ വൈറസ് ബാധിച്ച 20,000 ത്തിലധികം രോഗികളെ കൊല്ലാൻ ചൈന കോടതിയുടെ അനുമതി തേടി എന്ന വാർത്തയുമായി എബി-ടിസി (സിറ്റി ന്യൂസ്) എന്ന വെബ്‌സൈറ്റ് പ്രസിദ്ധീകരിച്ച  ലേഖനം ലോകമെമ്പാടും പ്രചരിക്കുന്നുണ്ട്. ലേഖനം സത്യമാണോ എന്നറിയാൻ വായനക്കാരിൽ നിന്ന് ഞങ്ങൾക്ക് വാട്ട്‌സ്ആപ്പ് സന്ദേശം ലഭിച്ചു. 

ഇത് തെറ്റായ വാർത്തയാണെന്ന് ആദ്യം തന്നെ അറിയിക്കട്ടെ . എന്തുകൊണ്ടാണ് വാർത്ത തെറ്റാണെന്നു പറയുന്നത് എന്നു വിശദമാക്കാം.

വസ്തുതാ വിശകലനം

വെള്ളിയാഴ്ച വൈറസ് ബാധിച്ച് മരണമടഞ്ഞവരുടെ എണ്ണം 600 കടന്നുവെന്ന് സ്ഥിരീകരണം വന്നതോടെയാണ് ഈ വാർത്ത  ഇൻറർനെറ്റിൽ പ്രചരിച്ചു തുടങ്ങിയത്. അടിയന്തിര സാഹചര്യത്തെ സംബന്ധിച്ച് ചൈന കൂടുതൽ വാർത്തകൾ പുറത്തു വിട്ടിട്ടില്ല. എങ്കിലും, എബി-ടിസിയുടെ അവകാശവാദത്തെ ശരിവയ്ക്കുന്ന വിശ്വസനീയമായ വാർത്ത  ഞങ്ങൾക്ക് കണ്ടെത്താൻ കഴിഞ്ഞില്ല. പ്രസ്തുത വാർത്ത ഈ വെബ്‌സൈറ്റിൽ മാത്രമാണുള്ളത്.

വൈറസ് പടരുന്നത് തടയാൻ ചൈനയിൽ കൊറോണ വൈറസ് രോഗികളെ കൂട്ടത്തോടെ ഇല്ലായ്മ ചെയ്യാൻ ചൈനയിലെ പരമോന്നത കോടതി വെള്ളിയാഴ്ച അനുമതി നൽകുമെന്നും സിറ്റി ന്യൂസ് എന്നറിയപ്പെടുന്ന എബി-ടിസി വെബ്‌സൈറ്റിന്റെ ലേഖനത്തിലുണ്ട്. ഒരു ഔദ്യോഗിക ചൈനീസ് സ്രോതസ്സിൽ നിന്നുള്ള  രേഖകളോ ഉദ്യോഗസ്ഥരുടെ പ്രസ്താവനയോ പോലും വെബ്‌സൈറ്റ് ലേഖനത്തിലില്ല. ‘ആരോഗ്യ പ്രവർത്തകരെയും മറ്റുള്ളവരെയും രക്ഷിക്കാൻ രോഗം ബാധിച്ച കുറച്ച് രോഗികളുടെ ജീവൻ ബലിയർപ്പിച്ചില്ലെങ്കിൽ മുഴുവൻ പൗരന്മാരെയും നഷ്ടപ്പെടുമെന്ന് “ഒരു രേഖയിൽ ചൈന പരാമർശിച്ചതായി” ലേഖനത്തിലുണ്ട്. എന്നാൽ ഈ രേഖയെപ്പറ്റി കൂടുതലൊന്നും വ്യക്തമാക്കിയിട്ടില്ല. ഏതാനും രോഗികളെ ചൈന കൊന്നുകളഞ്ഞിട്ടുണ്ടെന്നും ലേഖനത്തിൽ വിവരിക്കുന്നു. ഈ വാർത്ത പ്രചരിപ്പിക്കുന്ന ഒരു ഫേസ്ബുക്ക് പോസ്റ്റ് താഴെ കൊടുക്കുന്നു. 

archived linkFB post

എബി-ടിസി (സിറ്റി ന്യൂസ്) എന്ന വെബ്‌സൈറ്റിന്  പിന്നിൽ ആരാണെന്ന് സൂചിപ്പിക്കുന്ന വിശദാംശങ്ങളൊന്നുമില്ല. വെബ്‌സൈറ്റിലെ ലേഖനങ്ങളിൽ എഴുതിയവരുടെ പേരില്ല. ‘പ്രാദേശിക ലേഖകന്മാർ’ എന്നു മാത്രമാണ് നൽകിയിട്ടുള്ളത്. വെബ്‌സൈറ്റിന്റെ വിശദാംശങ്ങൾ പരിശോധിച്ച്  ബൂം എന്ന വെബ്സൈറ്റ് അവരുടെ വസ്തുതാ അന്വേഷണ ലേഖനത്തിൽ ചേർത്തിട്ടുണ്ട്. ചൈനയിലെ ഗുവാങ്‌ഡോംഗിൽ ഏഴ് മാസം മുമ്പ് 2019 ജൂണിൽ രജിസ്റ്റർ ചെയ്‌ത്  സ്ഥാപിച്ചതാണെന്നും പറയപ്പെടുന്നു.

