FACT CHECK – മുസ്‌ലിം ലീഗ് പിരിച്ചു വിടുമെന്ന കെപിഎ മജീദ് പറഞ്ഞതായി മാതൃഭൂമിയുടെ പേരില്‍ പ്രചരിക്കുന്നത് വ്യാജ സ്ക്രീന്‍ഷോട്ട്..

രാഷ്ട്രീയം | Politics

വികാരപരിതനായി കെ.പി.എ.മജീദ്.. ഇനിയും എന്ന തോല്‍പ്പിച്ചാല്‍ മുസ്‌ലിം ലീഗ് പിരിച്ചു വിടുമെന്ന് തുറന്നടിച്ചു.. എന്ന തലക്കെട്ട് നല്‍കി മാതൃഭൂമി ന്യൂസിന്‍റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത വാര്‍ത്തയെന്ന പേരില്‍ ഒരു സ്ക്രീന്‍ഷോട്ട് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഷക്കീര്‍ പുത്തന്‍പള്ളി എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 85ല്‍ അധികം റിയാക്ഷനുകളും 35ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്.

Facebook PostArchived Link

എന്നാല്‍ മുസ്‌ലിം ലീഗ് നേതാവ് കെ.പി.എ.മജീദ് ഇത്തരത്തിലൊരു പരാമര്‍ശം നടത്തിയിട്ടുണ്ടോ? അതെ കുറിച്ച് മാതൃഭൂമിയില്‍ വന്നെ വന്ന വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ടാണോ പോസ്റ്റിലുള്ളത്? വസ്‌തുത പരിശോധിക്കാം.

വസ്‌തുത വിശകലനം

മലുപ്പുറത്തെ മുസ്‌ലിം ലീഗ് ആസ്ഥാനം മുഖേന കെപിഎ മജീദുമായി ഞങ്ങളുടെ പ്രതിനിധി ഫോണില്‍ ബന്ധപ്പെട്ടു. താന്‍ ഇത്തരത്തിലൊരു പ്രസ്‌താവന നടത്തിയിട്ടില്ലെന്നും ചാനലില്‍ ഇത്തരമൊരു വാര്‍ത്ത വന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും കെപിഎ മജീദ് പറഞ്ഞു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയ എതിരാളികള്‍ വ്യാജ പ്രചരണവുമായി രംഗത്ത് വന്നിട്ടുള്ളതിന്‍റെ തെളിവാണിതെന്നും അദ്ദേഹം പറ‍ഞ്ഞു.

മലപ്പുറം തിരൂരങ്ങാടിയില്‍ മുസ്‌ലിം ലീഗ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച കെപിഎ മജീദിനെതിരെ പ്രാദേശിക ലീഗ് നേതൃത്വം രംഗത്ത് വന്നതായി വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ഇതിനിടയില്‍ മാതൃഭൂമി ഇത്തരത്തിലൊരു വാര്‍ത്ത ഓണ്‍ലൈനില്‍ നല്‍കിയിട്ടുണ്ടോ എന്ന് അറിയാന്‍ എറണാകുളം മാതൃഭൂമി വെബ്‌‍‍ഡെസ്‌കുമായി ഞങ്ങളുടെ പ്രതിനിധി ഫോണില്‍ ബന്ധപ്പെട്ടു. എന്നാല്‍ ഇത്തരത്തിലൊരു വാര്‍ത്ത മാതൃഭൂമി ഓണ്‍ലൈനായി നല്‍കിയിട്ടില്ലെന്ന് പരിശോധിച്ച ശേഷം അവര്‍ അറിയിച്ചു. ചാനലിലിന്‍റെ ലോഗി എഡിറ്റ് ചെയ്ത് ഉപയോഗിച്ചുള്ള വ്യാജ പ്രചരണമാകും ഇതെന്നും വെബ്‌ഡെസ്‌ക് പ്രതിനിധി വിശദീകരിച്ചു. മറ്റ് മാധ്യമങ്ങളിലും ഇത്തരത്തില്‍ മുസ്‌ലിം ലീഗ് പിരിച്ചു വിടുമെന്ന് കെപിഎ മജീദ് പറഞ്ഞതായി വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലന്നും സ്ഥീരീകരിക്കാന്‍ കഴിഞ്ഞു.

നിഗമനം

കെപിഎ മജീദ് ഇത്തരത്തിലൊരു പരാമര്‍ശം നടത്തിയിട്ടില്ലെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കി. മാതൃഭൂമി ന്യൂസിന്‍റെ ലോഗോ എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുന്ന വ്യാജ സ്ക്രീന്‍ഷോട്ടാണിതെന്നും മാതൃഭൂമി ഓണ്‍ലൈന്‍ വെബ്‌ഡെസ്‌ക് അധികൃതര്‍ വ്യക്തമാക്കി. അതുകൊണ്ട് തന്നെ പോസ്റ്റ് പൂര്‍ണ്ണമായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Avatar

Title:മുസ്‌ലിം ലീഗ് പിരിച്ചു വിടുമെന്ന കെപിഎ മജീദ് പറഞ്ഞതായി മാതൃഭൂമിയുടെ പേരില്‍ പ്രചരിക്കുന്നത് വ്യാജ സ്ക്രീന്‍ഷോട്ട്..

Fact Check By: Dewin Carlos 

Result: False