
വിവരണം
സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഹിന്ദു സമുദായത്തെ പുകഴ്ത്തി പറഞ്ഞു എന്ന വിവരണത്തോടെ ഒരു പ്രചരണം സാമൂഹ്യ മാധ്യമങ്ങളില്‍ നടക്കുന്നുണ്ട്. അദ്ദേഹത്തിന്‍റെ ചിത്രത്തോടൊപ്പം നല്‍കിയിരിക്കുന്ന വാചകങ്ങള്‍ ഇങ്ങനെയാണ്: ലോകത്ത് എല്ലാ രാജ്യങ്ങളിലും ഹിന്ദു സമൂഹം ജീവിക്കുന്നുണ്ട്. എന്നാൽ അവർ ഏതെങ്കിലും രാജ്യത്ത് കലാപമുണ്ടാക്കുകയോ മതത്തിന്റെ പേരിൽ ചാവേറാക്രമണം നടത്തി എന്നോ എവിടെയെങ്കിലും കേട്ടിട്ടുണ്ടോ കേൾക്കില്ല അവർ ഏത് രാജ്യത്താണോ ജീവിക്കുന്നത് ആ രാജ്യത്തിന്‍റെ നിയമങ്ങൾ അനുസരിച്ച് ജീവിക്കുന്നു. സൗദി രാജകുമാരന്‍ “
ഇതിനു മുമ്പ് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനെ കുറിച്ച് പ്രചരിച്ച ഒരു വാര്‍ത്തയുടെ മുകളില്‍ ഞങ്ങള്‍ വസ്തുത അന്വേഷണം നടത്തിയിരുന്നു.
അന്നത്തെ പ്രചരണം ഇതായിരുന്നു: ഇന്ത്യയിലാണെങ്കിൽ, മുസ്ലീങ്ങൾ ‘ജയ് ശ്രീറാം’ മുദ്രാവാക്യം വിളിക്കാൻ നിർബന്ധിതരാകുന്നു; സൗദി അറേബ്യയിൽ താമസിക്കുന്ന എല്ലാ ഹിന്ദുക്കളും ഇസ്ലാം മതം സ്വീകരിക്കാൻ ഞാൻ അവരെ നിർബന്ധിക്കുകയും അവരുടെ വിസ റദ്ദാക്കുകയും ചെയ്യുമെന്ന് സൗദി അറേബ്യയിലെ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ. ഇങ്ങനെയൊരു പരാമര്‍ശം അദ്ദേഹം ഒരിക്കലും നടത്തിയിട്ടില്ലായിരുന്നു. അന്ന് അദ്ദേഹത്തെ പറ്റി യുണ്ടായിരുന്ന പ്രചാരണത്തിന് നേരെ വിപരീതമായി അദ്ദേഹം ഹിന്ദുക്കളെ അനുകൂലിക്കുന്ന പരാമര്‍ശം നടത്തി എന്നാണ് ഇപ്പോഴത്തെ പ്രചരണം

എന്നാല്‍ പോസ്റ്റിലെ പ്രചരണം തെറ്റാണെന്ന് ഫാക്റ്റ് ക്രെസണ്ടോ കണ്ടെത്തി. നമുക്ക് വിശദാംശങ്ങള്‍ നോക്കാം
വസ്തുതാ വിശകലനം
പ്രചരണം ഫേസ്ബുക്കില്‍ വ്യാപകമായി നടക്കുന്നുണ്ട്.

