ആൽബർട്ട് ഐൻസ്റ്റീൻ ഭഗവദ്ഗീതയെപ്പറ്റി എന്തെങ്കിലും പറഞ്ഞിട്ടുണ്ടോ ..?

ദേശീയം | National

വിവരണം 

സംഘപരിവാർ വാരം എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 ജൂൺ 6 മുതൽ പ്രചരിപ്പിച്ചു വരുന്ന ഒരു പോസ്റ്റിന് ഇതുവരെ 1600 ലധികം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. ലോക പ്രസിദ്ധ ശാസ്ത്രജ്ഞൻ ആൽബർട്ട് ഐൻസ്റ്റിന്‍റെ ചിത്രവും ഒപ്പം അദ്ദേഹത്തിന്റെ പരാമർശം എന്ന പേരിൽ ” ഞാൻ ഭഗവദ്‌ഗീത വായിച്ചപ്പോൾ എങ്ങനെ പ്രപഞ്ചത്തെ സൃഷ്ടിച്ചു എന്ന റിഞ്ഞപ്പോൾ മറ്റെല്ലാ നിര്‍വചനങ്ങളും അനാവശ്യമായി തോന്നി – ആൽബർട്ട് ഐൻസ്റ്റീൻ ” എന്ന വാചകവും പോസ്റ്റിൽ നൽകിയിട്ടുണ്ട്. 

archived linkFB  post

വായനക്കാരിൽ കുറേപ്പേരെങ്കിലും ഇതിനോടകം ഈ പോസ്റ്റ് ശ്രദ്ധിച്ചു കാണും. ഭഗവദ്ഗീതയെപ്പറ്റി ഐൻസ്റ്റീൻ ഇങ്ങനെ പറഞ്ഞത് സത്യമായിരിക്കുമോ എന്നറിയാനുള്ള ആകാംഷ നിങ്ങൾക്ക് ഉണ്ടായിവരികയും ചെയ്തിട്ടുണ്ടാകും. ഏതായാലും നമുക്ക് ഐൻസ്റ്റീൻ ഭഗവദ്‌ഗീത വചനം ഇങ്ങനെ പറഞ്ഞതിന്റെ സത്യാവസ്ഥ അറിഞ്ഞു നോക്കാം. 

വസ്തുതാ വിശകലനം 

ഞങ്ങൾ ഇതു സംബന്ധിച്ചുള്ള കീ വേർഡ്‌സ് ഉപയോഗിച്ച് ഗൂഗിളിൽ തിരഞ്ഞു നോക്കി. ആൽബർട്ട് ഐൻസ്റ്റിന്റെ പരാമർശവും അത് സത്യമാണോ അസത്യമാണോ എന്നുള്ള ചർച്ചകളും അനുമാനങ്ങളും നിറഞ്ഞ നിരവധി ലേഖനങ്ങൾ ഇന്‍റർനെറ്റിൽ പ്രചരിക്കുന്നുണ്ട്. കൂടുതൽ വെബ്‌സൈറ്റുകളും വിശകലനത്തിന് ഒടുവിൽ ഇത് തെറ്റായ വിവരമാണ് എന്നുള്ള നിഗമനത്തിലെത്തുന്നതായും കാണുന്നു. 

