സിപിഎമ്മിന്‍റെ ദേശീയ പാര്‍ട്ടി പദവി നഷ്ടമായി എന്ന പ്രചരണം വ്യാജം.. വസ്‌തുത ഇതാണ്..
വിവരണം
കേരളം ഭരിക്കുന്ന ഇടതുപക്ഷ സര്‍ക്കാരിന് നേതൃത്വം നല്‍കുന്ന സിപിഐ എമ്മിന്‍റെ ദേശീയ പാര്‍ട്ടി പദവി നഷ്ടപ്പെട്ടു എന്ന് തരത്തിലുള്ള പ്രചരണം കുറച്ച് നാളുകളായി സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പ്രധാനമായും 2019ലെ തെരഞ്ഞെടുപ്പിന് ശേഷമാണ് ഇത്തരത്തിലൊരു പ്രചരണം വൈറലാകാന്‍ തുടങ്ങിയത്. ശേഷം 2021ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് തുടര്‍ഭരണം നേടിയെങ്കിലും ദേശീയ പാര്‍ട്ടി പദവി നിലനിര്‍ത്താനുള്ള മാനദണ്ഡങ്ങളില്‍ പറയുന്ന വോട്ട് വിഹിതമോ സീറ്റോ ലഭിക്കാത്തതിനാല്‍ ദേശീയ പാത പദവി നഷ്ടപ്പെട്ടു എന്നാണ് ഒരു ഓണ്‍ലൈന്‍ മാധ്യമം നല്‍കിയ വാര്‍ത്ത. കൂടാതെ ഇന്ത്യയില്‍ ആകെ മൂന്ന് ദേശീയ പാര്‍ട്ടികളാണുണ്ടായിരുന്നതെന്നും ഇപ്പോള്‍ സിപിഎം പുറത്തായതോടെ ബിജെപിയും കോണ്‍ഗ്രസും മാത്രമാണ് ദേശീയ പാര്‍ട്ടിയെന്നുമാണ് ഈ ഓണ്‍ലൈന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്. സിപിഐയുടെ ദേശീയ പാര്‍ട്ടി പദവിയും നഷ്ടമായെന്നാണ് അവകാശവാദം.
യുവദര്‍ശന മട്ടിച്ചോട് എന്ന ഫെയ്‌സ്ബുക്ക് പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് നിരവധി ഷെയറുകളും റിയാക്ഷനുകളുമാണ് ലഭിച്ചിരിക്കുന്നത്. ന്യൂസ് ഇന്ത്യാ മലയാളം എന്ന ഓണ്‍ലൈന്‍ മാധ്യമം നല്‍കിയ വാര്‍ത്തയുടെ വീഡിയോയാണ് ഇത്തരത്തില്‍ പങ്കുവെച്ചിരിക്കുന്നത്-
എന്നാല്‍ യഥാര്‍ത്ഥത്തില്‍ സിപിഎമ്മിന്‍റെ ദേശീയ പാര്‍ട്ടി പദവി നഷ്ടപ്പെട്ടോ? ഇനി മുതല്‍ സ്വന്തം ചിഹ്നത്തില്‍ മത്സരിക്കാന്‍ സിപിഎമ്മിന് കഴിയുകയില്ലേ? പ്രാദേശിക പാര്‍ട്ടി മാത്രമായി മാറിയോ സിപിഎം? ഇന്ത്യയില്‍ രണ്ട് ദേശീയ പാര്‍ട്ടികള്‍ മാത്രമാണോ നിലവിലുള്ളത്? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്താണെന്ന് അറിയാം..
