
വിവരണം
Biju Marathaka എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും എന്റെ രക്തം കോൺ ഗ്രസ്സ് എന്ന ഗ്രൂപ്പിലേയ്ക്ക് 2019 ഒക്ടോബർ 29 മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്. “ഇതല്ലേ അതിന്റെ ശരി” എന്ന അടിക്കുറിപ്പിൽ പോസ്റ്റിൽ നൽകിയിരിക്കുന്നത് മലയാള ചലച്ചിത്ര നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസന്‍റെ കമ്മ്യൂണിസത്തെ പറ്റിയുള്ള ഒരു പ്രസ്താവനയാണ്. “കൂറ് ചൈനയോട്..ചികിത്സ അമേരിക്കയിൽ.. തെണ്ടാൻ ഗൾഫ് നാട്..നശിപ്പിക്കാൻ കേരളവും … ഇതാണ് കമ്മ്യുണിസം..നടൻ ശ്രീനിവാസൻ”

archived link | FB page |
കമ്മ്യുണിസത്തെപ്പറ്റി ശ്രീനിവാസൻ പോസ്റ്റിൽ നൽകിയിരിക്കുന്നത് പോലെ പ്രസ്താവന നടത്തി എന്നാണ് അവകാശപ്പെടുന്നത്. നമുക്ക് ഇതേപ്പറ്റി ഒന്ന് അന്വേഷിച്ചു നോക്കാം.
വസ്തുതാ അന്വേഷണം
ഞങ്ങൾ ഇതേ വാർത്തയുടെ കീ വേര്‍ഡ്സ് ഉപയോഗിച്ച് മാധ്യമങ്ങളുടെ വെബ്‌സൈറ്റുകളിൽ വാർത്ത തിരഞ്ഞു. കമ്മ്യൂണിസവുമായി ബന്ധപ്പെട്ട പരാമർശങ്ങളെ ചൊല്ലി ശ്രീനിവാസനെ കുറിച്ച് പ്രചരിക്കുന്ന വാർത്തകളൊന്നും സത്യമല്ലെന്ന് ശ്രീനിവാസൻ തന്നെ വിശദീകരണം നൽകിയതായി വൺ ഇന്ത്യ മലയാളം 2015 നവംബർ 3 ന് ഒരു വാർത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്.

archived link | malayalam.oneindia |
അല്ലാതെ ഒരു മാധ്യമവും ശ്രീനിവാസൻ കമ്മ്യൂണിസത്തെ പറ്റി എതിരായി പറഞ്ഞതായി വാർത്ത നൽകിയിട്ടില്ല.
തുടർന്ന് ഞങ്ങൾ വാർത്തയുടെ സ്ഥിരീകരണത്തിനായി നടൻ ശ്രീനിവാസനെ തന്നെ നേരിട്ട് സമീപിച്ചു. അദ്ദേഹം ഞങ്ങളുടെ പ്രതിനിധിക്ക് നൽകിയ വിശദീകരണം ഇങ്ങനെയാണ്.

“ഇതൊന്നും എന്‍റെ പ്രസ്താവനകളല്ല. എന്‍റെ പേരിൽ കാലങ്ങളായി പ്രചരിപ്പിക്കുന്ന കാര്യമാണ് കമ്യുണിസത്തിനെതിരെ ഞാൻ മോശമായി പറയുന്നു എന്നത്. എന്‍റെ പേരിൽ വ്യാജ ഐഡികളും അഭിപ്രായങ്ങളും പ്രചരിക്കാൻ തുടങ്ങിയപ്പോൾ ഇതുവരെ ഫേസ്‌ബുക്ക് അക്കൗണ്ട് ഇല്ലാത്ത ഞാൻ ഫേസ്‌ബുക്കിൽ അക്കൗണ്ട് തുടങ്ങി. എനിക്ക് പറയാനുള്ളത് ഞാൻ ഇനി മുതൽ അതിലൂടെ പറയും. എന്റെ പേരിൽ ഏറ്റവും കൂടുതൽ പ്രചരിക്കുന്നത് ഞാൻ കമ്മ്യുണിസത്തിനെതിരെ അഭിപ്രായങ്ങൾ പറയുന്നു എന്നാണ്. ആരാണിത് പ്രചരിപ്പിക്കുന്നത് എന്നും എന്താണ് അവരുടെ ഉദ്ദേശമെന്നും എനിക്കറിയില്ല.”
തന്‍റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിനെ പറ്റിയും തനിക്കെതിരെ നടക്കുന്ന പ്രചരണങ്ങളെ പറ്റിയും അദ്ദേഹം അതിൽ നേരിട്ട് വിവരിക്കുന്നുണ്ട്
archived link | FB sreenivasan |
ശ്രീനിവാസന്‍റെ പേരിൽ പ്രചരിക്കുന്ന ഏതാനും പോസ്റ്റുകളുടെ വസ്തുതാ അന്വേഷണം നടത്തി ഞങ്ങൾ ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. അവ താഴെയുള്ള ലിങ്കുകൾ സന്ദർശിച്ചു വായിക്കാവുന്നതാണ്.
കേരളത്തിലെ വോട്ടര്‍മാര്‍ക്കെതിരെ നടന്‍ ശ്രിനിവാസന്‍ ഇങ്ങനെയൊരു പ്രസ്താവന നടത്തിയോ?
ദുരിതാശ്വാസമെന്നാൽ ദുരിതം ജനങ്ങൾക്കും ആശ്വാസം സർക്കാരിനുമാണെന്ന് ശ്രീനിവാസൻ പറഞ്ഞിരുന്നോ..?
നിഗമനം
ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത പൂർണ്ണമായും തെറ്റാണ്. തന്‍റെ പേരിൽ പ്രചരിക്കുന്ന വ്യാജ പ്രചാരണമാണിതെന്ന് നടൻ ശ്രീനിവാസൻ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ തെറ്റായ വാർത്ത പ്രചരിപ്പിക്കുന്ന ഈ പോസ്റ്റ് ഷെയർ ചെയ്യരുതെന്ന് മാന്യ വായനക്കാരോട് അഭ്യർത്ഥിക്കുന്നു

Title:കമ്മ്യുണിസത്തെ പറ്റി നടൻ ശ്രീനിവാസൻ ഇങ്ങനെ പറഞ്ഞിരുന്നോ…?
Fact Check By: Vasuki SResult: False
