മണിപ്പൂരില്‍ നിന്നും പുറത്തു വന്നുകൊണ്ടിരിക്കുന്ന സംഘര്‍ഷ-അതിക്രമ സംഭവങ്ങളില്‍ കേന്ദ്ര സര്‍ക്കാരിനും സംസ്ഥാനത്തെ ഭരണപക്ഷമായ ബിജെപി സർക്കാരിനുമെതിരെ രാജ്യമെമ്പാടും ജനരോഷം ശക്തമാണെങ്കിലും സംഭവത്തിൽ ഇതുവരെ ഒരു രാഷ്ട്രീയ പാര്‍ട്ടികളെയും പ്രതിചേര്‍ത്ത് കുറ്റപത്രം വന്നിട്ടില്ല. സംഘര്‍ഷത്തിന്‍റെ വീഡിയോകളും വാര്‍ത്തകളും മണിപ്പൂരില്‍ നിന്നും ഇടയ്ക്കിടെ വരുന്നുണ്ട് എങ്കിലും ആക്രമത്തിന്‍റെ തീവ്രത രാജ്യം അറിഞ്ഞത് കുക്കി ഗോത്രത്തില്‍ പെട്ട രണ്ടു സ്ത്രീകളെ വഴിനീളെ ലൈംഗികമായി ഉപദ്രവിച്ച് നഗ്നരാക്കി പരേഡ് നടത്തിയ വീഡിയോ വെളിയില്‍ വന്നപ്പോഴാണ്. പ്രതികളെ പോലീസ് പിടികൂടി എന്ന വാര്‍ത്തയും പിന്നാലെ വന്നു.

ഇതിനിടെ ആര്‍‌എസ്‌എസ് ഗണവേഷം ധരിച്ച രണ്ടു പേരുടെ ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രതികളുടെ ചിത്രങ്ങളാണ് എന്ന മട്ടില്‍ രാഷ്ട്രീയ നേതാക്കള്‍ അടക്കം പങ്കുവച്ചിരുന്നു

പ്രചരണം

മണിപ്പൂര്‍ ബിജെപി ഉപാധ്യക്ഷന്‍റെയും മകന്‍റെയും ചിത്രമാണ് പോലീസ് പിടികൂടിയ പ്രതികള്‍ എന്ന പേരില്‍ പ്രചരിക്കുന്നത്. ഇരുവരും ആര്‍‌എസ്‌എസ് ഗണവേഷമാണ് ധരിച്ചിരിക്കുന്നത്. “സദാ വത്സലേ മാതൃഭോഗമേ

ആളെ പിടികിട്ടിയോ മണിപ്പൂരികൾ ആണ് ഇതിൽ ഒരുവനെ ആണ് ഇന്നലെ അറസ്റ്റ് ചെയ്തത്”

FB postarchived link

സംസ്ഥാനത്ത് സ്ത്രീകള്‍ക്ക് നേരെയുണ്ടായ ലൈംഗികാതിക്രമത്തിനും കൂട്ടബലാത്സംഗത്തിനും നഗ്നരാക്കിയുള്ള പരേഡിനും പിന്നിൽ ബിജെപി-ആർഎസ്എസ് ആണെന്ന് അവകാശപ്പെട്ടുകൊണ്ടാണ് ചിത്രം പ്രചരിപ്പിക്കുന്നത്.

എന്നാല്‍ തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണമാണ് ഇതെന്നും ചിത്രത്തില്‍ കാണുന്ന വ്യക്തികള്‍ പ്രതിപ്പട്ടികയില്‍ ഇല്ലെന്നും അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.

