വിവരണം

സിപിഎം നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പാലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ പങ്കാളികളാകാന്‍ മുസ്‌ലിം ലീഗിനെ ക്ഷണിച്ചത് സംബന്ധിച്ച വാര്‍ത്തകളും ചര്‍ച്ചകളും സജീവമായിരുന്നു. എന്നാല്‍ ലീഗ് ഇത് നിരസിച്ചു എന്ന വിവരവും ഔദ്യോഗികമായി അറിയിച്ചിരുന്നു. അതെ സമയം വീണ്ടും ക്ഷമിച്ചാല്‍ റാലിയല്‍ പങ്കെടുക്കുമെന്നും ഒരു തവണ കൂടി വിളിക്കണമെന്നും മുസ്ലീം ലീഗ് ആവശ്യപ്പെട്ടു എന്നാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ പ്രചരണം. ബ്രേക്കിങ് ന്യൂസ് എന്ന് സ്ക്രോള്‍ ചെയ്ത മാതൃഭൂമി ന്യൂസിന്‍റെ സ്ക്രീന്‍ഷോട്ട് ഉപയോഗിച്ച് പോരാളി ഷാജി എന്ന ഗ്രൂപ്പില്‍ അനീഷ് മുക്കം എന്ന വ്യക്തി പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് നിരവധി റിയാക്ഷനുകളും ഷെയറുകളും ലഭിച്ചിട്ടുണ്ട്-

Facebook Post Archived Screenshot

എന്നാല്‍ യഥാര്‍ത്ഥത്തില്‍ മുസ്ലിം ലീഗ് പാലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ വീണ്ടും തങ്ങളെ ക്ഷണിക്കണമെന്ന് സിപിഎമ്മിനോട് ആവശ്യപ്പെട്ടിട്ടുണ്ടോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.

വസ്‌തുത ഇതാണ്

ആദ്യം തന്നെ സിപിഎം ക്ഷണത്തെ നിരസിച്ച മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ പ്രഖ്യാപിച്ച നിലപാട് എന്താണെന്ന് പരിശോധിക്കാം. മംഗംളം ഓണ്‍ലൈന്‍ വാര്‍ത്ത പരിശോധിച്ചതില്‍ നിന്നും കുഞ്ഞാലിക്കുട്ടിയുടെ വാക്കുകള്‍ ഇപ്രകാരമാണ്-

സിപിഎം സംഘടിപ്പിക്കുന്ന പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയിലേക്ക് ക്ഷണിച്ചതിന് നന്ദിയുണ്ട്. റാലി നാന്നായി നടക്കണമെന്നും വിജയിക്കണമെന്നും ആഗ്രഹിക്കുന്നു. എന്നാല്‍ യുഡിഎഫിലെ ഘടകകക്ഷി എന്ന നിലയില്‍ സാങ്കേതികമായി പങ്കെടുക്കാന്‍ കഴിയില്ലായെന്നും നവംബര്‍ 4ന് നടന്ന വാര്‍ത്ത സമ്മേളനത്തില്‍ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. വാര്‍ത്തയുടെ പൂര്‍ണ്ണരൂപം ഇവിടെ വായിക്കാം..

എന്നാല്‍ ഇപ്പോള്‍ വീണ്ടും ലീഗ് നിലപാട് മാറ്റുകയും ഒരിക്കല്‍ കൂടി ക്ഷണിച്ചാല്‍ റാലിയില്‍ പങ്കെടുക്കുമെന്നുമുള്ള പ്രചരണത്തെ കുറിച്ചുള്ള വസ്‌തുത അറിയാന്‍ ഫാക്‌ട് ക്രെസെന്‍ഡോ മലയാളം മുസ്ലീം ലീഗ് സംസ്ഥാന കമ്മിറ്റി ഓഫിസ് പ്രതിനിധിയുമായി ഫോണില്‍ ബന്ധപ്പെട്ടു. വ്യാജ പ്രചരണമാണ് സമൂഹമാധ്യമത്തിലൂടെ നടക്കുന്നതെന്നും ലീഗിന്‍റെ നിലപാടില്‍ മാറ്റമില്ലാ. ഇത് ദേശീയ ജനറല്‍ സെക്രട്ടറി കുഞ്ഞാലിക്കുട്ടി നേരത്തെ തന്നെ അറിയിച്ചതാണെന്നും സിപിഎം സംഘടിപ്പിക്കുന്ന റാലിയില്‍ പങ്കെടുക്കില്ലായെന്നും ലീഗ് പ്രതിനിധി പറഞ്ഞു.

മാതൃഭൂമി ന്യൂസ് ഇത്തരത്തിലൊരു വാര്‍ത്ത നല്‍കിയിട്ടില്ലായെന്നും വ്യാജ സ്ക്രീന്‍ഷോട്ടാണെന്നും മാതൃഭൂമി ന്യൂസ് വെബ്‌ഡെസ്കുമായി ബന്ധപ്പെട്ടതില്‍ നിന്നും സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

നിഗമനം

മുസ്ലീം ലീഗ് സിപിഎം സംഘടപ്പിക്കുന്ന പാലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ പങ്കെടുക്കില്ലായെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണെന്ന് ലീഗ് തന്നെ പ്രതികരിച്ചിട്ടുണ്ട്. മറിച്ചുള്ള പ്രചരണങ്ങള്‍ വ്യാജമാണെന്നും സ്ഥിരീകരിക്കാന്‍ കഴിഞ്ഞു. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് അനുമാനിക്കാം.

Avatar

Title:വീണ്ടും ക്ഷണിച്ചാല്‍ സിപിഎം സംഘടിപ്പിക്കുന്ന പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ പങ്കെടുക്കുമെന്ന് മുസ്‌ലീം ലീഗ് പറഞ്ഞോ? വസ്‌തുത അറിയാം..

Written By: Dewin Carlos

Result: False