വിവരണം

ലോക്‌സഭ തെരഞ്ഞെടുപ്പിന് തയ്യാറെടുത്തുകൊണ്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ എല്ലാം തന്നെ സജീവമായ പ്രവര്‍ത്തനത്തിന് ആഹ്വാനം ചെയ്ത് കഴിഞ്ഞു. ഇതോടനുബന്ധിച്ച് രാഷ്ട്രീയ പ്രചരണ പരിപാടികളും ആരംഭിച്ചിട്ടുണ്ട്. കേരളത്തില്‍ കാര്യമായ നേട്ടങ്ങളുണ്ടാക്കാന്‍ സാധിക്കാതിരുന്ന ബിജെപി ഇത്തവണ വലിയ പ്രതീക്ഷയോടെയാണ് തെരഞ്ഞെടുപ്പിന് നോക്കി കാണുന്നത്. ഇതിന് മുന്നോടിയായി തൃശൂര്‍ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകാന്‍ സാധ്യതയുള്ള സുരേഷ് ഗോപിക്ക് വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പടെയുള്ളവര്‍ പങ്കെടുത്ത് റോഡ് ഷോയും പൊതുയോഗവും എല്ലാ സംഘടിപ്പിച്ചിരുന്നു.

എന്നാല്‍ ഇപ്പോള്‍ ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒരു പ്രസ്താവന നടത്തിയെന്ന തരത്തില്‍ ഒരു പോസ്റ്റര്‍ സമൂഹമാധ്യമത്തില്‍ വ്യാപകമായി പ്രചരിക്കുകയാണ്. ബീഫ് കഴിക്കുന്നവരുടെ വോട്ട് ബിജെപിക്ക് വേണ്ട എന്ന് ശോഭ സുരേന്ദ്രന്‍ പറഞ്ഞു എന്നതാണ് പ്രചരണം. മറുനാടന്‍ മലയാളി നല്‍കിയ ന്യൂസ് കാര്‍‍ഡ് എന്ന തരത്തിലാണ് ഈ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. അരുന്ധതി സഖാവ് എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് നിരവധി റിയാക്ഷനുകളും ഷെയറുകളും ലഭിച്ചിട്ടുണ്ട്-

Facebook Post Archived Screenshot

എന്നാല്‍ യഥാര്‍ത്ഥത്തില്‍ ‌ശോഭ സുരേന്ദ്രന്‍ ഇത്തരത്തില്‍ ഒരു പ്രസ്താവന നടത്തിയിട്ടുണ്ടോ? വസ്തുത അറിയാം..

വസ്‌തുത ഇതാണ്

ആദ്യം തന്നെ ശോഭ സുരേന്ദ്രനുമായി ഫാക്‌ട് ക്രെസെന്‍ഡോ മലയാളം ഫോണില്‍ ബന്ധപ്പെട്ട് പ്രചരണത്തെ കുറിച്ച് അന്വേഷിച്ചു. അവര്‍ നല്‍കിയ മറുപടി ഇപ്രകാരമാണ്-

2016 നിയമസഭ തെരഞ്ഞെടുപ്പ് സമയത്ത് സിപിഎം സൈബര്‍ സംഘം തന്‍റെ പേരില്‍ പ്രചരിപ്പിച്ച വ്യാജ പോസ്റ്ററാണിത്. ഇത്തരത്തിലൊരു പ്രസ്താവനയും നടത്തിയിട്ടില്ലാ. അന്ന് തന്നെ ഇതിനെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോയിരുന്നു. കുപ്രചരണങ്ങള്‍ നടത്തിയാല്‍ കര്‍ശന നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു.

