FACT CHECK: ‘ആത്മഹത്യ ഭീഷണിയുമായി കെപിഎ മജീദ്’ എന്നൊരു വാർത്ത മാതൃഭൂമി ചാനൽ പ്രസിദ്ധീകരിച്ചിട്ടില്ല; ഇത് വ്യാജ സ്ക്രീൻഷോട്ട് ആണ്
പ്രചരണം
വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ വരുന്ന നിയമസഭാ തെരെഞ്ഞെടുപ്പിലേയ്ക്കായി സ്ഥാനാര്‍ഥികളെ ഒരുവിധം പൂര്‍ണ്ണമായി പ്രഖ്യാപിച്ചു കഴിഞ്ഞു. ഇതിനിടെ ചില നേതാക്കള്‍ സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ തൃപ്തരല്ല എന്നാ മട്ടില്‍ ചില വാര്‍ത്തകള്‍ പുറത്തു വരുന്നുണ്ട്. യു ഡി എഫിന്‍റെ സഖ്യകക്ഷിയായ മുസ്ലിം ലീഗ് ഏതാണ്ട് മുഴുവന്‍ സ്ഥാനാര്‍ഥികളെയും പ്രഖ്യാപിച്ചു കഴിഞ്ഞു.
സ്ഥാനാർഥികളിൽ പലരും സീറ്റ് മോഹവുമായി പല നാടകങ്ങളും കാണിക്കുന്നു എന്ന മട്ടിൽ ചില പ്രചരണങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ നടക്കുന്നുണ്ട്. ഇത്തരത്തിൽ മുസ്ലിം ലീഗ് നേതാവ് കെ പി എ മജീദിനെ കുറിച്ച് പ്രചരിക്കുന്ന ഒരു വാർത്തയാണ് ഇവിടെ നൽകിയിട്ടുള്ളത്. മാതൃഭൂമിയുടെ ഫേസ്ബുക്ക് പേജിന്‍റെ സ്ക്രീൻഷോട്ട് രൂപത്തിലാണ് വാർത്ത പ്രചരിക്കുന്നത്.
അണികളുടെ പ്രതിഷേധം: കെപിഎ മജീദ് മാധ്യമങ്ങളെ കാണുന്നു വികാരഭരിതനായി വിങ്ങിപ്പൊട്ടി മുസ്ലിംലീഗ് നേതാവ് എന്ന വിവരണവും, ഒപ്പമുള്ള മാതൃഭൂമി വാർത്താ ചാനലിന്‍റെ സ്ക്രീൻ ഷോട്ടിൽ നൽകിയിരിക്കുന്ന വാചകം ഇതാണ് ആത്മഹത്യ ഭീഷണിയുമായി കെ പി എ മജീദ്. അദ്ദേഹത്തിന്‍റെ ചിത്രവും ഒപ്പം നൽകിയിട്ടുണ്ട്. സ്ഥാനാർത്ഥികൾ വികാരഭരിതമായ സംസാരിക്കുന്നത് ഈ തെരഞ്ഞെടുപ്പിന്‍റെ ഒരു ട്രെൻഡ് ആണ് എന്ന മട്ടിലാണ് അടിക്കുറിപ്പ് നൽകിയിരിക്കുന്നത്. ഫാക്ട് ക്രെസണ്ടോ ഈ പ്രചരണത്തെ കുറിച്ച് അന്വേഷിച്ചു. ഇത് വെറും വ്യാജപ്രചരണം മാത്രമാണ് എന്ന് ഞങ്ങൾക്ക് വ്യക്തമായി
വസ്തുത ഇതാണ്
