FACT CHECK: സുന്ദരയ്ക്കു കോഴ നൽകിയതായി തെളിഞ്ഞാൽ സുരേന്ദ്രനെതിരെ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ ടിക്കാറാം മീണ പറഞ്ഞുവെന്ന് വ്യാജ പ്രചരണം…

പ്രാദേശികം | Local രാഷ്ട്രീയം | Politics

പ്രചരണം 

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ മഞ്ചെശ്വരത്ത് മത്സരിക്കുന്ന വേളയില്‍ എതിര്‍ സ്ഥാനാര്‍ഥിയായിരുന്ന സുന്ദരയ്ക്ക് സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ പണം നല്‍കി എന്നൊരു ആരോപണം ഉണ്ടാവുകയും അതിന്മേല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിടുകയും ചെയ്തു എന്ന വാര്‍ത്ത രണ്ട് ദിവസമായി മാധ്യമങ്ങളിലുണ്ട്. 

ഇതുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നടക്കുന്ന ഒരു പ്രചാരണത്തെ കുറിച്ചാണ് നമള്‍ ഇവിടെ ചര്‍ച്ച ചെയ്യാന്‍ പോകുന്നത്. ഈ സംഭവത്തെ കുറിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണയുടെ ഒരു പരാമര്‍ശമാണ് വൈറലായി പ്രചരിക്കുന്നത്. അത് ഇങ്ങനെയാണ്: മത്സരത്തിൽ നിന്നും പിൻമാറാൻ സുന്ദരയ്ക്കു കോഴ നൽകിയതായി തെളിഞ്ഞാൽ സുരേന്ദ്രനെതിരെ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ ടിക്കാറാം മീണ. ആറുവർഷം വരെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്നും വിലക്കേർപ്പെടുത്തി ആകുന്ന കുറ്റമാണ് കോഴ നൽകൽ എന്നും ടിക്കാറാം മീണ.

archived linkFB post

പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കാന്‍ തുടങ്ങുന്ന വേളയില്‍ സംസ്ഥാന തെരെഞ്ഞെടുപ്പ് കമ്മീഷണര്‍ ഇങ്ങനെയൊരു പരാമര്‍ശം ഈ വിഷയത്തില്‍ നടത്തിയോ എന്ന് ഞങ്ങള്‍ വിശദമായി അന്വേഷിച്ചു. ടിക്കാറാം മീണ ഇത്തരത്തില്‍ യാതൊരു പരാമര്‍ശവും നടത്തിയിട്ടില്ല എന്ന് കണ്ടെത്തി.

വസ്തുത ഇതാണ് 

ഞങ്ങള്‍ ടിക്കാറാം മീണ ഇങ്ങനെയൊരു പരാമര്‍ശം നടത്തിയോ എന്നറിയാന്‍ ആദ്യം മാധ്യമ വാര്‍ത്തകള്‍ പരിശോധിച്ചു നോക്കി. എന്നാല്‍ കെ സുരേന്ദ്രന്‍ വിഷയവുമായി ബന്ധപ്പെട്ട് ടിക്കാറാം മീണ എന്തെങ്കിലും പരാമര്‍ശം നടത്തിയതായി യാതൊരു വാര്‍ത്തകളും ഇല്ല. 

