
സാധാരണക്കാര്‍ക്ക് കൂടി ജനപ്രതിനിധികളാകാന്‍ അവസരം ലഭിക്കുന്ന ജനാധിപത്യ പ്രക്രിയയാണ് തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ്. കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് മൂന്ന് മുന്നണികള്‍ക്കും കേവലം ഒരു പഞ്ചായത്ത് തെരഞ്ഞെടുപ്പ് മാത്രമല്ല, ഇനിയെത്തുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളം അരാണ് ഭരിക്കുകയെന്നുള്ള ഏകദേശ വിധിയെഴുത്തായി രാഷ്ട്രീയ നിരീക്ഷകര്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പിനെ വിലയിരുത്തുന്നു. കേരളത്തില്‍ തെരഞ്ഞെടുപ്പ് പ്രചരണം അവസാന ഘട്ടത്തിലേയ്ക്ക് എത്തുകയാണ്. നാട്ടിന്‍പുറങ്ങളിലും നഗരങ്ങളിലും തെരുവീധികള്‍ മുഴുവന്‍ സ്ഥാനാര്‍ഥികളുടെ പോസ്റ്ററുകളാണ്.
ഇതിനിടെ മുഖം ബുർഖ ധരിച്ചു മറച്ച ഒരു മുസ്ലിം വനിതാ സ്ഥാനാര്‍ഥിയുടെ പോസ്റ്റര്‍ പ്രചരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടു.
പ്രചരണം
മലപ്പുറം ജില്ലയിലെ വേങ്ങര ഗ്രാമ പഞ്ചായത്ത് 12)o വാർഡ് യുഡിഎഫ് സ്ഥാനാർഥിയാണിത് എന്ന് സൂചിപ്പിച്ചാണ് പോസ്റ്റര്‍ പ്രചരിപ്പിക്കുന്നത്. പോസ്റ്ററിലെ വാചകങ്ങള്‍ ഇതാണ്: “യുവത്വത്തിൻ്റെ പൊൻതൂവൽ
മലപ്പുറം വേങ്ങര | ഗ്രാമപഞ്ചായത്ത് വാർഡ് 12 UDF സ്ഥാനാര്‍ഥി
ഫാത്തിമ നസീറിനെ വിജയിപ്പിക്കുക”

എന്നാല്‍ ഇത് വ്യാജ പ്രചരണം ആണെന്നും ഇങ്ങനെ ഒരു സ്ഥാനാര്‍ഥി അവിടെ മത്സരിക്കുന്നില്ലെന്നും അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.
വസ്തുത ഇതാണ്
വേങ്ങര വാർഡ് 12ൽ യുഡിഎഫിന് വേണ്ടി മത്സരിക്കുന്ന മുസ്ലിം ലീഗ് സ്ഥാനാർഥി ആരാണ് എന്നറിയാന്‍ ഞങ്ങള്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ വെബ്സൈറ്റിൽ തിരഞ്ഞപ്പോള്‍ യഥാര്‍ത്ഥ സ്ഥാനാര്‍ഥിയുടെ വിശദാംശങ്ങള്‍ ലഭിച്ചു. മുസ്ലിം ലീഗിന് വേണ്ടി ഏണി ചിഹ്നത്തിൽ മത്സരിക്കുന്നത് എൻ ടി മൈമൂനയാണ്. ഇവരുടെ ചിത്രവും മറ്റു വിവരങ്ങളും വെബ്സൈറ്റിലുണ്ട്. സ്വതന്ത്ര സ്ഥാനാർഥിയായി ഉമൈബയും മത്സരിക്കുന്നുണ്ട്.
തെരഞ്ഞെടുപ്പ് കമ്മീഷൻ വെബ്സൈറ്റിൽ സ്ഥാനാര്‍ഥിയുടെ ഫോണ്‍ നമ്പറുണ്ട്. യുഡിഎഫിന് വേണ്ടി മത്സരിക്കുന്ന ഐയുഎംഎൽ സ്ഥാനാർഥി എൻ ടി മൈമൂനയോട് ഞങ്ങള്‍ സംസാരിച്ചു. സമൂഹ മാധ്യമങ്ങളിലേത് വ്യാജ പ്രചരണം മാത്രമാണെന്ന് അവര്‍ വ്യക്തമാക്കി. “എസ് പി ഫാത്തിമ നസീർ എന്ന പേരില്‍ ആരും വേങ്ങരയില്‍ നിന്ന് മത്സരിക്കുന്നില്ല. പ്രചരിക്കുന്ന പോസ്റ്ററുമായി മുസ്ലിം ലീഗിന് യാതൊരു ബന്ധവുമില്ല. ഞാന്‍ നിലവിൽ വാർഡ് 21ലെ മെമ്പറാണ്. ഇത്തവണ വാർഡ് 12ൽ നിന്ന് മത്സരിക്കുന്നു. ഇവിടെയുള്ളവര്‍ക്ക് എന്നെ നന്നായി അറിയാം. ഇത് വ്യാജ പ്രചരണം മാത്രമാണെന്നും അവര്‍ക്ക് അറിയാം”
വേങ്ങര ഗ്രാമ പഞ്ചായത്ത് വാർഡ് 21 പാങ്ങാട്ടുകുണ്ടിലെ മെമ്പറായിരുന്നു എൻ ടി മൈമൂന എന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് വെബ്സൈറ്റില്‍ കാണാം.

മൈമുനയുടെയും മറ്റു യുഡിഎഫ് സ്ഥാനാര്‍ഥികളുടെയും ചിത്രവും വിശദാംശങ്ങളും ഉള്‍പ്പെടുത്തിയ പോസ്റ്ററുകള്‍ കോണ്‍ഗ്രസ് അനുഭാവികള്‍ ഫേസ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്.

നിഗമനം
മലപ്പുറം വേങ്ങര ഗ്രാമപഞ്ചായത്ത് 12-)o വാർഡ് UDF സ്ഥാനാര്‍ഥി ഫാത്തിമ നസീര്‍ മുഖം മറച്ച് ബുര്‍ഖ ധരിച്ച് തെരഞ്ഞെടുപ്പ് പോസ്റ്ററില്‍ പ്രത്യക്ഷപ്പെടുന്നു എന്ന തരത്തില്‍ പ്രചരിക്കുന്ന പോസ്റ്റര്‍ വ്യാജമാണ്. 12-)o വാർഡ് UDF സ്ഥാനാര്‍ഥി എന്‍ ടി മൈമുനയാണ്. ഇവരുടെ ചിത്രങ്ങള്‍ പോസ്റ്ററുകളില്‍ നല്‍കിയിട്ടുണ്ട്.
ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക. വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:
Facebook | Twitter | Instagram | WhatsApp (9049053770)
Title:വേങ്ങരയില്‍ മുഖം മറച്ച് ബുര്‍ഖ ധരിച്ച പോസ്റ്ററുമായി ലീഗ് വനിതാ സ്ഥാനാര്‍ഥി..? പ്രചരിക്കുന്ന പോസ്റ്റര്‍ വ്യാജം…
Fact Check By: Vasuki SResult: False