സൈറ്റ് ഗ്വാങ്‌ഡോങ്ങിലാണ്‌ രജിസ്റ്റർ‌ ചെയ്‌തിരിക്കുന്നതെങ്കിലും, അതിന്റെ ഉള്ളടക്കം ഇംഗ്ലീഷിലും യു‌എസ് കേന്ദ്രീകൃതവുമാണ്. അമേരിക്കയിലെ വായനക്കാരെയാണ് ലക്ഷ്യമിടുന്നത് എന്ന് അനുമാനിക്കുന്നു. ക്ലിക്ക്-ബെയ്റ്റ് ലിങ്കുകളുടെ വൻ ശേഖരമുള്ള ഒരു വ്യാജ സൈറ്റാണെന്നതിന്റെ മറ്റ് സൂചനകളും സൈറ്റിനുണ്ട്.

യുഎസ് വസ്തുത അന്വേഷണ വെബ്‌സൈറ്റായ സ്‌നോപ്പ്സ്  എബി-ടിസി (സിറ്റി ന്യൂസ്) -വാർത്ത വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.. പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയുടെ വെബ്‌സൈറ്റിൽ സുപ്രീം പീപ്പിൾസ് കോടതിയിൽ ഇങ്ങനെയൊരു കേസ് നിലവിലില്ലെന്ന് സ്നോപ്സ് അറിയിക്കുന്നു.. 

കൊറോണ വൈറസിന്റെ ആദ്യ കേസ് വുഹാനിൽ 2019 ഡിസംബറിൽ ലോകാരോഗ്യ സംഘടന റിപ്പോർട്ട് ചെയ്തു. വുഹാനിലെ ഒരു സമുദ്രമത്സ്യവിപണിയിൽ നിന്നാണ് ഈ വൈറസ് ഉണ്ടായതെന്ന് ചൈന അവകാശപ്പെടുന്നുണ്ടെങ്കിലും വൈറസിന്റെ കൃത്യമായ ഉറവിടം ഇതുവരെ കണ്ടെത്തിയിട്ടില്ല. 2020 ജനുവരി 30 ന് ലോകാരോഗ്യ സംഘടന  പൊതു ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. നിരവധി വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമായ വാർത്തകൾ കൊറോണ വൈറസുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നുണ്ട്. ചില വാർത്തകളുടെ വസ്തുതാ അന്വേഷണം ഞങ്ങൾ നടത്തിയിരുന്നു.

ഇന്ത്യയിൽ ആദ്യമായി കൊറോണ വൈറസ് രാജസ്ഥാനിലല്ല സ്ഥിരീകരിച്ചത്.. കേരളത്തിലാണ്…

ഇത് ചൈനയിലെ വുഹാൻ മാർക്കറ്റല്ല, ഇൻഡോനേഷ്യയിലെ ലങ്കോവൻ മാർക്കറ്റാണ്

RAPID FC: പന്നികളെ കത്തിച്ചു കൊല്ലുന്ന വീഡിയോ- കൊറോണ വൈറസുമായി ബന്ധപെടുത്തി തെറ്റായ പ്രചരണം…

നിഗമനം 

ഈ വാർത്ത തെറ്റാണ്. വാർത്ത നൽകിയ വെബ്‌സൈറ്റ് യാതൊരു അധികാരികതയുമില്ലാത്തതാണ്. കോറോണ വൈറസ് ബാധിതരെ കൂട്ടത്തോടെ കൊല്ലാൻ ചൈന കോടതി ഉത്തരവ് തേടിയതായി ഈ വെബ്‌സൈറ്റിലല്ലാതെ മറ്റൊരിടത്തും വാർത്തകളില്ല. അതിനാൽ ഈ വാർത്ത വിശ്വസനീയമല്ല.

Avatar

Title:കൊറോണ വൈറസ് ബാധിച്ച 20,000 ത്തിലധികം രോഗികളെ കൊല്ലാൻ ചൈന കോടതിയുടെ അനുമതി തേടി എന്ന വാർത്ത തെറ്റാണ്…

Fact Check By: Vasuki S 

Result: False