 ഏറ്റവും പ്രസക്തമെന്നു തോന്നിയ ചില ചർച്ചകളുടെ വിവരങ്ങൾ ഇവിടെ നൽകുന്നു 

ISKON എന്ന ആത്മീയ സംഘടനയുടെ വെബ്‌സൈറ്റിൽ പ്രിയ സൂത്രധാർ എന്ന ഭക്ത പ്രസിദ്ധീകരിച്ച ഒരു ചെറിയ പ്രധാനം ഇപ്രകാരമാണ് ” ഐൻസ്റ്റീൻ ഭഗവദ്ഗീത വായിച്ചിട്ടുണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു. എന്നാൽ എന്‍റെ സുഹൃത്ത് വിശ്വസിക്കുന്നില്ല. ഐൻസ്റ്റീൻ ഭഗവദ്ഗീതയെപ്പറ്റി പറഞ്ഞ ഒരു പരാമര്‍ശം എന്‍റെ ശ്രദ്ധയിൽ പെട്ടു. ഇതേപ്പറ്റി കൂടുതൽ അന്വേഷിച്ചപ്പോൾ എനിക്ക് കൂടുതൽ തെളിവുകളൊന്നും ലഭിച്ചില്ല. എന്നാൽ ഐൻസ്റ്റീൻ ആത്മീയതയെപ്പറ്റി  പറഞ്ഞ മറ്റു രണ്ടു മൂന്നു പരാമർശങ്ങൾ ലഭിച്ചു. 1972 നവംബർ 28 ന് ന്യൂയോർക്ക് പോസ്റ്റ് പ്രസിദ്ധീകരിച്ചതാണിത്. (1) “മനുഷ്യൻ കാലത്തിന്‍റെയും ഇടത്തിന്‍റെയും ഭാഗമായ നമ്മൾ പ്രപഞ്ചം എന്ന് വിളിക്കുന്ന പൂർണ്ണതയുടെ ഭാഗമാണ്. ചിന്തകളും വികാരങ്ങളും പ്രപഞ്ചത്തിലെ മറ്റുള്ളവയിലേയ്ക്ക് കലർത്താതെ ഒരുതരം മായാലോകത്തിലൂടെയെന്നവണ്ണം അവൻ സ്വാർത്ഥപരമായി സ്വത്വം തേടുന്നു. ഈ മായ യഥാർത്ഥത്തിൽ നമുക്കൊരു കാരാഗൃഹമാണ്. വ്യക്തിപരമായ ആഗ്രഹങ്ങളിലേയ്ക്കും അടുപ്പക്കാരെ മാത്രം സ്നേഹിക്കുന്നതിലേയ്ക്കും നമ്മെയത് ചുരുക്കും. ഈ സുന്ദര പ്രകൃതിയെയും അതിലെ സകല ചരാചരങ്ങളെയും പൂർണ്ണതയോടെ ഉൾക്കൊള്ളുവാനായി നമ്മുടെ മാനസിക വലയം വലുതാക്കുക എന്നതാണ് നമ്മുടെ കർത്തവ്യം. ആർക്കും ഇത് പൂർണ്ണമായി നേടാനാവില്ല.  എങ്കിലും അത്തരം നേട്ടങ്ങൾക്കായി പരിശ്രമിക്കുന്നത് മോചനത്തിനും ആന്തരിക സുരക്ഷയുടെ അടിത്തറ ഉറപ്പിക്കുന്നതിനും സഹായിക്കും.” (2) “ഒരു പ്രശ്നം പരിഹരിക്കാൻ പ്രശ്‍നം സൃഷ്ടിക്കാന്‍ പിന്തുടർന്ന ചിന്താരീതി പര്യാപ്തമാകില്ല” (3) “മതമില്ലാതെ ശാസ്ത്രം അപൂർണ്ണമാണ്‌ ശാസ്ത്രമില്ലാതെ മതം അന്ധമാണ് ” ഇവയല്ലാതെ ഐൻസ്റ്റീൻ ഭഗവദ്ഗീതയെപ്പറ്റി പറഞ്ഞ പരാമർശം ലഭ്യമായില്ല.” 

archived linkiskcon 

കൂടാതെ വിജയകുമാർ എന്ന വ്യക്തി ‘ആൽബർട്ട് ഐൻസ്റ്റീനും ഭഗവദ്‌ഗീതയും’ എന്ന  ഒരു ലേഖനം അദ്ദേഹത്തിൻറെ സ്വന്തം വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജീവിതത്തിന്‍റെ അന്ത്യ ഘട്ടങ്ങളിലാണ് ഐൻസ്റ്റീൻ ഭഗവദ്‌ഗീത പരിചയപ്പെടാൻ ഇടയായത് എന്നാണ് അദ്ദേഹം ലേഖനത്തിൽ പറയുന്നത്. ശാസ്ത്രത്തിന്‍റെ കോണിൽ നിന്നുകൊണ്ട് ഭഗവദ്‌ഗീത പിന്തുടരാനാണ് ഐൻസ്റ്റീൻ ശ്രമിച്ചതെന്നും അതിൽ അദ്ദേഹം പരാജയപ്പെട്ടുവെന്നും ലേഖനം വിശദീകരിക്കുന്നു. ഇതിലും ഭഗവദ്ഗീതയെപ്പറ്റി ഇങ്ങനെ ഒരു പരാമർശം ഐൻസ്റ്റീൻ നടത്തിയതായി പറയുന്നില്ല. 

