പ്രവാസികള്‍ക്ക് കൈരളി ടിവി നല്‍കുന്ന സൗജന്യ ഫ്ലൈറ്റ് ടിക്കറ്റിന്‍റെ രണ്ടാംഘട്ട വിതരണം ആരംഭിച്ചു എന്ന പ്രചരണം വ്യാജം..

രാഷ്ട്രീയം | Politics

വിവരണം

#പ്രവാസികൾക്ക്_കൈരളി_നൽകുന്ന_സൗജന്യ #ടിക്കറ്റുകളുടെ_രണ്ടാംഘട്ട_വിതരണം_ആരംഭിച്ചു 💞💞💞 (ശ്രദ്ധിക്കുക സൗജന്യ ടിക്കറ്റുകൾ)

#KMCC എന്ന സംഘടന ഈ കോവിഡ് കാലത്തും പാവപ്പെട്ട പ്രവാസികളെ പിഴിയുമ്പോൾ അവർക്ക് താങ്ങും തണലുമായി ഇടതുപക്ഷ സർക്കാറും സംഘടനകളും മാറുന്നു..

NB:- ചില ശൈവർ മൂരികളോട് പറയാനുള്ളത് ഊളകളേ ഞങ്ങൾ സഖാക്കൾ ചെയ്യാൻ കഴിയുന്നതേ പറയാറൊള്ളൂ. പറയുന്നതേ ചെയാറുള്ളു..

#ഇടതുപക്ഷം_ഹൃദയപക്ഷം എന്ന തലക്കെട്ട് നല്‍കി കൈരളി ചാനലിന്‍റെ ലോഗോ സഹിതം ഉപയോഗിച്ച് ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രചരിക്കുന്നുണ്ട്. രണ്ടാംഘട്ട ടിക്കറ്റ് വിതരണം ആരംഭിച്ചെന്നും കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടാനായി ഫോണ്‍ നമ്പറുകളും പോസ്റ്റില്‍ നല്‍കിയിട്ടുണ്ട്. പത്മനാഭന്‍ കണ്ണൂര്‍ എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന്  ഇതുവരെ 66ല്‍ അധികം റിയാക്ഷനുകളും 37ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്.

Facebook PostArchived Link

എന്നാല്‍ കൈരളി ചാനല്‍ ഇത്തരത്തില്‍ പ്രവാസികള്‍ക്കായി സൗജന്യ ടിക്കറ്റ് നല്‍കുന്ന പദ്ധതിയുടെ രണ്ടാം ഘട്ടം ആരംഭിച്ചിട്ടുണ്ടോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.

വസ്‌തുത വിശകലനം

പദ്ധതിയെ കുറിച്ച് അറിയാന്‍ ഞങ്ങളുടെ പ്രതിനിധി കൈരളിയുടെ തിരുവനന്തപുരം ബ്യൂറോയുമായി ബന്ധപ്പെട്ടു. അവര്‍ നല്‍കിയ മറുപടി ഇപ്രകാരമാണ്-

കൈകോര്‍ത്ത് കൈരളി എന്ന പേരില്‍ കോവിഡ് ദുരിതത്തില്‍ പ്രവാസികള്‍ക്ക് നാട്ടിലേക്ക് മടങ്ങി വരാന്‍ കൈരളി ആയിരം ഫ്ലൈറ്റ് ടിക്കറ്റുകള്‍ സൗജന്യമായി നല്‍കിയിരുന്നു. മെയ് 26ന് ആദ്യമായി ടിക്കറ്റ് നല്‍കി ഉദ്യമം ആരംഭിച്ചു. കൈരളി ടിവിയുടെ ചെയര്‍മാനും സിനിമ താരവുമായ മമ്മൂട്ടിയുടെയും മാനേജിങ് ഡയറക്‌ടര്‍ ജോണ്‍ ബ്രിട്ടാസിന്‍റെയും നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കിയത്. എന്നാല്‍ ഇതിന്‍റെ രണ്ടാംഘട്ടം ഇതുവരെ ആരംഭിച്ചിട്ടില്ല. അത്തരത്തില്‍ ചാനല്‍ ഔദ്യോഗികമായി യാതൊരു അറിയിപ്പുകളും നല്‍കിയിട്ടില്ല. ചാനലിന്‍റെ ലോഗോ ഉപയോഗിച്ച് വ്യാജ ഫോണ്‍ നമ്പറുകള്‍ നല്‍കിയാവാം ഈ വ്യാജ പ്രചരണം നടക്കുന്നത്. പ്രചരണം തികച്ചും അടിസ്ഥാനരഹിതമാണെന്നും കൈരളയുടെ പ്രതിനിധി അറിയിച്ചു.

കൈരളിയുടെ കൈ കോര്‍ത്ത് കൈരളി പദ്ധതിയുടെ വിശദവിവരങ്ങള്‍-

Kairali News ReportArchived Link

നിഗമനം

കൈരളി ചാനലിന്‍റെ ലോഗോയും വ്യാജ ഫോണ്‍ നമ്പറുകളും നല്‍കി സമൂഹമാധ്യമങ്ങളില്‍ വ്യാജപ്രചരണം നടത്തുകയാണെന്ന് കൈരളി ടിവി പ്രതിനിധികള്‍ തന്നെ അറിയിച്ചു. അതുകൊണ്ട് തന്നെ പോസ്റ്റ് പൂര്‍ണ്ണമായും വ്യജമാണെന്ന് തന്നെ അനുമാനിക്കാം.

Avatar

Title:പ്രവാസികള്‍ക്ക് കൈരളി ടിവി നല്‍കുന്ന സൗജന്യ ഫ്ലൈറ്റ് ടിക്കറ്റിന്‍റെ രണ്ടാംഘട്ട വിതരണം ആരംഭിച്ചു എന്ന പ്രചരണം വ്യാജം..

Fact Check By: Dewin Carlos 

Result: False