വസ്‌തുത വിശകലനം
സിപിഎം നേതാവും ആലപ്പുഴ എംഎല്‍എയുമായ പി.പി.ചിത്തരഞ്ജനോട് സിപിഎം ദേശീയ പാര്‍ട്ടി പദവി സംബന്ധിച്ച പ്രചരണത്തെ കുറിച്ച് അന്വേഷിച്ചതില്‍ നിന്നും അദ്ദേഹം നല്‍കിയ മറുപടി ഇങ്ങനെയാണ്-
സിപിഎം ദേശീയ പാര്‍ട്ടി പദവിയില്‍ നിന്നും നീക്കം ചെയ്യപ്പെടുമെന്ന പ്രചരണം പൂര്‍ണ്ണമായും വ്യാജമാണ്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സിപിഐഎം നേരിട്ട അപ്രതീക്ഷിതമായ തിരച്ചടിയെ തുടര്‍ന്ന് ചില ഓണ്‍ലൈന്‍ മാധ്യമങ്ങളും ബിജെപി മുഖപത്രവും ഇത്തരത്തില്‍ പ്രചരണങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ നാല് സംസ്ഥാനങ്ങളില്‍ സംസ്ഥാന പാര്‍ട്ട പദവി ഉള്ളതിനാല്‍ സിപിഎം ഇപ്പോഴും ദേശീയ പാര്‍ട്ടിയായി തുടരുമെന്നും. നിലവില്‍ സിപിഎമ്മിന്‍റെ പ്രസക്തി ദേശീയ രാഷ്ട്രീയത്തില്‍ ശ്രദ്ധനേടിയിട്ടുണ്ടെന്നും ഇത് വലിയ മുന്നേറ്റത്തിന് കാരണമാകുമെന്നും ഇത്തരം വ്യാജ പ്രചരണങ്ങള്‍ക്കുള്ള മറുപടി ഭാവിയില്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ച എത്ര ദേശീയ പാര്‍ട്ടികളാണുള്ളത്?
എട്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കാണ് ദേശീയ പാര്‍ട്ടി പദവികളുള്ളതെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ 2020ല്‍ പങ്കുവെച്ചിരിക്കുന്ന രേഖകളിലെ വിവരം. ഇതില്‍ ദേശീയ പാര്‍ട്ടി പദവി നഷ്ടപ്പെട്ടു എന്ന് പ്രചരണം നടക്കുന്ന സിപിഎമ്മും സിപിഐയും ഉള്‍പ്പെടുമെന്നതാണ് വസ്‌തുത. ഇന്ത്യയില്‍ ആകെ മൂന്ന് ദേശീയ പാര്‍ട്ടകളാണുള്ളതെന്ന വിവരവും തെറ്റാണ്. ബിജെപി, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യാ മാര്‍ക്‌സിസ്റ്റ്, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ, നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍സിപി), നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി, ഓള്‍ ഇന്ത്യാ തൃണമൂല്‍ കോണ്‍ഗ്രസ്, ബഹുജന്‍ സമാജ് പാര്‍ട്ടി എന്നിവയാണ് എട്ട് ദേശീയ പാര്‍ട്ടികള്‍.
തെരഞ്ഞെടുപ്പ് കമ്മീഷന്‍ 2020 മാര്‍ച്ച് ആറിന് അവരുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവെച്ച ദേശീയ പാര്‍ട്ടികളുടെ പട്ടിക-
സിപിഎമ്മിന് ദേശീയ പാര്‍ട്ടി പദവി നഷ്ടമായിട്ടില്ല എന്ന് ടൈംസ് ഓഫ് ഇന്ത്യാ സമയം മലയാളം റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്ത-
ദേശീയ പാര്‍ട്ടിയായി തുടരാനുള്ള മൂന്ന് മാനദണ്ഡങ്ങളില്‍ സിപിഎമ്മിന് ആശ്വാസമായത് മൂന്നാമത്തെ മാനദണ്ഡമാണ്-
നിഗമനം
സിപിഎം ദേശീയ പാര്‍ട്ടി പദവിയില്‍ തന്നെ തുടരുന്ന രാഷ്ട്രീയ പാര്‍ട്ടിയാണെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പട്ടികയില്‍ നിന്ന് തന്നെ കിട്ടുന്ന വിവരം. മാനദണ്ഡ പ്രകാരം നാല് സംസ്ഥാനങ്ങളില്‍ സംസ്ഥാന പാര്‍ട്ടിയായി നിലനില്‍ക്കുന്നത് കൊണ്ട് തന്നെ ദേശീയ പാര്‍ട്ടി പദവി നഷ്ടപെടില്ല എന്നതാണ് വസ്‌തുത. അതുകൊണ്ട് തന്നെ പ്രചരണം പൂര്‍ണമായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.
Title:സിപിഎമ്മിന്‍റെ ദേശീയ പാര്‍ട്ടി പദവി നഷ്ടമായി എന്ന പ്രചരണം വ്യാജം.. വസ്‌തുത ഇതാണ്..
Fact Check By: Dewin CarlosResult: False