ഞങ്ങള്‍ ദേശീയ മാധ്യമങ്ങളിലും അതുപോലെ തന്നെ പ്രമുഖ അറബ് മാധ്യമങ്ങളിലും ഈ വാര്‍ത്ത തിരഞ്ഞു. എന്നാല്‍ ഇങ്ങനെയൊരു വാര്‍ത്തയോ സമാനമായതോ ഒന്നും മാധ്യമങ്ങളില്‍ കാണാന്‍ കഴിഞ്ഞില്ല.
2019 ഫെബ്രുവരിയില്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. ഇന്ത്യയുമായുള്ള ബന്ധം നിലനിര്‍ത്തണമെന്നും മെച്ചപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
മികവുറ്റ രാഷ്ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും നേതൃത്വത്തില്‍ ഇന്ത്യക്കും സൗദി അറേബ്യക്കും വേണ്ടി നല്ല കാര്യങ്ങള്‍ ചെയ്യാനാവുമെന്ന് വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 70 വര്‍ഷമായി സൗദി അറേബ്യയുടെ വികസനത്തില്‍ ഇന്ത്യക്ക് നിര്‍ണ്ണായക പങ്കുണ്ട്. ഞാന്‍ മോഡിയെ ഒരു ജേഷ്ഠ സഹോദരനെ പോലെ ബഹുമാനിക്കുന്നു. തീവ്രവാദവും ഭീകരവാദവുമാണ് നമ്മുടെ പൊതുവായ ആശങ്കകൾ” ഇങ്ങനെയുള്ള കാര്യങ്ങളാണ് അന്ന് അദ്ദേഹം പറഞ്ഞത്.
അല്ലാതെ ഹിന്ദു മത വിശ്വാസികളെ അനുകൂലിക്കുന്ന തരത്തില്‍ യാതൊന്നും അദ്ദേഹം പറഞ്ഞിട്ടില്ല. അദ്ദേഹം ഇതര മതത്തെ കുറിച്ച് ഇത്തരത്തില്‍ എന്തെങ്കിലും പരാമര്‍ശം നടത്തുകയാണെങ്കില്‍ അത് തീര്‍ച്ചയായും അന്താരാഷ്‌ട്ര തലത്തില്‍ ശ്രദ്ധ നേടുമായിരുന്നു. എന്നാല്‍ മാധ്യമങ്ങളൊന്നും തന്നെ ഇങ്ങനെയൊരു വാര്‍ത്ത നല്‍കിയിട്ടില്ല.
ബ്ലൂംബെര്‍ഗ് മാഗസിന്‍ അദ്ദേഹത്തെ പറ്റി ഈയിടെ തയ്യാറാക്കിയ ഒരു ലേഖനത്തില്‍ അദ്ദേഹത്തിന്‍റെ പുരോഗമന ചിന്തയും ഭരണ പാടവത്തെയും കുറിച്ച് പറയുന്നുണ്ട്. ചില ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അവര്‍ ഇക്കാര്യം പറഞ്ഞിരിക്കുന്നത്. എന്നാല്‍ അതിലും പോസ്റ്റില്‍ നല്‍കിയിരിക്കുന്ന പോലെ യാതൊരു പരാമര്‍ശങ്ങളുമില്ല.
മുഹമ്മദ് ബിന്‍ സല്‍മാന് ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡില്‍ ഇല്ല. അതിനാല്‍ സാമൂഹ്യ മാധ്യമങ്ങളില്‍ അദ്ദേഹം നേരിട്ട് ഇങ്ങനെ ഒരു പരാമര്‍ശം പങ്കുവയ്ക്കാന്‍ ഇടയില്ല. പോസ്റ്റില്‍ അദ്ദേഹത്തിന്‍റെതായി പ്രചരിക്കുന്നത് വ്യാജ പരാമര്‍ശം ആണെന്ന് ഉറപ്പിക്കാം
നിഗമനം
സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍റെ പേരില്‍ പോസ്റ്റില്‍ നല്‍കിയിരിക്കുന്ന പരാമര്‍ശം തെറ്റാണ്. അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടതായി ഔദ്യോഗികമായി രേഖകള്‍ ഒന്നുമില്ല. ഇതിനു മുമ്പ് ഹിന്ദുക്കള്‍ക്ക് എതിരെ പരാമര്‍ശം നടത്തി എന്ന രീതിയില്‍ അദ്ദേഹത്തിന്‍റെതായി വ്യാജ പ്രചരണം പ്രചരിച്ചിരുന്നു.

Title:സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍റെ പേരില്‍ പ്രചരിക്കുന്നത് വ്യാജ പരാമര്‍ശമാണ്…
Fact Check By: Vasuki SResult: False
