വിവരണം

കേരളത്തില്‍ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കാതെ യുഡിഎഫിന് വോട്ട് ചെയ്യാന്‍ എസ്‌ഡിപിഐ ആഹ്വാനം ചെയ്തിരുന്നു. ഇതെ തുടര്‍ന്ന് വലിയ വിമര്‍ശനങ്ങളും ചര്‍ച്ചകളും കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെയും യു‍ഡിഎഫ് മുന്നണിക്കുമെതിരെ നടക്കുകയും ചെയ്തു. ദേശീയ തലത്തില്‍ എസ്‌ഡിപിഐ പിന്തുണയെ രാഷ്ട്രീയമായി ഉപയോഗിക്കാന്‍ ബിജെപിയും മുന്നോട്ട് വന്നു. അതെ സമയം എസ്‌ഡിപിഐ പിന്തുണ വേണ്ടയെന്ന നിലപാടാണ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ സ്വീകരിച്ചത്. എന്നാല്‍ ഇപ്പോള്‍ എസ്‌ഡിപിഐ പിന്തുണയെ ചൊല്ലി വലിയ തര്‍ക്കങ്ങളും വിവാദങ്ങളും പ്രചരണങ്ങളുമാണ് സമൂഹമാധ്യമങ്ങളില്‍ നടക്കുന്നത്. യു‍ഡിഎഫ് വടകര സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിന്‍റെ പ്രചരണത്തില്‍ വീഴ്ച്ച പറ്റിയെന്നും പ്രചരണ ചുമതല ചില മതതീവ്രവാദ ഗൂപ്പുകളില്‍ ഒതുങ്ങി ഇപ്പോള്‍ നടക്കുന്നത് തീവ്ര വര്‍ഗീയ പ്രചാരണങ്ങളാണെന്നും യുഡിഎഫ് പിന്തുണയില്‍ വടകരിയില്‍ വിജയിച്ച ആര്‍എംപി നേതാവ് കൂടിയായ കെ.കെ.രമ പറഞ്ഞു എന്നതാണ് പ്രചരണം.

വടകര ലോകസഭാ മണ്ഡലം യു ഡി എഫ് ചുമതലയുള്ള കെ.കെ രമക്ക് ഒടുവിൽ തുറന്നു പറയേണ്ടി വന്നു....

വടകരയിൽ ഇപ്പോൾ നടക്കുന്നത് ആശയപ്രചാരണമല്ല എസ്ഡിപിഐയും, വർഗ്ഗീയ ലീഗും, ജമാഅത്തെ ഇസ്ലാമിയും നടത്തുന്ന തീവ്രവർഗ്ഗീയ പ്രചാരണമെന്ന്...

പ്രചാരണ ചുമതല യു ഡി എഫിൽ നിന്ന് കൈവിട്ടു പോയി പകരം ചില മത തീവ്രവാദ ഗ്രൂപ്പുകൾ കൈയ്യടക്കി...

പ്രിയപ്പെട്ട കെ കെ രമയോടാണ് വടകരയിലെ വോട്ടർമാർ വെറും വിഡ്ഢികളല്ല അവർ എല്ലാം തിരിച്ചറിയുന്നുണ്ട് നാളെ അവർ ഇതിനൊക്കെ മറുപടി പറയും ....

ലോകം ആദരിച്ച ടീച്ചറമ്മയെ തെറി പറഞ്ഞതിന്, അപവാദം പ്രചരിപ്പിച്ചതിന്, ലൈഗികാധിക്ഷേപം നടത്തിയതിന്, മോർഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ചതിന്....

ഓർത്തു വച്ചോളൂ വർഗ്ഗീയ വാദികളെ ടീച്ചറമ്മയുടെ വടകര നാളെ നിങ്ങൾക്കെതിരെ വിധിയെഴുതും..

എന്ന തലക്കെട്ട് നല്‍കി ശങ്കരന്‍കുട്ടി മൂക്കനാത്ത് എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും മനോരമ ന്യൂസിന്‍റെ ന്യൂസ് കാര്‍ഡ് എന്ന പേരില്‍ പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് ഇതുവരെ നിരവധി റിയാക്ഷനുകളും ഷെയറുകളും ലഭിച്ചിട്ടുണ്ട്-

Facebook Post Archived Screenshot

എന്നാല്‍ യഥാര്‍ത്ഥത്തില്‍ കെ.കെ.രമ ഷാഫി പറമ്പിലിന്‍റെ തെരഞ്ഞെടുപ്പ് പ്രചരണത്തിനെതിരെ ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടുണ്ടോ? മനോരമ ന്യൂസ് നല്‍കിയ വാര്‍ത്ത ന്യൂസ് കാര്‍ഡ് തന്നെയാണോ പ്രചരിക്കുന്നത്? വസ്‌തുത എന്താണെന്ന് പരിശോധിക്കാം.

വസ്‌തുത ഇതാണ്

ആദ്യം തന്നെ വടകര എംഎല്‍എ കെ.കെ.രമയുമായി ഫാക്‌ട് ക്രെസെന്‍ഡോ മലയാളം ഫോണില്‍ ബന്ധപ്പെട്ടു. പ്രചരണം ശ്രദ്ധിയില്‍പ്പെട്ടു എന്നും താന്‍ ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടില്ലായെന്നും നിയമ നടപടി സ്വീകരിക്കുമെന്നും വിഷയം മനോരമ ന്യൂസിന്‍റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും കെ.കെ.രമ പ്രതികരിച്ചു.

പിന്നീട് മനോരമ ന്യൂസിന്‍റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജ് പരിശോധിച്ചതില്‍ നിന്നും വ്യാജ പ്രചരണമാണ് മനോരമ ന്യൂസിന്‍റെ പേരില്‍ നടക്കുന്നതെന്ന് സ്ഥിരീകിരിച്ച് അവര്‍ ഒരു പ്രതികരണ പോസ്റ്റ് പങ്കുവെച്ചിട്ടുള്ളതായും കണ്ടെത്താന്‍ കഴിഞ്ഞു. മനോരമ ന്യൂസിന്‍റെ പേരില്‍ വ്യാജ പ്രചരണം.. നിയമനടപടി തുടങ്ങി.. എന്നാമ് മനോരമ ന്യൂസിന്‍റെ പ്രതികരണം.

മനോരമ ന്യൂസ് ഫെയ്‌സ്ബുക്ക് പോസ്റ്റ്-

Manorama News FB Post Archived Screenshot

നിഗമനം

വടകര എംഎല്‍എ കെ.കെ.രമ തന്നെ പ്രസ്താവന വ്യാജമാണെന്ന് പ്രതികരിച്ചിട്ടുണ്ട്. മനോരമ ന്യൂസും പ്രചരിക്കുന്ന ന്യൂസ് കാര്‍ഡ് വ്യാജമാണെന്നും സ്ഥിരീകരിച്ചു. അതുകൊണ്ട് തന്നെ പ്രചരണം പൂര്‍ണ്ണമായും വ്യാജമാണെന്ന് അനുമാനിക്കാം.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

Avatar

Title:ഷാഫി പറമ്പിലിനെതിരെ കെ.കെ.രമയുടെ പ്രസ്താവന എന്ന ഈ പ്രചരണം വ്യാജം; പ്രചരിക്കുന്നത് വ്യാജ ന്യൂസ് കാര്‍ഡ്.. വസ്‌തുത അറിയാം..

Fact Check By: Dewin Carlos

Result: False