ഒക്‌ടോബർ 7 ന് ഗാസയിൽ നിന്ന് ഹമാസ് ഇസ്രയേലിലേക്ക് അപ്രതീക്ഷിതമായി ഒരു സൈനിക ആക്രമണം നടത്തി, തുടര്‍ന്ന് ഇസ്രായേലിൽ നിന്നുള്ള പ്രത്യാക്രമണങ്ങള്‍ക്കും ഗാസയിലേക്കുള്ള അവശ്യവസ്തുക്കളുടെ പൂർണ്ണമായ ഉപരോധത്തിനും ലോകം സാക്ഷ്യം വഹിച്ചു. സംഘർഷത്തിൽ മരിച്ചവരുടെ എണ്ണം 4000 കടന്നതായി ഔദ്യോഗിക വൃത്തങ്ങൾ സൂചിപ്പിക്കുന്നു. ഹമാസ്-ഇസ്രയേല്‍ സംഘര്‍ഷം തുടരുന്നതിനിടെ അറബ് രാഷ്ട്രങ്ങള്‍ പാലസ്തീന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് രംഗത്തെത്തിയിരുന്നു. അതേസമയം ഇന്ത്യയുടെ പിന്തുന്ന ഇസ്രയേലിനാണ്. ഇതിനിടെ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി ഇന്ത്യന്‍ മുസ്ലിങ്ങളെ കുറിച്ച് നടത്തിയ പരാമര്‍ശം എന്ന പേരില്‍ ഒരു പ്രസ്താവന സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നുണ്ട്.

പ്രചരണം

ഖത്തര്‍ അമീറിന്‍റെ ചിത്രവും ഒപ്പം അദ്ദേഹത്തിന്‍റെ പരാമര്‍ശമായി, ഇന്ത്യയിലെ മുസ്ലിമുകൾ ഒന്നും തന്നെ യഥാർത്ഥ മുസ്ലിം അല്ല ഇവരുടെ പൂർവികർ ഹിന്ദുക്കളാണ് മതം മാറിയ ഇന്ത്യയിലെ മുസ്ലീങ്ങൾ ഞങ്ങളുടെ കാര്യത്തിൽ അഭിപ്രായം പറയാൻ വരരുത് ഖത്തർ ഭരണാധികാരി” എന്ന വാചകങ്ങളും അടങ്ങിയ പോസ്റ്റര്‍ ആണ് പ്രചരിപ്പിക്കുന്നത്.

FB postarchived link

എന്നാല്‍ പ്രചരണം തെറ്റാണെന്നും ഖത്തര്‍ അമീറിന്‍റെ 2017-ലെ പ്രസംഗം ദുര്‍വ്യാഖ്യാനം ചെയ്തതാണെന്നും അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.

വസ്തുത ഇതാണ്

ഞങ്ങള്‍ ബന്ധപ്പെട്ട കീ വേര്‍ഡ്സ് ഉപയോഗിച്ച് തിരഞ്ഞപ്പോള്‍ ഫലസ്തീനികളുടെ അടിച്ചമർത്തലിനെക്കുറിച്ച് അമീർ സംസാരിക്കുന്ന ഒരു വീഡിയോ ലഭിച്ചു. ഈ വീഡിയോ ദൃശ്യങ്ങളുപയോഗിച്ച് ഖത്തര്‍ അമീര്‍ ഇന്ത്യയിലെ മുസ്ലിങ്ങള്‍ക്കെതിരെ ഇങ്ങനെ പരാമര്‍ശം നടത്തിയെന്ന് മറ്റ് ഭാഷകളില്‍ പ്രചരണമുണ്ട്. അവിടെ നിന്നുമാകാം മലയാളത്തിലും പ്രചരണമുണ്ടായത്. 2017 മെയ് മാസത്തിൽ ദോഹ ഫോറത്തിൽ പലസ്തീനികള്‍ നേരിടുന്ന അടിച്ചമർത്തലിനെക്കുറിച്ച് അമീർ സംസാരിക്കുന്നത് വീഡിയോ ദൃശ്യങ്ങളില്‍ കാണാം.