ടിക്കാറാം മീണയ്ക്ക് സജീവ സാമൂഹ്യ മാധ്യമ അക്കൌണ്ടുകള്‍ ഉള്ളതായും കാണാന്‍ കഴിഞ്ഞില്ല. അതിനാല്‍ വാര്‍ത്തയുടെ വസ്തുതയ്ക്കായി ഫാക്റ്റ് ക്രെസണ്ടോ ടിക്കാറാം മീണയുമായി ബന്ധപ്പെട്ടു. അദ്ദേഹം ഞങ്ങളുടെ പ്രതിനിധിയെ അറിയിച്ചത് ഇങ്ങനെയാണ്: “ഇത് തെറ്റായ പ്രചാരണമാണ്. ഇതൊക്കെ വെറും സാമൂഹ്യ മാധ്യമ സൃഷ്ടിയാണ്. ഇത്തരം കേസുകള്‍ കോടതികളാണ് കൈകാര്യം ചെയ്യുക. ഈ കേസ് കോടതിയുടെ പരിഗണനയിലാണ്. ഇന്ത്യന്‍ പീനല്‍ കോഡ് പ്രകാരം കൈക്കൂലി കുറ്റകരമാണ്. ഇത് അന്വേഷിക്കുന്നത് തെരഞ്ഞെടുപ്പ് കമ്മീഷനല്ല. ഈ വിഷയത്തില്‍ ഡിജിപി, ജില്ലാ കളക്റ്റര്‍ എന്നിവരുടെ റിപ്പോര്‍ട്ട് വേണ്ടതുണ്ട്. കൂടുതല്‍ എന്തെങ്കിലും അറിയണമെങ്കില്‍ ഡിജിപിയുടെ റിപ്പോര്‍ട്ട് ആണ് അന്വേഷിക്കേണ്ടത്.  അതാണ്‌ സാധാരണയായുള്ള നടപടി. കാസര്‍ഗോഡ്‌ വിവാദം, ഹെലികോപ്റ്റര്‍ സംഭവം അതുപോലെയുള്ള എന്തുതന്നെയായാലും തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ ഓരോ സ്ഥാനാര്‍ഥിയും തെരഞ്ഞെടുപ്പ് ചെലവ് ഹാജരാക്കേണ്ടതുണ്ട്. ഫയല്‍ ചെയ്യുന്ന വിവരങ്ങളില്‍ തെറ്റുണ്ടെന്നോ വ്യാജ വിവരങ്ങളാണെന്നോ കമ്മീഷന് ബോധ്യപ്പെട്ടാല്‍ തെരഞ്ഞെടുപ്പില്‍ വിലക്ക് പോലുള്ള നടപടികള്‍ നേരിടേണ്ടി വരും എന്നത് വസ്തുതയാണ്. കോടതി വിധി പ്രതീക്ഷിക്കുന്ന ഈ സംഭവത്തില്‍ ഞാന്‍ ഇങ്ങനെ യാതൊരു പരാമര്‍ശവും നടത്തിയിട്ടില്ല.”

മഞ്ചേശ്വരം ബിജെപി സ്ഥാനാര്‍ഥി ആയിരുന്ന കെ സുരേന്ദ്രന്‍ മറ്റൊരു സ്ഥാനാര്‍ഥിക്ക് കോഴ നല്‍കി എന്ന പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്ത സംഭവത്തില്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണ കെ സുരേന്ദ്രനെതിരെ നടപടി സ്വീകരിക്കും എന്ന് പറഞ്ഞതായി പ്രചരിക്കുന്ന പരാമര്‍ശം വ്യാജമാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്.

നിഗമനം

പോസ്റ്റിലെ പ്രചരണം പൂര്‍ണ്ണമായും തെറ്റാണ്. മറ്റൊരു സ്ഥാനാര്‍ഥിക്ക് കോഴ നല്‍കിയ കേസില്‍ കെ സുരേന്ദ്രനെതിരെ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണ പറഞ്ഞുവെന്നത് വെറും വ്യാജ പ്രചരണം മാത്രമാണ്. ഇത്തരത്തില്‍ യാതൊരു പരാമര്‍ശവും നടത്തിയിട്ടില്ല എന്ന് ടിക്കാറാം മീണ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. 

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:സുന്ദരയ്ക്കു കോഴ നൽകിയതായി തെളിഞ്ഞാൽ സുരേന്ദ്രനെതിരെ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ ടിക്കാറാം മീണ പറഞ്ഞുവെന്ന് വ്യാജ പ്രചരണം…

Fact Check By: Vasuki S 

Result: False