
വിവരണം
സിപിഎം വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന കനയ്യ കുമാര്‍ കോണ്‍ഗ്രസും വിടുന്നു എന്ന പ്രചരണമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. സംഘപരിവാറിനെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസിന് കഴിയുന്നില്ലെന്ന് കനയ്യ പ്രസ്താവന നടത്തിയെന്നും അതിനാല്‍ കോണ്‍ഗ്രസ് വിടുകയാണെന്നുമാണ് പ്രചരണം. പോരാളി സാബു എന്ന പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 197ല്‍ അധികം റിയാക്ഷനുകളും 49ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്-

എന്നാല്‍ യഥാര്‍ത്ഥത്തില്‍ കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കുന്ന കനയ്യ കുമാര്‍ പാര്‍ട്ടി വിടുമെന്ന പ്രഖ്യാപനം നടത്തിയിട്ടുണ്ടോ? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് പരിശോധിക്കാം.
വസ്‌തുത വിശകലനം
എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലുമായി ഞങ്ങളുടെ പ്രതിനിധി ഫോണില്‍ ബന്ധപ്പെട്ടു. കനയ്യ കുമാര്‍ കോണ്‍ഗ്രസ് വിടുമെന്ന പ്രചരണം സത്യമാണോ എന്ന ചോദ്യത്തിന് അദ്ദേഹം നല്‍കിയ മറുപടി ഇങ്ങനെയാണ്-
തികച്ചും തെറ്റായ പ്രചരണമാണ്. സെപ്റ്റംബര്‍ ഏഴിന് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കന്യാംകുമാരിയില്‍ നിന്നും ആരംഭിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ പങ്കാളിയാകണമെന്ന് കനയ്യ ഇതിനോടകം പാര്‍ട്ടിയെ അറിയിച്ചിട്ടുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ കോണ്‍ഗ്രസില്‍ സജീവ പ്രവര്‍ത്തകനായ കനയ്യ കുമാര്‍ പാര്‍ട്ടി വിടുന്നു എന്ന പ്രചരണം അടിസ്ഥാന രഹിതമാണെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു. കൂടാതെ കനയ്യക്ക് ചില സുപ്രധാന പദവികള്‍ കോണ്‍ഗ്രസ് നല്‍കിയേക്കുമെന്നും മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നു.
നിഗമനം
കനയ്യ കുമാര്‍ കോണ്‍ഗ്രസ് വിടുമെന്ന പ്രചരണം വ്യാജമാണെന്ന് കോണ്‍ഗ്രസ് നേതൃത്വം തന്നെ പ്രതികരിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ സമൂഹമാധ്യമങ്ങളിലെ പ്രചരണം പൂര്‍ണ്ണമായും വ്യാജമാണെന്ന് അനുമാനിക്കാം.

Title:കനയ്യ കുമാര്‍ കോണ്‍ഗ്രസ് വിടുന്നു എന്ന പ്രചരണം വ്യാജം.. വസ്‌തുത അറിയാം..
Fact Check By: Dewin CarlosResult: False