തെറ്റായ അവകാശവാദം ഉന്നയിക്കാൻ വീഡിയോയുടെ അടിക്കുറിപ്പുകൾ തെറ്റായി വിവർത്തനം ചെയ്തിരിക്കുകയാണ്. 'ഖത്തർ അമീർ: ഫലസ്തീൻ പ്രശ്നം വേരോടെ പിഴുതെറിയപ്പെട്ട ഒരു ജനതയുടെ പ്രശ്‌നമാണ്' എന്ന തലക്കെട്ടോടെയാണ് ദൃശ്യങ്ങള്‍ പങ്കിട്ടത്. അവരുടെ ഭൂമിയിൽ നിന്നും അവരുടെ ജന്മനാട്ടിൽ നിന്നും കുടിയിറക്കപ്പെട്ടു'

'വികസനം, സ്ഥിരത, അഭയാർത്ഥി പ്രശ്നങ്ങൾ' എന്ന മുദ്രാവാക്യമുയർത്തി ഖത്തർ തലസ്ഥാനത്ത് നടന്ന പതിനേഴാമത് ദോഹ ഫോറത്തിൽ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുടെ പ്രസംഗം-അറബിയിൽ വീഡിയോയുടെ വിവരണം ഇങ്ങനെയായിരുന്നു. 'ദോഹ ഫോറം 2017 ഓപ്പണിംഗ് സെഷൻസ്' എന്ന തലക്കെട്ടോടെ ദോഹ ഫോറത്തിന്‍റെ ഔദ്യോഗിക ചാനൽ 2017 മെയ് 14-ന് വീഡിയോ അപ്‌ലോഡ് ചെയ്തിട്ടുണ്ട്.

നയരൂപീകരണക്കാരുമായി ആഗോള പ്രാധാന്യമുള്ള പ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്നതിനായി സംഘടിപ്പിച്ച ആഗോള പ്ലാറ്റ്‌ഫോമായ ദോഹ ഫോറത്തിന്‍റെ ഉദ്ഘാടന സെഷന്‍റെ പൂർണരൂപം വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 17-ാമത് ദോഹ ഫോറം 2017 മെയ് 14, 15 തീയതികളിൽ നടന്നു, അതിൽ അമീർ പ്രഭാഷണം നടത്തിയിരുന്നു.

അമീർ പറയുന്നത് ഇങ്ങനെ: "പലസ്തീനിയൻ പ്രശ്നം അവരുടെ ഭൂമിയിൽ നിന്ന് പുറത്താക്കപ്പെടുകയും അവരുടെ രാജ്യത്ത് നിന്ന് പലായനം ചെയ്യുകയും ചെയ്ത ആളുകളുടെ ദുരവസ്ഥയാണ്. ക്ലിപ്പിൽ ഇന്ത്യൻ മുസ്ലീങ്ങളെക്കുറിച്ചോ നിലവിലുള്ള ഇസ്രായേൽ-ഹമാസ് സംഘർഷത്തിൽ അവരുടെ പങ്കാളിത്തത്തെക്കുറിച്ചോ യാതൊരു പരാമർശവുമില്ല.

വേറെ എവിടെയെങ്കിലും ഖത്തര്‍ അമീര്‍ ഇങ്ങനെയൊരു പരാമര്‍ശം നടത്തിയതായി റിപ്പോര്‍ട്ടുകളില്ല.

നിഗമനം

പോസ്റ്റിലെ പ്രചരണം പൂര്‍ണ്ണമായും തെറ്റാണ്. ഇന്ത്യയിലെ മുസ്ലിങ്ങള്‍ യഥാര്‍ത്ഥ മുസ്ലിംങ്ങള്‍ അല്ലെന്നും അവര്‍ അഭിപ്രായം പറയാന്‍ വരേണ്ടെന്നും ഖത്തര്‍ അമീര്‍ പരാമര്‍ശം നടത്തി എന്നുള്ള പ്രചരണം യാതൊരു അടിസ്ഥാനവുമില്ലാത്തതാണ്.

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:ഇന്ത്യയിലെ മുസ്ലിങ്ങള്‍ യഥാര്‍ത്ഥ മുസ്ലിങ്ങളല്ലെന്ന് ഖത്തര്‍ ഭരണാധികാരി പറഞ്ഞതായി വ്യാജ പ്രചരണം...

Written By: Vasuki S

Result: False