വിവരണം

സുരേഷ് ഗോപിയെ കുറിച്ച് സംവിധായകന്‍ ഷാജി കൈലാസ് നടത്തിയ പരാമര്‍ശം എന്ന പേരിലൊരു ഫെയ്‌സ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. പോസ്റ്റിലെ വാചകങ്ങള്‍ ഇങ്ങനെയാണ്-

കമ്മീഷണര്‍ എന്ന സിനിമയോട് കൂടി അവന്‍ പൂര്‍ണ്ണമായും കയ്യില്‍ നിന്നും പോയിരുന്നു. ശാരീരിക ഭാഷയും കൈ കൊണ്ടുള്ള പ്രയോഗങ്ങളും സംസാരവും അടക്കം മൊത്തത്തില്‍ സിനിമ ഏതാ ജീവിതം ഏതാ എന്ന് തിരിച്ചറിയാന്‍ പറ്റാത്ത വിധം സുരേഷ് മാറി പോയി. ഞാന്‍ അത് പലതവണ ചൂണ്ടിക്കാണിച്ചപ്പോള്‍ ഭരത് ചന്ദ്രന്‍ ഉണ്ടാക്കിയ എന്നോട് പോലും ഭരത് ചന്ദ്രന്‍ സ്റ്റൈലില്‍ തട്ടിക്കയറി എന്ന് ഷാജി കൈലാസ് പറഞ്ഞു എന്നതാണ് പോസ്റ്റിന്‍റെ ഉള്ളടക്കം. മനോജ് ഡ‍ി മന്നത്ത് എന്ന ഫെയ്‌സ്ബുക്ക് പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് ഇതുവരെ 199ല്‍ അധികം റിയാക്ഷനുകളും 18ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്-

Facebook Post Archived Screenshot

എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഷാജി കൈലാസ് സുരേഷ് ഗോപിയെ കുറിച്ച് ഇത്തരത്തിലൊരു പ്രതികരണം നടത്തിയിട്ടുണ്ടോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.

വസ്‌തുത ഇതാണ്

ആദ്യം തന്നെ ഷാജി കൈലാസിന്‍റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പ്രൊഫൈല്‍ പരിശോധിച്ചതില്‍ നിന്നും അദ്ദേഹം പ്രചരണത്തില്‍ പ്രതികരിച്ചുകൊണ്ട് ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റ് പങ്കുവെച്ചിട്ടുള്ളതായി കണ്ടെത്താന്‍ കഴിഞ്ഞു. ഷാജി കൈലാസിന്‍റെ പ്രിതകരണം ഇങ്ങനെയാണ്-

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ഞാൻ പറഞ്ഞിട്ടില്ലാത്ത ഒരു കാര്യം പലരും ഷെയർ ചെയ്യുന്നത് കാണുവാൻ ഇടയായി. ഒന്നോർക്കുക.. കമ്മീഷണറിൽ തുടങ്ങിയതല്ല ഞാനും സുരേഷും തമ്മിലുളള ആത്മബന്ധം. സിനിമയിലേക്ക് വന്ന അന്ന് മുതൽ ഞങ്ങൾ സുഹൃത്തുക്കളാണ്. എന്റെ ആദ്യ ചിത്രത്തിൽ നായകൻ സുരേഷായിരുന്നു. ഇനി എന്റെ അടുത്ത ചിത്രത്തിലും സുരേഷ് തന്നെയാണ് നായകൻ. ഞങ്ങൾക്കിടയിൽ ഇണക്കങ്ങളും പിണക്കങ്ങളും ഉണ്ടാകാറുണ്ട്. അതിന്റെ ആഴവും വ്യാപ്തിയും എന്താണെന്ന് ഞങ്ങൾ രണ്ടുപേർക്കും അറിയാം. അന്നും ഇന്നും സഹജീവി സ്നേഹമുള്ള നല്ലൊരു വ്യക്തിത്വത്തിന് ഉടമയാണ് അവനെന്ന് എനിക്കറിയാം. അവന്റെ രാഷ്ട്രീയവും എന്റെ രാഷ്ട്രീയവും വ്യത്യസ്തമാണ്. പക്ഷേ ഞങ്ങളുടെ സഹോദരതുല്യമായ സുഹൃത്ബന്ധം രാഷ്ട്രീയത്തിന് അതീതമാണ്. അതിന് നശിപ്പിക്കുവാൻ സാധിക്കുകയില്ല. ഇത്തരത്തിൽ വ്യാജമായ വാർത്തകൾ നിർമ്മിക്കുന്നതിലൂടെ ആനന്ദം കൊള്ളുന്നവർ ദയവായി ഇത്തരം പ്രവർത്തികൾ നിർത്തുക. മാനസികമായി ഏറെ വേദന ഉളവാക്കുന്ന ഒന്നാണിത്.

പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം-

Facebook Post

നിഗമനം

അതായത് ഷാജി കൈലാസ് തന്നെ പ്രചരണം വ്യാജമാണെന്നും താന്‍ ഇത്തരത്തില്‍ സുരേഷ് ഗോപിക്കെതിരെ ഒരു പരാമര്‍ശങ്ങളും നടത്തിയിട്ടില്ലായെന്ന് പ്രതികരിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് അനുമാനിക്കാം.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

Avatar

Title:ഷാജി കൈലാസ് സുരേഷ് ഗോപിക്കെതിരെ ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടുണ്ടോ? വസ്‌തുത അറിയാം..

Written By: Dewin Carlos

Result: False