
വിവരണം
അതിതീവ്ര വൈറസ് ഇന്ത്യയില്‍ എത്തി.. യുകെയില്‍ നിന്നും ഡെല്‍ഹിയില്‍ എത്തിയ അഞ്ച് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.. അതീവ ജാഗ്രത പുലര്‍ത്തുക രോഗം പകര്‍ന്ന് പിടിക്കാന്‍ നിസ്സാര സമയം മതി.. എന്ന പേരില്‍ ജില്ലാ മെഡിക്കല്‍ ഓഫിസ് ഇടുക്കിയുടെ പേരിലുള്ള ഒരു പോസ്റ്റര്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പുനലൂര്‍ ഓഫീഷ്യല്‍സ് എന്ന പേജില്‍ പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 78ല്‍ അധികം റിയാക്ഷനുകളും 212ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്.
എന്നാല്‍ കോവിഡിന്‍റെ അതിതീവ്ര വൈറസ് സ്ട്രെയിന്‍ ആണോ യുകെയില്‍ നിന്നും ഡെല്‍ഹിയില്‍ എത്തിയവരില്‍ നിന്നും കണ്ടെത്തിയത്? ഇവരുടെ പരിശോധന ഫലം പുറത്ത് വന്നോ? വസ്‌തുത പരിശോധിക്കാം.
വസ്‌തുത വിശകലനം
നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ഇടുക്കി (എന്‍എച്ച്എം) എന്ന സര്‍ക്കാരിന്‍റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലാണ് ആദ്യമായി ഇത്തരമൊരു പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. എന്‍എച്ച്എം ഇടുക്കി പങ്കുവെച്ച പോസ്റ്ററാണ് പിന്നീട് സമൂഹമ്യമാധ്യമങ്ങളില്‍ നിമിഷ നേരം കൊണ്ട് വൈറലായി മാറിയതെന്ന് ഞങ്ങളുടെ അന്വേഷണത്തില്‍ നിന്നും കണ്ടെത്താന്‍ കഴിഞ്ഞു. എന്നാല്‍ ഡെല്‍ഹിയില്‍ യുകെയില്‍ നിന്നും എത്തിയ സഞ്ചാരികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു എന്നത് സത്യാമാണെന്ന് ദേശീയ മാധ്യമങ്ങള്‍ ഉള്‍പ്പടെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതെസമയം ഇത് അതിതീവ്ര സ്വഭാവമുള്ള പുതിയ കോവിഡിന്‍റെ സ്ട്രെയിന്‍ ആണോയെന്നത് റിസള്‍ട്ട് ഫലം വന്ന ശേഷം മാത്രമെ തിരിച്ചറിയാന്‍ കഴിയുകയുള്ളു എന്നാണ് വാര്‍ത്തകളില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതുവരെ ടെസ്റ്റിന്‍റെ ഫലം പുറത്ത് വന്നിട്ടില്ലാത്തത് കൊണ്ട് തന്നെ അതിതീവ്ര വൈറസ് ഇന്ത്യയില്‍ കണ്ടെത്തി എന്ന പ്രചരണം വസ്‌തുത വിരുദ്ധമാണെന്ന് വ്യക്തം.
എഎന്‍ഐ വാര്‍ത്ത ഏജെന്‍സി നല്‍കിയ റിപ്പോര്‍ട്ട്-
ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച വിവരത്തിന്‍റെ ആധികാരികത അറിയാന്‍ ഇടുക്കി ജില്ലാ മെഡിക്കല്‍ ഓഫിസുമായി ഞങ്ങളുടെ പ്രതിനിധി ഫോണില്‍ ബന്ധപ്പെട്ടു. അവരുടെ വിശദീകരണം ഇങ്ങനെയാണ്- ക്ലെറിക്കല്‍ മിസ്‌ടേക് സംഭവിച്ചതാണ്. സ്റ്റാഫിന് പറ്റിയ ഒരു അബദ്ധമാണ് ഫെയ്‌സ്ബുക്ക് പോസ്റ്റ്. പേജില്‍ പങ്കുവെച്ച പോസ്റ്റ് ആരും പങ്കുവെക്കരുത്. പോസ്റ്റിന് ആവശ്യമായ എഡിറ്റിങ് നടത്തിയിട്ടുണ്ടെന്നും പോസ്റ്റര്‍ നീക്കം ചെയ്തു എന്നും ഓഫിസ് അധികൃതര്‍ അറിയിച്ചു.
എന്‍എച്ച്എം ഇടുക്കിയുടെ ഫെയ്‌സ്ബുക്ക് പേജിലെ പോസ്റ്റിന്‍റെ എഡിറ്റിങ് ഹിസ്റ്ററി പരിശോധിച്ചതില്‍ നിന്നും അതിതീവ്ര വൈറസ് ഇന്ത്യയില്‍ കണ്ടെത്തിയെന്ന പോസ്റ്റ് ഇവര്‍ തന്നെ പങ്കുവെച്ചിട്ടുള്ളതാണെന്ന് ഞങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞു. പിന്നീട് അബദ്ധം മനസിലാക്കി പോസ്റ്റര്‍ നീക്കം ചെയ്യുകയും പിന്നീട് അതിതീവ്ര കോവിഡ‍് വൈറസ് കണ്ടെത്തിയ യുകെയില്‍ നിന്നും എത്തിയവര്‍ക്ക് രോഗം സ്ഥിരകീരിച്ചു എന്ന് മാത്രമായി പോസ്റ്റ് ചെയ്യുകയും ചെയ്തു. അധികം വൈകാതെ അധികൃതര്‍ പോസ്റ്റ് പൂര്‍ണ്ണമായി തന്നെ നീക്കം ചെയ്തു എന്നാണ് ഞങ്ങള്‍ ഒടുവില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്താന്‍ കഴിഞ്ഞത്.
എന്‍എച്ച്എം ഇടുക്കി ഫെയ്‌സ്ബുക്ക് പേജിലെ എഡിറ്റ് ഹിസ്റ്ററി-
ഇടുക്കി എന്‍എച്ച്എം പങ്കുവെച്ച ഫെയ്‌സ്ബുക്ക് പോസ്റ്റര്‍ (പിന്നീട് നീക്കം ചെയ്തു) –
നിഗമനം
യുകെയില്‍ നിന്നും ഇന്ത്യയില്‍ എത്തിയ 5 പേര്‍ക്കാണ് കോവിഡ് സ്ഥരീകരിച്ചത്. എന്നാല്‍ ഇത് അതിതീവ്ര ശക്തിയുള്ള പുതിയ കോവിഡ് വൈറസ് ആണോയെന്ന് സ്ഥിരീകരിച്ചിട്ടില്ല. പരിശോധന ഫലം പുറത്ത് വന്നിട്ടില്ലയെന്ന് ദേശീയ വാര്‍ത്ത ഏജന്‍സികള്‍ തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇടുക്കി എന്‍എച്ച്എം ഔദ്യോഗിക ഫെയ്‌സ്ബുക്കില്‍ അബദ്ധത്തില്‍ പങ്കുവെച്ച പോസ്റ്റാണ് പ്രചരിക്കുന്നതെന്ന് ഇടുക്കി ജില്ലാ മെഡിക്കല്‍ ഓഫിസ് അധികൃതര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍ പോസ്റ്റ് വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Title:ഇന്ത്യയില്‍ കോവിഡിന്‍റെ അതിശക്തിയേറിയ വൈറസ് സ്ട്രെയിന്‍ കണ്ടെത്തിയോ.. വസ്‌തുത അറിയാം..
Fact Check By: Dewin CarlosResult: False