ഞങ്ങൾ ഫേസ്ബുക്കിൽ നോക്കിയപ്പോൾ നിരവധിപേർ ഈ പ്രചാരണം നടത്തുന്നതായി കണ്ടെത്തി. ഉടനെ ഞങ്ങൾ മാതൃഭൂമിയുടെ ഫേസ്ബുക്ക് പേജ് പരിശോധിച്ചെങ്കിലും ഇത്തരത്തിലൊരു വാർത്ത കാണാൻ സാധിച്ചില്ല. ഇനി പ്രസിദ്ധീകരിച്ചശേഷം നീക്കം ചെയ്ത വാർത്തയോ മറ്റോ ആണോ ഇത് എന്ന് അറിയാനായി ഞങ്ങൾ മാതൃഭൂമി ഓഫീസുമായി ബന്ധപ്പെട്ടു. സീനിയർ റിപ്പോർട്ടറായ സി കെ വിജയൻ ഞങ്ങൾക്ക് തന്ന മറുപടി ഇതാണ് “ഇങ്ങനെയൊരു വാർത്ത മാതൃഭൂമി പ്രസിദ്ധീകരിച്ചിട്ടില്ല ഇത് മാതൃഭൂമിയുടെ ഫോണ്ടും അല്ല. മാത്രമല്ല അക്ഷരതെറ്റുകളോടെയാണ് ഈ സ്ക്രീൻഷോട്ട് പ്രചരിക്കുന്നത്. ഒറ്റനോട്ടത്തിൽ തന്നെ മാതൃഭൂമിയുടെ സ്ക്രീൻഷോട്ട് അല്ല ഇതെന്ന് വ്യക്തമായി പറയാൻ സാധിക്കും. യഥാർത്ഥ സ്ക്രീൻഷോട്ട് എടുത്ത് നോക്കിയാൽ തന്നെ ഈ വ്യത്യാസം ആർക്കും മനസ്സിലാക്കാവുന്നതേയുള്ളൂ ഈയൊരു വാർത്തയുടെ പ്രചാരണത്തിന് മാതൃഭൂമിക്ക് യാതൊരു പങ്കുമില്ല”
പിന്നീട് മാതൃഭൂമി ചാനല്‍ അധികൃതര്‍ തന്നെ ഈ സ്ക്രീന്‍ഷോട്ട് വ്യാജമാണ് എന്ന് അറിയിപ്പ് നല്‍കിയിരുന്നു.
അവരുടെ ഫേസ്ബുക്ക് പേജിലും ഈ അറിയിപ്പ് നല്‍കിയിട്ടുണ്ട്.
തുടര്‍ന്ന് ഞങ്ങൾ കെ പി എ മജീദ് മായി സംസാരിച്ചു അദ്ദേഹം പറഞ്ഞത് ഇങ്ങനെ: “വെറും വ്യാജപ്രചരണമാണ് നടത്തുന്നത്. ഇതിനെതിരെ നിയമ നടപടി സ്വീകരിക്കാനാണ് തീരുമാനം. ആത്മഹത്യാഭീഷണി എന്നൊരു കാര്യം ഞാൻ അറിഞ്ഞിട്ടു പോലുമില്ല” ഇതാണ് അദ്ദേഹം നല്‍കിയ മറുപടി.
ഞങ്ങളുടെ അന്വേഷണത്തിൽ ഇത് വെറും വ്യാജപ്രചാരണം മാത്രമാണെന്ന് വ്യക്തമായിട്ടുണ്ട്
നിഗമനം
പോസ്റ്റിലെ പ്രചരണം പൂർണ്ണമായും തെറ്റാണ്. മാതൃഭൂമിയുടെ വ്യാജ സ്ക്രീൻഷോട്ടില്‍ വ്യാജവാർത്ത പ്രചരിപ്പിക്കുകയാണ് ചെയ്യുന്നത്. മാതൃഭൂമി ചാനലിന് ഈ വാർത്തയിൽ യാതൊരു പങ്കുമില്ല എന്ന് അവർ അറിയിച്ചിട്ടുണ്ട്.
Title:‘ആത്മഹത്യ ഭീഷണിയുമായി കെപിഎ മജീദ്’ എന്നൊരു വാർത്ത മാതൃഭൂമി ചാനൽ പ്രസിദ്ധീകരിച്ചിട്ടില്ല; ഇത് വ്യാജ സ്ക്രീൻഷോട്ട് ആണ്
Fact Check By: Vasuki SResult: False