ബീഫ് കഴിക്കുന്നവരുടെ വോട്ട് എന്ന് കീ വേര്‍ഡ് ഉപയോഗിച്ച് ഗൂഗിള്‍ സെര്‍ച്ച് ചെയ്തതില്‍ നിന്നും രണ്ട് വാര്‍ത്ത റിപ്പോര്‍ട്ടുകള്‍ കണ്ടെത്താന്‍ കഴിഞ്ഞു. ഒന്ന് ദ് ഹിന്ദു ബീഫ് വിഷയത്തില്‍ ശോഭ സുരേന്ദ്രന്‍ 2015ല്‍ നടത്തിയ പ്രസ്താവനയെ കുറിച്ച് നല്‍കിയ വാര്‍ത്തയാണ്. ബീഫ് കേരളത്തില്‍ വില്‍ക്കുന്നതിലോ കഴിയുന്നതിനോ യാതൊരു വിലക്കുകളും ഏര്‍പ്പെടുത്തണമെന്ന് ബിജെപി ആവ്ശ്യപ്പെട്ടിട്ടില്ലാ. ബീഫ് കഴിക്കുന്നതിനോട് തനിക്ക് വിയോജിപ്പില്ലാ. എന്നാല്‍ രാഷ്ട്രീയ മുതലെടുപ്പിനായി വിദ്യാര്‍ത്ഥികളെ ഉപയോഗിച്ച് ഇടത് വിദ്യാര്‍ത്ഥി-യുവജന സംഘടനകള്‍ ബീഫ് ഫെസ്റ്റ് നടത്തുന്നതിനോട് യോജിപ്പില്ലാ. കുട്ടികള്‍ വരുന്നത് പഠിക്കാനാണ് ബീഫ് ഫെസ്റ്റ് നടത്താനല്ലായെന്നും ബിജെപിയോ സംഘപരിവാറോ സംസ്ഥാനത്തെ ബീഫ് വിപണനത്തിനും ഉപയോഗത്തിനുമെതിരെ യാതൊരു പ്രതിഷേധവും സംഘടപ്പിച്ചിട്ടില്ലായെന്നും മറിച്ചുള്ളതെല്ലാം രാഷ്ട്രീയ മുതലെടുപ്പാണെന്നും ശോഭ സുരേന്ദ്രന്‍ മാധ്യമങ്ങളോട് പ്രതികരിച്ചതായി ദ് ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു (ഒക്ടോബര്‍ 15, 2015)

ദ് ഹിന്ദു വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട് -

The Hindu Article

പിന്നീട് മറുനാടന്‍ മലായാളി ഓണ്‍ലൈന്‍ ശോഭയുടെ പേരില്‍ പ്രചരിക്കുന്ന വ്യാജ പ്രസ്താവനയെ കുറിച്ച് 2016 മാര്‍ച്ച് 10ല്‍ പങ്കുവെച്ച വാര്‍ത്ത റിപ്പോര്‍ട്ടും കണ്ടെത്താന്‍ കഴിഞ്ഞു. ബീഫ് കഴിക്കുന്നവരുടെ വോട്ട് ബിജെപിക്ക് വേണ്ട എന്ന് ശോഭ സുരേന്ദ്രന് പറഞ്ഞതായി ഇക്കുറി ഏഷ്യാനെറ്റ് ന്യൂസിന്‍റെ ലോഗോ ദുരുപയോഗം ചെയ്ത് പ്രചരണം.. പോലീസില്‍ പരാതി നല്‍കി ബിജെപി നേതാവ്.. എന്നാണ് മറുനാടന്‍ മലയാളി വാര്‍ത്തയ്ക്ക് നല്‍കിയിരിക്കുന്ന തലക്കെട്ട്. മറുനാടന്‍ മലയാളിയുടെ പേരിലാണ് ആദ്യം ശോഭയുടെ പ്രസ്താവന എന്ന തരത്തില്‍ വ്യാജ പ്രചരണം നടന്നതെന്നും ഇതിന് പിന്നാലെയാണ് ഏഷ്യാനെറ്റിന്‍റെ പേരിലും പ്രചരണമെന്ന് വാര്‍ത്തയില്‍ വിശദീകരിക്കുന്നുണ്ട്. ഇതോടെ ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍ പോലീസില്‍ പരാതി നല്‍കിയതായും മറുനാടന്‍ മലയാളി റിപ്പോര്‍ട്ട് ചെയ്തു.

മറുനാടന്‍ മലയാളി ഓണ്‍ലൈന്‍ നല്‍കിയ വാര്‍ത്തയുടെ പ്രസക്തഭാഗം (സ്ക്രീന്‍ഷോട്ട് )-

Marunadan Malayalee Article

നിഗമനം

ബീഫ് കഴിക്കുന്നവരുടെ വോട്ട് ബിജെപിക്ക് വേണ്ടയെന്ന് ശോഭ സുരേന്ദ്രന്‍ പ്രസ്താവന നടത്തിയിട്ടില്ലായെന്നും മറുനാടന്‍ മലയാളിയുടെ പേരില്‍ പ്രചരിക്കുന്ന ന്യൂസ് കാര്‍ഡ‍് വ്യാജമാണെന്നും ഞങ്ങളുടെ അന്വേഷണത്തില്‍ നിന്നും വ്യക്തമായിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് അനുമാനിക്കാം.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

Avatar

Title:ബീഫ് കഴിക്കുന്നവരുടെ വോട്ട് ബിജെപിക്ക് വേണ്ട എന്ന് ശോഭ സുരേന്ദ്രന്‍ പ്രസ്താവന നടത്തിയിട്ടില്ലാ.. വസ്‌തുത അറിയാം..

Written By: Dewin Carlos

Result: False