വസ്തുത ഇങ്ങനെ

ചിത്രത്തിന്‍റെ വിശദാംശങ്ങള്‍ തിരഞ്ഞപ്പോള്‍ ബി‌ജെ‌പി മണിപ്പൂര്‍ സംസ്ഥാന ഉപാധ്യക്ഷന്‍ ചിദാനന്ദ സിംഗും അദ്ദേഹത്തിന്‍റെ മകന്‍ സച്ചിദാനന്ദ സിംഗുമാണ് ഇവര്‍ എന്ന സൂചന ലഭിച്ചു. ഇവര്‍ മണിപ്പൂര്‍ അതിക്രമ കേസ് പ്രതിപ്പട്ടികയില്‍ ഇല്ല. തന്‍റെയും മകന്‍റെയും ചിത്രം മണിപ്പൂര്‍ കലാപവുമായി ബന്ധപ്പെടുത്തി അനാവശ്യമായി സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നു എന്ന് ചിദാനന്ദ സിംഗ് പോലീസില്‍ പരാതി നല്‍കിയിരുന്നു. പരാതിയുടെ കോപ്പിയും പോലീസ് നടപടി സ്വീകരിക്കാന്‍ തയ്യാറാക്കിയ എഫ്‌ഐ‌ആറിന്‍റെ കോപ്പിയും ചിദാനന്ദ സിംഗ് ട്വിറ്റര്‍ ഹാന്‍റിലില്‍ നല്‍കിയിട്ടുണ്ട്.

https://twitter.com/ChChidananda/status/1683364867175235585

പ്രമുഖ രാഷ്ട്രീയ പാര്‍ട്ടി നേതാവിന്‍റെയും മകന്‍റെയും ചിത്രം മണിപ്പൂര്‍ കലാപത്തിലെ പ്രതികള്‍ എന്ന മട്ടില്‍ പ്രചരിപ്പിക്കുന്നതിനെതിരെ പരാതി ലഭിച്ചുവെന്നും എഫ്‌ഐ‌ആര്‍ ഇട്ടുവെന്നും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി മണിപ്പൂര്‍ പോലീസ് ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ അറിയിപ്പ് നല്‍കിയിട്ടുണ്ട്.

കൂടാതെ ട്വിറ്ററിലെ ദുഷ്പ്രചരണത്തിനെതിരെ ചിദാനന്ദ സിംഗ് നല്കിയ മറുപടി കാണാം. മറുപടിയെ തുടര്‍ന്ന് ട്വീറ്റ് നീക്കം ചെയ്തിട്ടുണ്ട്.

സ്ത്രീകളെ നഗ്നരാക്കി നടത്തി അതിക്രമം കാണിച്ച കേസില്‍ ഇതുവരെ അഞ്ചു പേരെ അറസ്റ്റ് ചെയ്തുവെന്ന് മണിപ്പൂര്‍ പോലീസ് ട്വീറ്റ് ചെയ്തിട്ടുണ്ട്.

മണിപ്പൂര്‍ ബി‌ജെ‌പി ഉപാദ്ധ്യക്ഷന്‍റെയും മകന്‍റെയും ചിത്രം മണിപ്പൂര്‍ കലാപവുമായി തെറ്റായി ബന്ധപ്പെടുത്തി പ്രചരിപ്പിക്കുകയാണെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

നിഗമനം

പോസ്റ്റിലെ പ്രചരണം തെറ്റാണ്. ചിത്രത്തില്‍ ആര്‍‌എസ്‌എസ് ഗണവേഷത്തില്‍ നില്‍ക്കുന്നത് മണിപ്പൂര്‍ ബി‌ജെ‌പി ഉപാദ്ധ്യക്ഷന്‍ ചിദാനന്ദ സിംഗും അദ്ദേഹത്തിന്‍റെ മകന്‍ സച്ചിദാനന്ദ സിംഗുമാണ്. ഇവരുടെ ചിത്രം ദുരുപയോഗം ചെയ്ത് മണിപ്പൂര്‍ കലാപവുമായി ബന്ധപ്പെടുത്തി പ്രചരിപ്പിക്കുകയാണ്. ഇതിനെതിരെ മണിപ്പൂര്‍ പോലീസ് എഫ്‌ഐ‌ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:മണിപ്പൂരില്‍ സ്ത്രീകളെ നഗ്നരാക്കി പരേഡ് നടത്തിയ കേസില്‍ പോലീസ് പിടിയലായവര്‍ എന്നു ദുഷ്പ്രചരണം... ചിത്രം ബി‌ജെ‌പി സംസ്ഥാന ഉപാദ്ധ്യക്ഷന്‍ മകനുമൊത്തുള്ളത്...

Written By: Vasuki S

Result: False