archived linkvijaykumar

variedessays എന്ന ഒരു ബ്ലോഗിലും ഇതേപ്പറ്റി ഒരു പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. മാർച്ച് 6 ന് എബൌട്ട് ഡോട്ട് കോം എന്ന വെബ്‌സൈറ്റിൽ ശുഭമോയ് ദാസ് എന്ന വ്യക്തി എഴുതിയതിനെ ആധാരമാക്കി ഭഗവദ്‌ഗീതയെപ്പറ്റി മഹാന്മാരുടെ വചനങ്ങൾ  എന്ന പേരിൽ വിക്കിപീഡിയ ഒരു ലേഖനം പ്രസിദ്ധീകരിച്ചിട്ടുള്ളതായി കാണുന്നു എന്ന് പറയുന്നുണ്ട്. എന്നാൽ ഈ ലേഖനം വിശ്വാസ യോഗ്യമല്ലെന്നും ശുഭമോയ് ദാസ് ഈ പരാമർശം എവിടെ നിന്ന് ലഭിച്ചു എന്നുള്ളതിന് തെളിവുകളൊന്നും ഹാജരാക്കിയിട്ടില്ലെന്നും പറയുന്നു. 

archived linkvaried essays

ഐൻസ്റ്റീന്റെ പരാമർശത്തെപ്പറ്റി ചർച്ചചെയ്യുന്ന .wikiquote പരിശോധിക്കുമ്പോൾ ഇത് വ്യാജ പ്രചാരണമാകാനാണ് കൂടുതൽ സാധ്യത എന്ന് എഴുതിയിട്ടുണ്ട്. വാദം സാധൂകരിക്കാൻ അവർ നിരവധി തെളിവുകൾ- ഐൻസ്റ്റീൻ ഇത്തരത്തിൽ പരാമർശം നടത്തിയിട്ടില്ല എന്ന് തെളിയിക്കുന്നവ ലേഖനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 

archived linkwiki quote

ഐൻസ്റ്റീൻ ഇങ്ങനെയൊരു പരാമർശം ഭഗവദ്‌ഗീതയെപ്പറ്റി നടത്തിയെന്നതിന് ആധികാരികമായ തെളിവുകൾ ഒരിടത്തും ലഭ്യമല്ല. ആരെങ്കിലും വ്യാജമായി ചമച്ച വിവരം മറ്റുള്ളവർ വസ്തുതയറിയാതെ  പ്രചരിപ്പിച്ച് ലോകം മുഴുവൻ എത്തിച്ചതാകാം. ഐൻസ്റ്റീന്റെ പേരിൽ വര്ഷങ്ങളായി ഈ പരാമർശം പ്രചരിക്കുന്നുണ്ടെങ്കിലും അദ്ദേഹം എവിടെയെങ്കിലും ഇങ്ങനെ പറഞ്ഞതായോ എഴുതിയിട്ടുള്ളതായോ യാതൊരു രേഖകളുമില്ല 

നിഗമനം 

ആൽബർട്ട് ഐൻസ്റ്റിൻ  ഭഗവദ്‌ഗീതയെപ്പറ്റി പറഞ്ഞിട്ടുള്ളതായി ഈ പോസ്റ്റിൽ  നൽകിയിരിക്കുന്ന വചനം സത്യമാണെന്ന് തെളിയിക്കാൻ കഴിഞ്ഞിട്ടില്ല. ലഭ്യമായ ഒരു രേഖകളിലും ഇത്തരത്തിലൊരു പരാമർശം ഐൻസ്റ്റീൻ നടത്തിയതായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇതേപ്പറ്റി നിരവധിപ്പേർ അന്വേഷണം നടത്തിയെങ്കിലും ഒരിടത്തും ഇങ്ങനൊരു പരാമർശം ഐൻസ്റ്റീന്‍റെതായി ആധികാരികമായി നൽകിയിട്ടില്ല. അതിനാൽ ഐൻസ്റ്റിൻ പറഞ്ഞതായി വിശ്വസിച്ച്  ഈ പരാമർശം മാന്യ വായനക്കാർ പ്രചരിപ്പിക്കാതിരിക്കുക 

Avatar

Title:ആൽബർട്ട് ഐൻസ്റ്റീൻ ഭഗവദ്ഗീതയെപ്പറ്റി എന്തെങ്കിലും പറഞ്ഞിട്ടുണ്ടോ ..?

Fact Check By: Vasuki S 

Result: False